- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാ റേഷൻ കാർഡ് ഉടമകൾക്കും 4000 രൂപ കോവിഡ് ധനസഹായം നൽകി; അതിപ്രഗത്ഭനെ ധനമന്ത്രിയാക്കി; പിന്നാലെ വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷായെ അറസ്റ്റ് ചെയ്ത ഐപിഎസ് ഉദ്യോഗസ്ഥൻ തമിഴ്നാട് വിജിലൻസ് ഡിജിപിയാക്കി; തമിഴകത്ത് സ്റ്റാലിൻ വഴി സ്റ്റൈലിൽ തന്നെ!
ചെന്നൈ: തമിഴ്നാട്ടിൽ മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയത് മുതൽ എം കെ സ്റ്റാലിൻ ഉറച്ച ചുടവുകളോടെയാണ് മുന്നോട്ടു നീങ്ങുന്നത്. ധനകാര്യമന്ത്രി സ്ഥാനത്ത് മിടുക്കനായ വ്യക്തിയെ നിയമിച്ച അദ്ദേഹം അധികാരമേറ്റതിന് പിന്നാലെ സുപ്രധാന പ്രഖ്യാപനങ്ങളും നടത്തി. കോവിഡ് കാലത്ത് കുടുംബങ്ങൾക്ക് നേരിട്ട് പണം നൽകുന്ന ഉത്തരവ് അടക്കം പുറത്തിറക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഇപ്പോൾ സുപ്രധാന നിയമനം കൊണ്ടും സ്റ്റാലിൻ ശ്രദ്ധ നേടുകയാണ്.
തമിഴ്നാട് പൊലീസിന്റെ വിജിലൻസ്, അഴിമതി വിരുദ്ധ വിഭാഗം ഡിജിപിയായി ഐപിഎസ് ഉദ്യോഗസ്ഥൻ പി. കന്ദസ്വാമിയെ നിയമിച്ചു. സൊഹ്റാബുദ്ദീൻ ഷെയ്ക് ഏറ്റുമുട്ടൽ കേസിൽ 2010ൽ അന്നത്തെ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായെ അറസ്റ്റ് ചെയ്തത് കന്തസ്വാമിയായിരുന്നു.
അധികാരത്തിലെത്തിയാൽ എഐഎഡിഎംകെ മന്ത്രിസഭയിലെ അഴിമതിക്കാരായ മന്ത്രിമാർക്കെതിരെ നീങ്ങുമെന്ന് തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉടനീളം എം.കെ. സ്റ്റാലിൻ പ്രസ്താവിച്ചിരുന്നു. മുൻ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിക്കും മറ്റു മന്ത്രിമാർക്കുമെതിരെ ഗവർണർ ബൻവാരിലാൽ പുരോഹിതിനും വിജിലൻസ് വിഭാഗത്തിനും പ്രതിപക്ഷത്തായിരുന്ന ഡിഎംകെ നിരവധി അഴിമതി ആരോപണങ്ങളും പരാതികളും സമർപ്പിച്ചിരുന്നു.
തമിഴ്നാട് കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ കന്തസ്വാമി സിബിഐ ഐജി ആയിരിക്കുമ്പോഴാണ് അമിത് ഷായെ അറസ്റ്റ് ചെയ്യുന്നത്. പിന്നീട് കോടതി അമിത് ഷായെ കുറ്റവിമുക്തനാക്കി. 2007ൽ ഗോവയിൽ ബ്രിട്ടിഷ് കൗമാരക്കാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെ പിടികൂടിയത് കന്തസ്വാമിയുൾപ്പെട്ട സംഘമാണ്. മാത്രമല്ല, കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ എസ്എൻസി ലാവ്ലിൻ കേസും ഇദ്ദേഹം അന്വേഷിച്ചിട്ടുണ്ട്.
അതേസമയം തമിഴ്നാട് സർക്കാറിന്റെ ആഭ്യന്തരം പിന്നിൽ നിന്ന് ആർക്കും നിയന്ത്രിക്കാനാവില്ലെന്നതിന്റെ സൂചന കൂടിയാണെന്ന അഭിപ്രായവും ഇതോടെ ഉയർന്നിട്ടുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന സൂചനയാണ് വിജിലൻസ് തലപ്പത്തെ മാറ്റത്തിലൂടെ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നൽകുന്നത്.
വാഗ്ദാനങ്ങൾ പാലിച്ചുകൊണ്ടുള്ള സ്റ്റാലിൻ സർക്കാരിന്റെ തുടക്കം ഏറെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്നുണ്ട്. എല്ലാ റേഷൻ കാർഡ് ഉടമകൾക്കും 4000 രൂപ കോവിഡ് ധനസഹായം, കോവിഡ് ചികിത്സ സർക്കാർ ഏറ്റെടുത്തു, സ്ത്രീകൾക്ക് ബസുകളിൽ സൗജന്യയാത്ര, പാൽ വില ലിറ്ററിന് 3 രൂപ കുറച്ചു എന്നീ ജനപ്രിയ തീരുമാനങ്ങളാണ് അധികാരമേറ്റയുടൻ സ്റ്റാലിൻ സർക്കാർ പ്രഖ്യാപിച്ചത്.
മറുനാടന് ഡെസ്ക്