മുംബൈ: ഐപിഎല്ലിൽ തുടർച്ചയായ അഞ്ച് തോൽവികൾക്ക് ഒടുവിൽ രാജസ്ഥാൻ റോയൽസിനെ ഏഴ് വിക്കറ്റിന് കീഴടക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് വിജയവഴിയിൽ. രാജസ്ഥാൻ ഉയർത്തിയ 153 റൺസ് വിജയലക്ഷ്യം അഞ്ച് പന്തുകൾ ശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത മറികടന്നു. നാലാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ടുയർത്തിയ റിങ്കു സിംഗും(23 പന്തിൽ 42*), നീതീഷ് റാണയും(37 പന്തിൽ 48*) ചേർന്നാണ് കൊൽക്കത്തക്ക് ജയമൊരുക്കിയത്.

ജയത്തോടെ 10 കളികളിൽ എട്ട് പോയന്റ് നേടിയ കൊൽക്കത്ത ഏഴാം സ്ഥാനത്തേക്ക് കയറി പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തി. തുടർച്ചയായ രണ്ടാം പരാജയം വഴങ്ങിയ രാജസ്ഥാൻ 10 കളികളിൽ 12 പോയന്റുമായി മൂന്നാം സ്ഥാനത്ത് തുടരുന്നു. സ്‌കോർ രാജസ്ഥാൻ റോയൽസ് 20 ഓവറിൽ 152-5, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 19.1 ഓവറിൽ 158-3.

153 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ കൊൽക്കത്തയ്ക്ക് ഓസീസ് നായകൻ ആരോൺ ഫിഞ്ചിനെ (4) തുടക്കത്തിൽ തന്നെ നഷ്ടമായി. ബാബ ഇന്ദ്രജിത്തും ക്യാപ്റ്റൻ ശ്രേയസ് അയ്യരും ചേർന്ന് കൂട്ടുകെട്ട് പടുത്തുയർത്താൻ ശ്രമിക്കുന്നതിനിടെ ഹുക്ക് ഷോട്ടിന് ശ്രമിച്ചു ടൈമിങ്ങ് പിഴച്ച് ഇന്ദ്രജിത്ത് പുറത്തായി. രാജസ്ഥാൻ റോയൽസ് നിയന്ത്രണത്തോടെ പന്തെറിഞ്ഞതും പിച്ചിന്റെ വേഗത കുറഞ്ഞതും സ്‌കോറിങ് ദുഷ്‌കരമാക്കി. എന്നാൽ നിതീഷ് റാണ ക്രീസിൽ എത്തിയതോടെ സ്‌കോറിങ്ങിന് വേഗം കൂടി.

ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 60 റൺസ് കൂട്ടിച്ചേർത്തു. ഇതോടെ കൊൽക്കത്തയുടെ സാദ്ധ്യതകൾ വീണ്ടും സജീവമായി. മത്സരത്തിന്റെ പതിമൂന്നാം ഓവറിൽ തന്നെ പ്രധാന പേസർ ട്രെന്റ് ബോൾട്ടിന്റെ അവസാന ഓവർ ഉപയോഗിക്കാൻ ടീം തീരുമാനിച്ചു. കൊൽക്കത്ത നായകനെ മടക്കിയയച്ച് ബോൾട്ട് രാജസ്ഥാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. എന്നാൽ ഫിനിഷിങ്ങ് മികവിന് പേര് കേട്ട റാണ ക്രീസിൽ പുറത്താവാതെ നിന്നതുകൊൽക്കത്തയുടെ പ്രതീക്ഷ ഉയർത്തി. മധ്യ ഓവറുകളിൽ വിക്കറ്റ് വീഴാതിരുന്നതും റൺറേറ്റ് അമിതമായി താഴാതിരുന്നതും കൊൽക്കത്തയുടെ വിജയപ്രതീക്ഷ ഉയർത്തി. അയ്യർക്ക് പകരം ക്രീസിലെത്തിയ റിങ്കു സിങ് റാണയ്ക്ക് പിന്തുണ നൽകി. ഇരുവരും നാലാം വിക്കറ്റിൽ സമ്മർദമില്ലാതെ ബാറ്റ് വീശി.

നേരത്തെ, അർദ്ധസെഞ്ച്വറിയോടെ മലയാളി താരം സഞ്ജു സാംസൺ ഫോം വീണ്ടെടുത്ത മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാൻ റോയൽസ് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 152 റൺസെടുത്തു. അവസാന ഓവറുകളിൽ വിൻഡീസ് താരം ഷിമ്രോൺ ഹെറ്റ്‌മെയർ (13 പന്തിൽ 27 റൺസ്) നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് രാജസ്ഥാൻ പൊരുതാവുന്ന സ്‌കോർ സമ്മാനിച്ചത്.

ചരിത്രപ്രസിദ്ധമായ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ കൊൽക്കത്ത ഫീൽഡിങ് തിരഞ്ഞെടുത്തു. മികച്ച ടോട്ടൽ ലക്ഷ്യമിട്ട രാജസ്ഥാന് തുടക്കത്തിലേ പിഴച്ചു. ഉമേഷ് യാദവിന്റെ രണ്ടാം ഓവറിൽ റിട്ടേൺ ക്യാച്ച് നൽകി ഓപ്പണർ ദേവദത്ത് പടിക്കൽ (2) പുറത്തായി. ഇതോടെ ക്രീസിൽ ഒന്നിച്ച സഞ്ജു സാംസണും ജോസ് ബട്ലറും പവർപ്‌ളേ ഓവറുകളിൽ വിക്കറ്റ് നഷ്ടപ്പെടുത്താതെ പിടിച്ചുനിന്നു. എന്നാൽ താളം കണ്ടെത്താൻ വിഷമിച്ച ബട്ലർ ഒൻപതാം ഓവറിൽ സൗത്തിയുടെ പന്തിൽ പുറത്തായി. നാലാമനായി ക്രീസിലെത്തിയ കരുൺ നായരിനും (13) കാര്യമായ സംഭാവന നല്കാൻ സാധിച്ചില്ല.

എന്നാൽ ഒരറ്റത്തു സാവധാനം ബാറ്റ് വീശിയ സഞ്ജു രാജസ്ഥാൻ ടീമിന് അവസാന ഓവറുകളിൽ ആഞ്ഞടിക്കാനുള്ള നങ്കൂരമിട്ടു. 38 പന്തിൽ അർധശതകം തികച്ചു. രണ്ടു സിക്‌സറുകളോടെ റിയാൻ പരാഗ് നന്നായി തുടങ്ങിയെങ്കിലും റൺ ഉയർത്താനുള്ള ശ്രമത്തിനിടെ പുറത്തായി. പരാഗ് പുറത്തായതിന് പിന്നാലെ സഞ്ജുവും (54) കൂറ്റനടിക്ക് ശ്രമിച്ചു മടങ്ങി. വമ്പനടിക്ക് പേരെടുത്ത ഷിമ്രോൺ ഹെറ്റ്‌മെയർ രണ്ടു സിക്‌സറുകളോടെ രാജസ്ഥാൻ സ്‌കോർ ഉയർത്തി. ടിം സൗത്തിയുടെ പത്തൊൻപതാം ഓവറിലാണ് ഹെറ്റ്‌മെയർ സ്‌കോറിങ് ഉയർത്തിയത്. സൗത്തി നാല് ഓവറിൽ 46 റൺസിനു രണ്ടു വിക്കറ്റ് വീഴ്‌ത്തി. നാല് ഓവറിൽ 19 റൺസ് മാത്രം വഴങ്ങിയ സുനിൽ നരെയ്നിന്റെ പ്രകടനവും ശ്രദ്ധേയമായി. നരെയ്ന് വിക്കറ്റൊന്നും ലഭിച്ചില്ല.