ന്യൂഡൽഹി: ഐ.പി.എൽ മത്സരങ്ങൾക്കിടെ ഓൺലൈൻ വാതുവെപ്പ് നടത്തിയ 13 പേരെ പശ്ചിമ ബംഗാളിലെ ബിധാനഗർ പൊലീസ് അറസ്റ്റ് ചെയ്തു. വാതുവെപ്പിന് ഉപയോഗിച്ച 28 മൊബൈൽ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പൊലീസ് കണ്ടെടുത്തു.

തിങ്കളാഴ്ച രാത്രിയാണ് സംഭവം. രാജർഹട്ട് പൊലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊൽക്കത്തക്ക് സമീപം വാടകക്ക് എടുത്ത റിസോർട്ടിൽ പരിശോധന നടത്തിയത്. പിടിയിലായവരിൽ രണ്ടുപേർ കൊൽക്കത്ത സ്വദേശികളും മറ്റുള്ളവർ ഇതരസംസ്ഥാനക്കാരുമാണെന്ന് പൊലീസ് പറഞ്ഞു.

ഐ.പി.എൽ വാതുവെപ്പ് റാക്കറ്റിൽ പങ്കുണ്ടെന്ന് ആരോപിച്ച് വിശാഖപട്ടണത്ത് എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നഗരത്തിലെ ദുവ്വാഡ പൊലീസ് സ്റ്റേഷൻ പരിധിയിലെ തിരുമല നഗറിലെ വാടക ഡ്യൂപ്ലക്സ് വീട്ടിൽ നടത്തിയ റെയ്ഡിൽ 20 മൊബൈൽ ഫോണുകൾ, രണ്ട് ലാപ്ടോപ്പുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ കൂടാതെ പണവും കണ്ടെടുത്തു. അറസ്റ്റിലായവർ ഛത്തീസ്‌ഗഢിലെ റായ്പൂർ, ഭിലായ് സ്വദേശികളാണെന്നും നഗരത്തിൽ വാടകക്ക് താമസിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

ഡൽഹി, ഹൈദരാബാദ്, ജയ്പൂർ, ജോധ്പൂർ എന്നിവിടങ്ങളിലെ ഏഴ് സ്ഥലങ്ങളിൽ കേന്ദ്ര ഏജൻസി രാജ്യവ്യാപകമായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. രാജസ്ഥാനിൽ നിന്നുള്ള ഒരു റാക്കറ്റ് 2010 മുതലും മറ്റൊന്ന് 2013 മുതലും പ്രവർത്തിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.