മുംബൈ: ഐപിഎല്ലിൽ വാനിന്ദു ഹസരങ്കയുടെ ലെഗ് സ്പിന്നിന് മുന്നിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് കറങ്ങി വീണു. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 18.5 ഓവറിൽ 128 റൺസിന് ഓൾ ഔട്ടായി. നാല് വിക്കറ്റെടുത്ത ഹസരങ്കയും മൂന്ന് വിക്കറ്റെടുത്ത ആകാശ് ദീപുംരണ്ട് വിക്കറ്റെടുത്ത ഹർഷൽ പട്ടേലുമാണ് കൊൽക്കത്തയെ എറിഞ്ഞിട്ടത്. 18 പന്തിൽ 25 റൺസെടുത്ത ആന്ദ്രെ റസലാണ് കൊൽക്കത്തയുടെ ടോപ് സ്‌കോറർ. അവസാന വിക്കറ്റിൽ ഉമേഷ് യാദവ്-വരുൺ ചക്രവർത്തി സഖ്യം 27 റൺസടിച്ചതാണ് കൊൽക്കത്ത ഇന്നിങ്‌സിന് കുറച്ചെങ്കിലും മാന്യത നൽകിയത്.

പവർപ്ലേയിലെ ആദ്യ മൂന്നോവറിൽ വിക്കറ്റ് പോവാതെ 14 റൺസെടുത്ത കൊൽക്കത്തക്ക് ആദ്യ പ്രഹരമേൽപ്പിച്ചത് പേസർ ആകാശ് ദീപ് ആയിരുന്നു. 14 പന്തിൽ 10 റൺസെടുത്ത വെങ്കടേഷ് അയ്യരെ ആകാശ് ദീപ് സ്വന്തം ബൗളിംഗിൽ പിടികൂടി. അഞ്ചാം ഓവറിൽ അജിങ്ക്യാ രഹാനെയെ(9) മുഹമ്മദ് സിറാജും പവർപ്ലേ പിന്നിടും മുമ്പെ നീതീഷ് റാണയെ ആകാശ് ദീപും മടക്കിയതോടെ പവർപ്ലേയിൽ 46-3 എന്ന സ്‌കോറിലായി കൊൽക്കത്ത.

കൊൽക്കത്തയുടെ ബാറ്റിങ് പ്രതീക്ഷയായ ക്യാപ്റ്റൻ ശ്രേയസ് അയ്യരെ(13) വീഴ്‌ത്തി വിക്കറ്റ് വേട്ട തുടങ്ങിയ ഹസരങ്ക, സുനിൽ നരെയ്ൻ(12), ഷെൽഡൺ ജാക്‌സൺ(0), ടിം സൗത്തി(1) എന്നിവരെയും പുറത്താക്കി കൊൽക്കത്തയുടെ കുതിപ്പിന് കടിഞ്ഞാണിട്ടു. പിടിച്ചു നിൽക്കാൺ ശ്രമിച്ച സാം ബില്ലിങ്‌സിനെയും(14) ആന്ദ്രെ റസലിനെയും(18 പന്തിൽ 25) ഹർഷൽ പട്ടേലും വീഴ്‌ത്തിയതോടെ കൊൽക്കത്ത 100 കടക്കാൻ പോലും ബുദ്ധിമുട്ടി. മൂന്ന് സിക്‌സും ഒരു ഫോറുമടക്കമാണ് റസൽ 25 റൺസടിച്ചത്.

വാലറ്റത്ത് മുഴുവൻ ഓവറും പിടിച്ചു നിൽക്കാൻ ശ്രമിച്ച ഉമേഷ് യാദവും(12 പന്തിൽ 18) വരുൺ ചക്രവർത്തിയും(10) ചേർന്നാണ് കൊൽക്കത്തയെ 128ൽ എത്തിച്ചത്. പത്താം വിക്കറ്റിൽ ഇരുവരും ചേർനന് 27 റൺസടിച്ചു. ബാംഗ്ലൂരിനായി ഹസരങ്ക നാലോവറിൽ 20 റൺസിന് നാലു വിക്കറ്റെടുത്തപ്പോൾ ആകാശ് ദീപ് 3.5 ഓവറിൽ 45 റൺസിന് മൂന്നും ഹർഷൽ പട്ടേൽ നാലോവറില്ഡ രണ്ട് മെയഡിൻ അടക്കം 11 റൺസിന് രണ്ട് വിക്കറ്റും വീഴ്‌ത്തി.