- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പവർ പ്ലേയിൽ നിറം മങ്ങി ബട്ലർ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; 49 പന്തിൽ 54 റൺസ്; ഫിനിഷിങ് മികവുമായി ഹെറ്റ്‌മെയർ; രാജസ്ഥാനെതിരെ കൊൽക്കത്തക്ക് 153 റൺസ് വിജയലക്ഷ്യം
മുംബൈ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് 153 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ അർധസെഞ്ചുറി മികവിലാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് മുന്നേറിയത്.
20 ഓവറിൽ രാജസ്ഥാൻ 5 വിക്കറ്റ് നഷ്ടത്തിൽ 152 റൺസെടുത്തു. 49 പന്തിൽ 54 റൺസെടുത്ത സഞ്ജുവാണ് രാജസ്ഥാന്റെ ടോപ് സ്‌കോറർ. കൊൽക്കത്തക്കായി ടിം സൗത്തി രണ്ടു വിക്കറ്റുമായി തിളങ്ങി.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ രാജസ്ഥാന് മൂന്നാം ഓവറിൽ തന്നെ തിരിച്ചടിയേറ്റു. ഓപ്പണർ ദേവ്ദത്ത് പടിക്കലിനെ(2) റിട്ടേൺ ക്യാച്ചിലൂടെ മടക്കി ഉമേഷ് യാദവാണ് രാജസ്ഥാന് ആദ്യ പ്രഹരമേൽപ്പിച്ചത്. പതിവു ഫോമിലേക്ക് ഉയരാൻ ജോസ് ബട്ലർക്ക് കഴിയാതിരുന്നതോടെ രാജസ്ഥാന് പവർ പ്ലേയിൽ തകർത്തടിക്കാനായില്ല. തുടക്കത്തിൽ തകർത്തടിച്ച സഞ്ജുവാണ് പവർ പ്ലേയിൽ രാജസ്ഥാനെ ഭേദപ്പെട്ട നിലയിൽ എത്തിച്ചത്.
പവർ പ്ലേ പിന്നിട്ടതിന് പിന്നാലെ ബട്ലറെ(25 പന്തിൽ 22) സൗത്തി വീഴ്‌ത്തിയതോടെ ഉത്തരവാദിത്തം സഞ്ജുവിന്റെ ചുമലിലായി. ഇതോടെ സഞ്ജു കരുതലോടെ ബാറ്റ് വീശാൻ തുടങ്ങിയതോടെ രാജസ്ഥാൻ സ്‌കോർ ബോർഡ് ഇഴഞ്ഞു നീങ്ങി. കരുൺ നായർക്ക്(13) കാര്യമാി ഒന്നും ചെയ്യാനായില്ല. 40 പന്തിൽ അർധസെഞ്ചുറി തികച്ച സഞ്ജു ടീം സ്‌കോർ 100 കടന്നതിന് പിന്നാലെ മടങ്ങി. 49 പന്തിൽ 54 റൺസാണ് സഞ്ജുവിന്റെ നേട്ടം. ഏഴ് ഫോറും ഒരു സിക്‌സും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിങ്‌സ്. രണ്ട് സിക്‌സുമായി തകർപ്പൻ തുടക്കമിട്ട റിയാൻ പരാഗും(12 പന്തിൽ 19) ഇതിനിടെ ഡ്രസ്സിങ് റൂമിൽ തിരിച്ചെത്തി.
അവസാന രണ്ടോവറിൽ ഷിമ്രോൺ ഹെറ്റ്‌മെയർ നടത്തിയ വെടിക്കെട്ടാണ് രാജസ്ഥാനെ ഭേദപ്പട്ട സ്‌കോറിലേക്ക് നയിച്ചത്. ടിം സൗത്തി എറിഞ്ഞ പത്തൊമ്പതാം ഓവറിൽ തുടർച്ചയായി രണ്ട് സിക്‌സ് പറത്തി ഹെറ്റ്‌മെയർ രാജസ്ഥാനെ 150ന് അടുത്തെത്തിച്ചു. ശിവം മാവി എറിഞ്ഞ അവസാന ഓവറിൽ രാജസ്ഥാനെ 150 കടത്തിയ ഹെറ്റ്‌മെയർ 13 പന്തിൽ 27 റണ്ണുമായി പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നേടിയ കൊൽക്കത്ത നായകൻ ശ്രേസയ് അയ്യർ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം തോറ്റ ടീമിൽ ഇരു ടീമുകളും മാറ്റങ്ങൾ വരുത്തി. രാജസ്ഥാൻ നിരയിൽ ഡാരിൽ മിച്ചലിന് പകരം മലയാളി താരം കരുൺ നായർ അന്തിമ ഇലവനിലെത്തി.കൊൽക്കത്ത ടീമിൽ രണ്ട് മാറ്റങ്ങളുണ്ട്. ശിവം മാവി ടീമിൽ തിരിച്ചെത്തിയപ്പോൾ അനുകുൽ റോയിയും ടീമിൽ ഇടം നേടി.
സ്പോർട്സ് ഡെസ്ക്