മുംബൈ: സീസണിലെ രണ്ടാം സെഞ്ചുറിയുമായി റൺമല തീർത്ത ജോസ് ബട്‌ലർ, ഹാട്രിക് അടക്കം ഒറ്റ ഓവറിൽ മത്സരത്തിന്റെ ഗതി മാറ്റിമറിച്ച യുവ്വേന്ദ്ര ചെഹൽ, അവസാന ഓവർ വരെ ആവേശം നിറഞ്ഞ മത്സരത്തിൽ കൊൽക്കത്തയെ ഏഴ് റൺസിന് കീഴടക്കി രാജസ്ഥാന് ത്രസിപ്പിക്കുന്ന ജയം.

ആറ് വിക്കറ്റുകൾ ശേഷിക്കെ നാല് ഓവറിൽ 40 റൺസ് മാത്രം ജയത്തിന് വേണ്ടിയിരുന്ന കൊൽക്കത്തയെ പതിനേഴാം ഓവറിൽ യുസ്വേന്ദ്ര ചെഹൽ യഥാർത്ഥത്തിൽ എറിഞ്ഞിടുകയായിരുന്നു .കൊൽക്കത്തയുടെ വിധി മാറ്റി മറിക്കാൻ വെറും മൂന്നു പന്തുകൾ ധാരാളമായിരുന്നു. വിജയത്തിലേക്ക് അതിവേഗം കുതിച്ച അവരുടെ മൂന്നു നിർണായക വിക്കറ്റുകൾ അടുത്തടുത്ത മൂന്നു പന്തുകളിൽ വീഴ്‌ത്തി സ്പിന്നർ യുവ്വേന്ദ്ര ചെഹലാണ് കൊൽക്കത്തയിൽനിന്നു വിജയം തട്ടിപ്പറിച്ചത്. .

ഓപ്പൺ ജോസ് ബട്ലറുടെ സെഞ്ചുറിക്കരുത്തിൽ 217 റൺസെടുത്ത രാജസ്ഥാന്റെ സ്‌കോർ പിന്തുടർന്ന കൊൽക്കത്ത, ക്യാപ്റ്റൻ ശ്രേയസ്സ് അയ്യരുടെയും (51 പന്തിൽ 85), ഓപ്പണർ ആരോൺ ഫിഞ്ചിന്റെയും (28 പന്തിൽ 58) അർധസെഞ്ചുറിയുടെ ബലത്തിൽ അതിവേഗം വിജയത്തിലേക്ക് അടുക്കുമെന്ന് കരുതിയെങ്കിലും ചെഹൽ എറിഞ്ഞ 17ാം ഓവറിൽ മത്സരത്തിൽ നിർണായക വഴിത്തിരിവാകുകയായിരുന്നു. ഓവറിന്റെ അവസാന മൂന്നു പന്തുകളിൽ ശ്രേയസ്സ് അയ്യരടക്കം മൂന്നു പേരുടെ വിക്കറ്റുകൾ വീഴ്‌ത്തിയാണ് ചെഹൽ മത്സരം രാജസ്ഥാന്റെ വരുതിയിലാക്കിയത്.

പിന്നീടെത്തിയ ഉമേഷ് യാദവ് ഒന്നു വിറപ്പിച്ചെങ്കിലും (9 പന്തിൽ 21) കൊൽക്കത്തയെ വിജയിലേക്ക് എത്തിക്കാനായില്ല. ഇന്നിങ്‌സിന്റെ ആദ്യ പന്തിൽ തന്നെ കൊൽക്കത്തയ്ക്കു പ്രഹരമേറ്റിരുന്നു. ഓപ്പണർ സുനിൽ നരെയ്ൻ (പൂജ്യം) റണ്ണൗട്ടാവുകയായിരുന്നു. ഷിമ്രോൺ ഹെറ്റ്‌മെയ്‌റിന്റെ കിടിലൻ ഡയറക്ട് ത്രോയിലാണ് നരെയ്ൻ ഡഗ്ഔട്ടിലേക്കു മടങ്ങിയത്. എന്നാൽ രണ്ടാം വിക്കറ്റിൽ ഫിഞ്ചും ശ്രേയസ്സും ഒരുമിച്ചതോടെ കൊൽക്കത്തയുടെ സ്‌കോർബോർഡ് കുതിച്ചു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 107 റൺസാണ് അടിച്ചുകൂട്ടിയത്. ഒൻപതാം ഓവറിൽ പ്രസിദ്ധ് കൃഷ്ണയാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നീടെത്തിയ നിതീഷ് റാണ (11 പന്തിൽ 18), ആന്ദ്രെ റസ്സൽ (പൂജ്യം), വെങ്കടേഷ് അയ്യർ (7 പന്തിൽ 6) എന്നിവർ തിളങ്ങിയില്ലെങ്കിലും ഒരറ്റത്ത് ക്യാപ്റ്റൻ നങ്കൂരമിടുകയായിരുന്നു. എന്നാൽ ചെഹലിന്റെ കിടിലൻ ഓവർ എല്ലാം തലതിരിച്ചു.

15 വർഷം മുൻപ് ഇതേ ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓപ്പണർ ബ്രണ്ടൻ മക്കല്ലത്തിനായിരുന്നു അവസരമെങ്കിൽ, ഇന്നു മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ ജോസ് ബട്ലർക്കായിരുന്നു ആ സുദിനം. എതിരാളികൾ കൊൽക്കത്തയായത് ചിലപ്പോൾ കാലത്തിന്റെ ഒരു വികൃതി മാത്രം! ഒരിക്കൽ കൂടി സെഞ്ചുറിയുമായി ആറാടിയ ജോസ് ബട്ലറുടെ ബാറ്റിങ് കരുത്തിലാണ് ആദ്യം ബാറ്റു ചെയ്ത രാജസ്ഥാൻ റോയൽസ് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 217 റൺസെടുത്തത്.

2008ൽ ഇതേദിനത്തിൽ, ബെംഗളൂർ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ഐപിഎലിലെ ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓപ്പണർ ബ്രണ്ടൻ മക്കല്ലവും സെഞ്ചുറി (73 പന്തിൽ 158*) നേടിയിരുന്നു. മക്കല്ലത്തിന്റെ സെഞ്ചുറിക്കരുത്തിൽ ആദ്യം ബാറ്റു ചെയ്ത കൊൽക്കത്ത 222 റൺസാണ് അടിച്ചെടുത്തത്. ചരിത്രത്തിന്റെ ആ തനിയാവർത്തനം പോലെ ഇന്നു മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ സെഞ്ചുറിയുമായി തിളങ്ങിയത് രാജസ്ഥാൻ ഓപ്പണർ ജോസ് ബട്ലർ. 61 പന്തിൽ അഞ്ച് സിക്‌സറുകളുടെയും ഒൻപത് ഫോറുകളുടെയും അകമ്പടിയോടെയാണ് ബട്ലർ 103 റൺസെടുത്തത്.