- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രോഹിത്തിനും പന്തിനും ജഡേജയ്ക്കും 16 കോടി; കോലിക്ക് 15; സഞ്ജുവിന് 14; 42 കോടി ചെലവിട്ട് 4 താരങ്ങളെ വീതം നിലനിർത്തി 4 ടീമുകൾ; രാഹുലിനേയും റാഷിദിനെയും റിലീസ് ചെയ്തു; പാണ്ഡ്യ സഹോദരന്മാരടക്കം മെഗാ താരലേലത്തിന്
ചെന്നൈ: ഐപിഎൽ മെഗാ താരലേലത്തിന് മുന്നോടിയായി ടീമുകൾ നിലനിർത്തുന്ന താരങ്ങളുടെ അന്തിമ പട്ടികയായി. മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഡൽഹി ക്യാപിറ്റൽസും നാല് പ്രമുഖ താരങ്ങളെ നിലനിർത്തി. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും രാജസ്ഥാൻ റോയൽസും സൺറൈസേഴ്സ് ഹൈദരാബാദും മൂന്നു താരങ്ങളിൽ വിശ്വാസം അർപ്പിച്ച് ഒപ്പംനിർത്തിയപ്പോൾ പഞ്ചാബ് കിങ്സ് രണ്ടു താരങ്ങളെ മാത്രമാണ് നിലനിർത്തിയത്.
ചെന്നൈ സൂപ്പർ കിങ്സ് നായകൻ എം എസ് ധോണി ഉൾപ്പെടെ നാലു കളിക്കാരെ നിലനിർത്തി. ധോണിക്ക് പുറമെ രവീന്ദ്ര ജഡേജ, റുതുരാജ് ഗെയ്ക്വാദ്, മൊയീൻ അലി എന്നിവരെയാണ് ചെന്നൈ സൂപ്പർ കിങ്സ് നിലനിർത്തിയത്. താരമൂല്യത്തിൽ ധോണിയെ മറികടന്ന് രവീന്ദ്ര ജഡേജ 16 കോടി രൂപ സ്വന്തമാക്കി.
ചെന്നൈ ഒന്നാമത്തെ കളിക്കാരനായി നിലനിർത്തിയത് ധോണിയെ അല്ല രവീന്ദ്ര ജഡേജയെ ആണെന്നത് കൗതുകമായി. ഇതോടെ ജഡേജക്ക് 16 കോടി രൂപ പ്രതിഫലമായി ലഭിക്കും. ചെന്നൈ നിലനിർത്തിയ കളിക്കാരിൽ ധോണി രണ്ടാമനാണ്. 12 കോടി രൂപയാണ് ധോണിക്ക് പ്രതിഫലമായി ലഭിക്കുക. മൊയിൻ അലി(8 കോടി) റുതുരാജ് ഗെയ്ക്വാദ്(6 കോടി) എന്നിങ്ങനെയാണ് ചെന്നൈ നിലനിർത്തിയ കളിക്കാർ.
മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമയെയും(16 കോടി) പേസ് ബൗളർ ജസ്പ്രീത് ബുമ്രയെയുമാണ്(12 കോടി) നിലനിർത്തിയത്. സൂര്യകുമാർ യാദവിനെയും(8 കോടി), കീറോൺ പൊള്ളാർഡിനെയും(6 കോടി) ആണ് നിലനിർത്തിയത്. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെയും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഇഷാൻ കിഷനെയും മുംബൈ സ്വതന്ത്രനാക്കി.
രാജസ്ഥാൻ റോയൽസ് മലയാളി താരം സഞ്ജു സാംസണെ ഒന്നാമത്തെ കളിക്കാരനായി നിലനിർത്തി. എന്നാൽ മൂന്ന് കളിക്കാരെ മാത്രം നിലനിർത്തിയതിനാൽ സഞ്ജുവിന് 14 കോടി രൂപ മാത്രമെ പ്രതിഫലം ലഭിക്കു. ജോസ് ബട്ലർ(10 കോടി), യശസ്വി ജയ്സ്വാൾ(4 കോടി) എന്നിവരാണ് രാജസ്ഥാൻ നിലനിർത്തിയ മറ്റു കളിക്കാർ.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് രണ്ട് വിദേശ താരങ്ങളെയും രണ്ട് ഇന്ത്യൻ താരങ്ങളെയുമാണ് നിലനിർത്തിയത്. ഓൾ റൗണ്ടർ ആന്ദ്രെ റസൽ(12 കോടി), വെങ്കടേഷ് അയ്യർ(8 കോടി) മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തി(8 കോടി) സ്പിന്നർ സുനിൽ നരെയ്ൻ(6 കോടി) എന്നിവരെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിലനിർത്തിയത്.
ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ റിഷഭ് പന്ത്(16 കോടി), അക്സർ പട്ടേൽ(9 കോടിഹ),ഓപ്പണർ പൃഥ്വി ഷാ(7.5 കോടി), ദക്ഷിണാഫ്രിക്കൻ പേസർ ആന്റിച്ച് നോർട്യ(6.5 കോടി) എന്നിവരെ നിലനിർത്തി.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ കഴിഞ്ഞ സീസണോടെ ക്യാപ്റ്റൻ സ്ഥാനം രാജിവെച്ച വിരാട് കോലിയെയും(15 കോടി) ഓസ്ട്രലിയൻ താരം ഗ്ലെൻ മാക്സ്വെല്ലിനെയും(11 കോടി) പേസ് ബൗളർ മുഹമ്മദ് സിറാജിനെയും(7 കോടി) ആണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നിലനിർത്തിയത്.
സൺ റൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റൻ കെയ്ൻ വില്യംസണെയും(14 കോടി) പേസർ ഉംറാൻ മാലിക്കിനെയും(4 കോടി) ബാറ്റർ അബ്ദുൾ സമദിനെും(4 കോടി)നിലനിർത്തി. സ്റ്റാർ സ്പിൻ ബൗളർ റാഷിദ് ഖാനെ നിലനിർത്താതെ സൺറൈസേഴ്സ് ഹൈദരാബാദ് ആരാധകരെ ഞെട്ടിച്ചു. കൂടാതെ ഡേവിഡ് വാർണറേയും ജോണി ബെയർസ്റ്റോയേയും ഹൈദരാബാദ് റിലീസ് ചെയ്തു.
പഞ്ചാബ് കിങ്സ് മായങ്ക് അഗർവാളിനെയും(12 കോടി) ഇടം കൈയൻ പേസർ അർഷദീപ് സിംഗിനെയും(4 കോടി) നിലനിർത്തി.അതേസമയം കെഎൽ രാഹുലിനെ പഞ്ചാബ് വിട്ടുനൽകി. ടീമിനൊപ്പം തുടരാൻ താത്പര്യമില്ലെന്ന് രാഹുൽ നേരത്തെ അറിയിച്ചിരുന്നു.
ആകെ 90 കോടി രൂപയാണ് ഓരോ ടീമിനും അനുവദിച്ചിരിക്കുന്ന ലേലത്തുക. ഇതിൽ നാല് താരങ്ങളെ നിലനിർത്തിയ ടീമുകൾ 42 കോടു രൂപ ചിലവഴിച്ചു കഴിഞ്ഞു. ഇനി 48 കോടി രൂപയ്ക്ക് ശേഷിക്കുന്ന താരങ്ങളെ ടീമിലെടുക്കണം.
കളിക്കാരെ നിലനിർത്തിയശേഷം ഏറ്റവും കൂടുതൽ തുക കൈവശമുള്ള ടീം പഞ്ചാബ് കിങ്സാണ്. 72 കോടി രൂപ പഞ്ചാബിന് ലേലത്തിൽ മുടക്കാം. ഏറ്റവും കുറവ് തുക കൈവശമുള്ളത് ഡൽഹി ക്യാപിറ്റൽസിനാണ്. 47.50 കോടി രൂപയാണ് ഡൽഹിക്ക് ലേലത്തിൽ മുടക്കാനാവുക.
മറ്റു ടീമുകളുടെ കൈവശമുള്ള തുക, ചെന്നൈ സൂപ്പർ കിങ്സ്(48 കോടി), കൊൽക്കത്ത്(48 കോടി), മുംബൈ ഇന്ത്യൻസ്(48 കോടി), രാജസ്ഥാൻ റോയൽസ്(62 കോടി), ബാംഗ്ലൂർ(57 കോടി), ഹൈദരാബാദ്(68 കോടി) എന്നിങ്ങനെയാണ്.
2022 സീസൺ മുതൽ പത്ത് ടീമുകളാണ് ഐപിഎല്ലിൽ മാറ്റുരയ്ക്കുന്നത്. പുതുതായി ഐപിഎല്ലിലെത്തുന്ന ലഖ്നൗ, അഹമ്മദാബാദ് ടീമുകൾക്ക് മെഗാ ലേലത്തിന് മുമ്പ് പ്ലെയർ പൂളിൽ നിന്ന് മൂന്നു വീതം കളിക്കാരെ സ്വന്തമാക്കാൻ അവസരമുണ്ടാകും. ടീമുകൾ റിലീസ് ചെയ്യുന്ന താരങ്ങളാകും ഈ പൂളിലുണ്ടാകുകയെന്നാണ് റിപ്പോർട്ടുകൾ.
സ്പോർട്സ് ഡെസ്ക്