അബുദാബി: ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യൻസിന് വെടിക്കെട്ട് തുടക്കം. 16 പന്തിൽ അർധസെഞ്ചുറി തികച്ച ഇഷാൻ കിഷന്റെ മിന്നൽ പ്രഹരത്തിന്റെ കരുത്തിൽ പവർപ്ലേ പിന്നിടുമ്പോൾ മുംബൈ ഏഴോവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 102 റൺസെടുത്തിട്ടുണ്ട്. 29 പന്തിൽ 82 റൺസോടെ ഇഷാൻ കിഷനും മൂന്ന് റൺസുമായി ഹാർദ്ദിക് പാണ്ഡ്യയും ക്രീസിൽ. 13 പന്തിൽ 18 റൺസടിച്ച ക്യാപ്റ്റൻ രോഹിത് ശർമയുടെ വിക്കറ്റാണ് മുംബൈക്ക് നഷ്ടമായത്. റാഷിദ് ഖാനാണ് വിക്കറ്റ്.

പ്ലേ ഓഫിലെത്താൻ 171 റൺസിൽ കുറയാത്ത കൂറ്റൻ വിജയമെന്ന ലക്ഷ്യവുമായി ക്രീസിലിറങ്ങിയ മുംബൈ ഇന്ത്യൻസിനായി ഇഷാൻ കിഷൻ ആദ്യ ഓവറിൽ തന്നെ വെടിക്കെട്ടിന് തിരികൊളുത്തി. മുഹമ്മദ് നബി എരിഞ്ഞ ആദ്യ ഓവറിലെ നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സിന് പറത്തിയാണ് കിഷൻ തുടങ്ങിയത്. ആദ്യ ഓവറിൽ എട്ട് റൺസടിച്ച മുംബൈ സിദ്ധാർത്ഥ് കൗൾ എറിഞ്ഞ രണ്ടാം ഓവറിൽ 18 റൺസടിച്ചു.

നബി എറിഞ്ഞ മൂന്നാം ഓവറിലും പിറന്നും 15 റൺസ്. ജേസൺ ഹോൾഡർ എറിഞ്ഞ നാലാം ഓവറിൽ 22 റൺസടിച്ച് മുംബൈയും കിഷനും 50 തികച്ചു. ഉംറാൻ മാലിക്ക് എറിഞ്ഞ അഞ്ചാം ഓവറിൽ മൂന്ന ബൗണ്ടറിയടക്കം 15 റൺസാണ് മുംബൈ അടിച്ചെടുത്തത്. റാഷിദ് ഖാൻ എറിഞ്ഞ പവർപ്ലേയിലെ അവസാന ഓവറിൽ അഞ്ച് റൺസ് നേടാനെ മുംബൈക്കായുള്ളു. രോഹിത്തിന്റെ വിക്കറ്റ് നഷ്ടമാകുകയും ചെയ്തു.

കഴിഞ്ഞ മത്സരം കളിച്ച ടീമിൽ രണ്ട് മാറ്റങ്ങളുമായാണ് മുംബൈ ഇന്നിറങ്ങുന്നത്. സൗരഭ് തിവാരിക്ക് ക്രുനാൽ പാണ്ഡ്യ തിരിച്ചെത്തിയപ്പോൾ ജയന്ത് യാദവിന് പകരം പിയൂഷ് ചൗള സീസണിൽ ആദ്യമായി മുംബൈ ജേഴ്‌സിയൽ അരങ്ങേറ്റം കുറിക്കുന്നു.

അതേസമയം, പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ച സൺറൈസേഴ്‌സ് ഹൈദരാബാദ് നായകൻ കെയ്ൻ വില്യംസണില്ലാതെയാണ് ഇന്നിറങ്ങുന്നത്. കൈമുട്ടിന് നേരിയ പരിക്കുള്ള വില്യംസണ് പകരം മനീഷ് പാണ്ഡെ ആണ് ഇന്ന് ഹൈദരാബാദിനെ നയിക്കുന്നത്. ഓപ്പണർ ഡേവിഡ് വാർണർ ഇന്നത്തെ മത്സരത്തിലും ഹൈദരാബാദ് ടീമിലില്ല.

മറ്റൊരു മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസിന് ഗംഭീര തുടക്കം. പവർപ്ലേ പൂർത്തിയാകുമ്പോൾ 55-0 എന്ന നിലയിലാണ് ഡൽഹി. ശിഖർ ധവാനും 27*, പൃഥ്വി ഷായുമാണ് 24* ക്രീസിൽ.

ടോസ് നേടിയ ആർസിബി നായകൻ വിരാട് കോലി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കഴിഞ്ഞ മത്സരത്തിൽ നിന്ന് മാറ്റങ്ങളില്ലാതെയാണ് കോലിപ്പടയും റിഷഭ് പന്തും സംഘവും ഇറങ്ങിയത്.

പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം ഉറപ്പിക്കാനാണ് ഡൽഹി ക്യാപിറ്റൽസ് ഇറങ്ങുന്നത്. അതേസമയം ക്വാളിഫയർ പ്രതീക്ഷയവസാനിച്ച ബാംഗ്ലൂരിന് പ്ലേ ഓഫിന് മുമ്പ് മേൽക്കൈ നേടാൻ വിജയം അനിവാര്യമാണ്. പ്ലേ ഓഫ് ഉറപ്പിച്ച ബാംഗ്ലൂരിനും ഡൽഹിക്കും അവസാന മത്സരത്തിൽ കൂടി ജയിച്ച് ആത്മവിശ്വാസം കൂട്ടുകയാണ് ലക്ഷ്യം. കരുത്തരായ ചെന്നൈ സൂപ്പർ കിങ്സിനെ മറികടന്നാണ് ഡൽഹി വരുന്നതെങ്കിൽ സൺറൈസേഴ്സ് ഹൈദരാബാദിനോട് തോറ്റാണ് കോലിപ്പടയെത്തുന്നത്. പരസ്പരമുള്ള 27 പോരാട്ടങ്ങളിൽ 16 ജയവുമായി ബാംഗ്ലൂരാണ് മുന്നിൽ. 10 കളികളിൽ ഡൽഹിയും ജയിച്ചു.