കൊച്ചി: കേരളാ പൊലീസിൽ നിന്ന് ഐപിഎസിന് പരിഗണിക്കുന്ന 23 ഉദ്യോഗസ്ഥരുടെ ലിസ്റ്റ് യുപിഎസ് സി പുറത്തു വിട്ടത് ജുൺ 26 നായിരുന്നു. എന്നാൽ, രണ്ടു മാസം കഴിഞ്ഞിട്ടും ഇവരിലൊരാൾക്ക് പോലും ഐപിഎസ് ലഭിച്ചിട്ടില്ല. പോസ്റ്റിങിന് ഇഷ്ടലാവണം നോക്കി കാത്തിരിക്കുന്നവരെ വെട്ടിലാക്കിയിരിക്കുകയാണ് യുപിഎസ് സിയുടെ നിലപാട്.

ഇതിന് കാരണമായിരിക്കുന്നത് ഉണ്ണിത്താൻ വധശ്രമക്കേസിൽ പ്രതിയായിരുന്ന മുൻ ക്രൈംബ്രാഞ്ച് എസ്‌പി എൻ. അബ്ദുൾ റഷീദ് ഐപിഎസിന് പരിഗണിക്കുന്നവരുടെ പട്ടികയിൽ കടന്നു കൂടിയിരിക്കുന്നതാണ്. സംസ്ഥാന സർക്കാർ മോശം ആനുവൽ കോൺഫിഡൻഷ്യൽ റിപ്പോർട്ട് നൽകിയിട്ടുള്ള ഒരു ഉദ്യോഗസ്ഥനാണ് റഷീദ്. ഇത് യുപിഎസ് സിയുടെ പക്കൽ കിട്ടിയിട്ടും ചട്ടം മറികടന്നാണ് റഷീദ് പട്ടികയിൽ ഇടം പിടിച്ചതെന്ന് പറയുന്നു. ഇതിന് പിന്നിൽ കേന്ദ്രസർക്കാരിന് വേണ്ടി ഹാജരാകുന്ന ഒരു അഭിഭാഷകനും ബിജെപിയുടെഒരു നേതാവുമാണെന്ന ആരോപണം ശക്തമായിരിക്കുകയാണ്.

അബ്ദുൾ റഷീദിന് ഐപിഎസ് കൊടുക്കാനുള്ള നീക്കത്തിനെതിരേ കൊല്ലത്തു നിന്നുള്ള മാധ്യമ പ്രവർത്തകൻ ജി. വിപിനൻ ഹൈക്കോടതിയിൽ കോവാറന്റോ ഹർജി നൽകിയിരുന്നു. ചീഫ് ജസ്റ്റിസിന്റെ ബഞ്ച് ഹർജി പരിഗണിച്ചു. റഷീദിന് ഐപിഎസ് നൽകിയിട്ടില്ലെന്ന് യുപിഎസ് സിയുടെ സ്റ്റാൻഡിങ് കോൺസൽ കോടതിയെ അറിയിച്ചു. അയാൾക്ക് ഐപിഎസ് കിട്ടിയിട്ടില്ലാത്ത സ്ഥിതിക്ക് ഹർജിക്ക് പ്രസക്തിയില്ലെന്നും ഇനി അത് ലഭിക്കുന്ന പക്ഷം വീണ്ടും കോടതിയെ സമീപിക്കാമെന്നും പറഞ്ഞ് ഹൈക്കോടതി ഹർജി തള്ളി.

ഇതോടെ യുപിഎസ്‌സി പ്രതിസന്ധിയിലായി. മുമ്പൊരിക്കലുമില്ലാത്ത തരത്തിലുള്ള സന്ദിഗ്ധാവസ്ഥയിലൂടെയാണ് യുപിഎസ് സി കടന്നു പോകുന്നത്. പട്ടിക തയാറാക്കി പ്രഖ്യാപിച്ച ശേഷം വിജ്ഞാപനം പുറത്തിറക്കാൻ രണ്ടു മാസത്തോളം വൈകുന്നത് ചരിത്രത്തിൽ ആദ്യമാണ്.
റഷീദിനെ ഒഴിവാക്കി മറ്റുള്ളവർക്ക് ഐപിഎസ് നൽകാവുന്നതാണ്. എന്നാൽ, ഇവിടെ അതും നടക്കുന്നില്ല. അതാണ് റഷീദിന് വേണ്ടി ആരോ യുപിഎസ് സിയിൽ സ്വാധീനം ചെലുത്തുന്നുവെന്ന് സംശയിക്കാനുള്ള കാരണം.

ഇതിനൊപ്പം റഷീദിന് കൂടി നൽകിയില്ലെങ്കിൽ പിന്നീട് അതിന് കഴിയാതെ വരും. ഹൈക്കോടതിയിൽ കേസ് കൂടി വന്നതോടെ യുപിഎസ് സിയുടെ നില പരുങ്ങലിലായി. സംസ്ഥാന സർക്കാരിനോട് ഇതു സംബന്ധിച്ച് വീണ്ടും റിപ്പോർട്ട് തേടിയിരിക്കുകയാണ്. മുൻപ് രണ്ടു തവണ തന്റെ ആനുവൽ കോൺഫിഡൻഷ്യൽ റിപ്പോർട്ട് അപ്ഗ്രേഡ് ചെയ്യണമെന്നാവശ്യപ്പെട്ട് റഷീദ് അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. രണ്ടു തവണയും തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിന് അയച്ചു. രണ്ടു പ്രാവശ്യവും സർക്കാർ റഷീദിന്റെ അപേക്ഷ തള്ളി.

ആനുവൽ കോൺഫിഡൻസ് റിപ്പോർട്ട് പ്രകാരം റഷീദിന് ഐപിഎസ് നൽകാൻ ചട്ടം അനുവദിക്കുന്നില്ലെന്നതാണ് യാഥാർഥ്യം. എന്നാൽ, ഇതൊക്കെ മറികടക്കാൻ തക്ക വണ്ണമുള്ള സ്വാധീനമാണ് യുപിഎസ് സിയിൽ ചെലുത്തപ്പെട്ടിരിക്കുന്നത്. അതിന് പിന്നിലുള്ളത് കേരളത്തിൽ നിന്നുള്ള ഒരു കേന്ദ്രസർക്കാർ അഭിഭാഷകനും ബിജെപി നേതാവുമെന്ന ആരോപണം നിലനിൽക്കുന്നു.

യുപിഎസ് സിയുടെ ആവശ്യാനുസരണം ഒരു റിപ്പോർട്ട് കൂടി ആഭ്യന്തര വകുപ്പ് കഴിഞ്ഞ ദിവസം സമർപ്പിച്ചിട്ടുണ്ട്. പഴയ നിലപാടിൽ നിന്ന് സംസ്ഥാന സർക്കാർ വ്യതിചലിച്ചതായി സൂചനയുണ്ട്. അങ്ങനെ വന്നാൽ റഷീദിന്റെ ഐപിഎസ് കോടതി കയറുകയും യുപിഎസ് സിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയും ചെയ്യും.