തിരുവനന്തപുരം: സർക്കാറുകൾ മാറി വരുമ്പോൾ നയങ്ങളിൽ വ്യതിയാനം പതിവായി ഉണ്ടാകുമെങ്കിലും പൊലീസ് ഉന്നത തലത്തിൽ വൻ അഴിച്ചു പണി നടക്കുന്നത് കേരളത്തിൽ ഇതാദ്യമായാണ്. സംസ്ഥാനത്തെ ഏറ്റവും സീനിയറായ ഐപിഎസ് ഉദ്യോഗസ്ഥനായ ഡിജിപി സെൻകുമാറിനെ മാറ്റിയതിൽ പൊലീസ് സേനയിൽ കടുത്ത അതൃപ്തി പുകയുകയാണ്. രാഷ്ട്രീയക്കാർ ഇഷ്ടംപോലെ ചട്ടം മറികടന്ന് ഉന്നത തസ്തികകളിൽ നിയമനം നൽകുന്നതിലാണ് ഉദ്യോഗസ്ഥ തലത്തിൽ ആശങ്ക കടുത്തിരിക്കുന്നത്. ഒരു വർഷം കൂടി സർവീസ് അവശേഷിക്കവേ സെൻകുമാറിനെ മാറ്റിയ നടപടിക്കെതിരെ പൊതുവേ വിമർശനം ഉയരുന്നുണ്ട്. ഇത് തെറ്റായ കീഴ്‌വവഴക്കം സൃഷ്ടിക്കുമെന്ന ആക്ഷേപമാണ് ശക്തമായി ഉയർന്നിരിക്കുന്നത്.

തന്റെ മാറ്റിയതിൽ അതൃപ്തിയുണ്ടെന്ന് വ്യക്തമാക്കി സെൻകുമാർ രംഗത്തുണ്ട്. ഫേസ്‌ബുക്കിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്. സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്നും തന്നെ മാറ്റിയതുമായി ബന്ധപ്പെട്ട് ഉത്തരവ് ലഭിച്ചശേഷം മാത്രം പ്രതികരിക്കാമെന്നാണ് അദ്ദേഹം ആദ്യം വ്യക്തമാക്കിയത്. എന്നാൽ തുടർന്ന് കേരള പൊലീസ് മേധാവിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ തന്റെ വായനക്കാർക്കായി എഴുതിയ കുറിപ്പിലാണ് അദ്ദേഹം ആരുടെയും മുന്നിൽ നട്ടെല്ല് വളച്ചിട്ടില്ലെന്നും നട്ടെല്ല് നിവർന്ന് തന്നെ നിൽക്കുമെന്നും വ്യക്തമാക്കിയത്.

ഡിജിപി സ്ഥാനം ഒഴിയുന്നത് പൂർണ തൃപ്തിയോടെയാണെന്നും ഇന്നുവരെ സ്ഥാനമാനങ്ങൾക്ക് വേണ്ടി ആരെയും പ്രീതിപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. തന്റെ സഹപ്രവർത്തകരോട് വഴിവിട്ട് ഒന്നും ചെയ്യാൻ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും സെൻകുമാർ വ്യക്തമാക്കുന്നു. നിലവിൽ സീനിയോറിറ്റി പരിഗണിച്ചാൽ ജേക്കബ് തോമസിനെയാണ് ഡിജിപിയായി പരിഗണിക്കേണ്ടത്. പകരം ലോകനാഥ് ബെഹ്‌റയെ നിയമിച്ചതും സീനിയോരിറ്റയുടെ ലംഘനമാണ്. എന്നാൽ പൊലീസ് കൺസ്ട്രക്ഷൻ മേധാവിയായി മുൻ സർക്കാർ ഒതുക്കിയ നടപടിയിൽ നിന്നും വ്യത്യസ്തമാണ് ഇപ്പോഴത്തെ നടപടിയെന്ന ആശ്വാസം മാത്രമാണ് ജേക്കബ് തോമസിനുള്ളത്.

ജേക്കബ് തോമസിന് നാല് വർഷത്തോളം സർവീസുണ്ട്. സെൻകുമാർ ഒരു വർഷം കഴിഞ്ഞ് വിരമിക്കുമ്പോൾ സ്വാഭാവികമായും ഡിജിപിയാകാൻ അവസരം ലഭിക്കേണ്ടിയിരുന്നത് ജേക്കബ് തോമസിനാണ്. ഇത് ഒഴിവാക്കാൻ വേണ്ടിയാണോ ലോക്‌നാഥ് ബെഹ്‌റയെ ഡിജിപിയാക്കിയത് എന്ന് സംശയിച്ചാലും അതിനെ കുറ്റം പറയാൻ സാധിക്കില്ല. സർവീസിൽ സെൻകുമാറിനെക്കാളും ജേക്കബ് തോമസിനെക്കാളും ജൂനിയറാണ് ലോക്നാഥ് ബെഹ്റ. ബെഹ്‌റ ഡിജിപി ആകുന്നതോടെ പൊലീസ് മേധാവിയാകാനുള്ള ജേക്കബ് തോമസിന്റെ അവസരവമാണ് നിഷേധിക്കപ്പെടുന്നത്.

ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്റ്റർ സ്ഥാനത്തേക്കാണ് നിയമിച്ചത്. അതേസമയം ഡിജിപിയാകാൻ ശ്രമം നടത്തിയിട്ടില്ലെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു. മുൻ ഡിജിപി സെൻകുമാറിന്റെ ഉപദേശങ്ങൾ തേടുമെന്നും പൊലീസിലെ അഴിമതി അവസാനിപ്പിക്കും എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കേരളം ഏറെ ചർച്ച ചെയ്ത പെരുമ്പാവൂർ കൊലപാതകത്തിൽ മേൽനോട്ടം വഹിക്കുമെന്നും പൊലീസിൽ സിബിഐ മോഡൽ അന്വേഷണ സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെയാണ് ഡിജിപി സ്ഥാനത്ത് നിന്നും സെൻകുമാറിനെ മാറ്റി ഫയർഫോഴ്സ് മേധാവി ലോക്നാഥ് ബഹ്റയെ പുതിയ ഡിജിപിയായി എൽഡിഎഫ് സർക്കാർ നിയമിച്ചത്. വിരമിക്കാൻ ഒരുവർഷം ശേഷിക്കെയാണ് സെൻകുമാറിനെ ഡിജിപി സ്ഥാനത്ത് നിന്നും നീക്കുന്നത്.
ഇനി പൊലീസ് ഹൗസിങ് കോർപ്പറേഷന്റെ തലവനായിട്ടാണ് സെൻകുമാർ എത്തുക. അതേസമയം പുതിയ ചുമതല സെൻകുമാർ ഏറ്റെടുത്തേക്കില്ലെന്നും അവധിയിൽ പോകുമെന്നും വാർത്തകളുണ്ട്.

ഒരു പക്ഷെ അവധിയിൽ പ്രവേശിച്ച് സർക്കാർ നടപടിക്കെതിരെ സെൻകുമാർ നിയമനടപടിയിലേക്ക് നീങ്ങിയാൽ അത് പിണറായി വിജയന്റെ നടപടിയെ കൂടുതൽ വിവാദത്തിലാക്കുമെന്നത് ഉറപ്പാണ്. ഉദ്യോഗസ്ഥരെ നിലയ്ക്കു നിർത്താൻ കഴിയാത്തതാണ് കഴിഞ്ഞ സർക്കാർ അഭിമുഖീകരിച്ച പ്രധന പ്രതിസന്ധിയെന്ന വിലയിരുത്തലിലാണ് പിണറായി സർക്കാർ. അതുകൊണ്ട് തന്നെയാണ് പൊലീസ് മേധാവിയെ മാറ്റിക്കൊണ്ട് ഉദ്യോഗസ്ഥർക്ക് ശക്തമായ സന്ദേശം പിണറായി നൽകിയിരിക്കുന്നത്. എന്നാൽ, ഇത് ഉദ്യോഗസ്ഥ തലത്തിൽ അസംതൃപ്തിക്ക് ഇടയാക്കിയത് പൊലീസ് വകുപ്പിലെ തുടക്കത്തിലെ കല്ലുകടിയായി മാറുകയും ചെയ്തു.

എന്നാൽ, വരും ദിവസങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരെ മാറ്റി പ്രതിഷ്ഠിക്കുന്ന നടപടിയിലേക്ക് പിണറായി നീങ്ങുമെന്ന സൂചനയാണ് ഉണ്ടാകുന്നത്. മുൻ സർക്കാറിൽ നിന്നും വ്യത്യസ്തമായി മുഖ്യമന്ത്രി തന്നെയാണ് ആഭ്യന്തര-വിജിലൻസ് വകുപ്പുകളുടെ ചുമതല വഹിക്കുന്നത്. അതുകൊണ്ട് തന്നെ ഉദ്യോഗസ്ഥരെ നിലയ്ക്കു നിർത്തുക എന്ന പോളിസിയിലേക്കാണ് മുഖ്യമന്ത്രി പിണറായി വിജയൻ നീങ്ങുന്നത്.