പോലീസിൽ ക്രിമിനൽ സ്വഭാവമുള്ളവർ കൂടുതലും ഐ.പി.എസ്. തലത്തിലാണെന്ന് മുൻ പൊലീസ് മേധാവി ടി.പി.സെൻകുമാർ തന്റെ വിരമക്കൽ പ്രസംഗത്തിൽ പറഞ്ഞത് വലിയ വിവാദമായി മാറിയിരുന്നു. തൊട്ടുപിന്നാലെ, ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിലുൾപ്പെടെ സെൻകുമാർ തന്നെ കേസിൽപ്പെട്ടു. അഴിമതിയും നിയമലംഘനവും സ്വജനപക്ഷപാതവുമൊക്കെ ഇവിടുത്തെ പല ഐ.പി.എസ്. ഓഫീസർമാർക്കെതിരെയും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

ഇത്തരം ഓഫീസർമാർ കരുതിയിരിക്കണമെന്നാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം വ്യക്തമാക്കുന്നത്. രണ്ട് ഐ.പി.എസ്. ഓഫീസർമാരെയാണ് കഴിഞ്ഞദിവസം കേന്ദ്രസർക്കാർ പുറത്താക്കിയത്. ഡി.ജി.പി. തലത്തിലുള്ള ഓഫീസർമാരാണ് രണ്ടുപേരും. ആദ്യവിവാഹം നിയമപരമായി പിരിയാതെ രണ്ടാമതും വിവാഹം കഴിച്ചതിന്റെ പേരിലാണ് ഇവരിലൊരാളുടെ തൊപ്പി തെറിച്ചത്.

ഛത്തീസ്‌ഗഢ് കേഡറിൽപ്പെട്ട ഓഫീസർമാരാണ് പുറത്തായവർ രണ്ടുപേരും. 2000 ബാച്ചിൽപ്പെട്ട എ.എം.ജൂരിയും 2002 ബാച്ചിൽപ്പെട്ട കെ.സി. അഗർവാളും 1958-ലെ അഖിലേന്ത്യാ സർവീസ് ചട്ടങ്ങൾ ലംഘിച്ചതിനാണ് പുറത്തായത്. ജൂരിയാണ് ആദ്യവിവാഹം നിലനിൽക്കെ, രണ്ടാമത് വിവാഹം കഴിച്ച് കുടുങ്ങിയത്. ഇത് 1968-ലെ സർവീസ് ച്ട്ടങ്ങൾക്ക് വിരുദ്ധമാണ്. അഴിമതിയാരോപണമാണ് അഗർവാളിന്റെ തൊപ്പി തെറിപ്പിച്ചത്.

ഛത്തീസ്‌ഗഢ് സംസ്ഥാന സർക്കാരിന്റെ പാനൽ നടത്തിയ പരിശോധനയനുസരിച്ചാണ് ഇരുവർക്കുമെതിരെ നടപടിക്ക് ശുപാർശ ചെയ്തിരുന്നത്. കേന്ദ്രം അതംഗീകരിക്കുകയായിരുന്നു. ജൂരിയുടെ രണ്ടാംവിവാഹം പരസ്യമായ രഹസ്യമായിരുന്നെങ്കിലും, രണ്ടാംവിവാഹത്തിലുണ്ടായ മക്കൾക്ക് നിയമപരമായ പിൻതുടർച്ചാവകാശം ആവശ്യപ്പെട്ട് രണ്ടാംഭാര്യ കോടതിയെ സമീപിച്ചതോടെയാണ് കുടുങ്ങിയത്.

സംസ്ഥാന സർക്കാർ നിയോഗിച്ച സമിതി ഈ കുട്ടികളുടെ സ്‌കൂൾ രജിസ്റ്റർ പരിശോധിച്ചതിൽനിന്ന് പിതാവിന്റെ സ്ഥാനത്ത് ജൂരിയുടെ പേരാണ് ഉള്ളതെന്ന് കണ്ടെത്തി. സർവീസ് ചട്ടങ്ങളുടെ ലംഘനമാണ് ജൂരി ചെയ്തതെന്ന റിപ്പോർട്ട് പിന്നീട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറുകയും കേന്ദ്രം നടപടിയെടുക്കുകയുമായിരുന്നു.

ഒരേസമയം രണ്ട് ഭാര്യമാരെ സ്വീകരിക്കുക വഴി നിയമം ലംഘിക്കുന്നവരെ പുറത്താക്കാൻ 2015-ൽ സുപ്രീം കോടതിയുടെ നിർദ്ദേശമുണ്ട്. മുസ്ലീങ്ങൾക്കും ഇക്കാര്യം ബാധകമാണെന്ന് കോടതി നിഷ്‌കർഷിച്ചിരുന്നു. 1983-ൽ പൊലീസിൽ ചേർന്ന ജൂരിക്ക് 2000-ൽ ഐ.പി.എസ്. ലഭിക്കുകയായിരുന്നു. 1985-ലാണ് അഗർവാൾ ജോയിൻ ചെയ്തത്. 2002-ൽ ഐ.പി.എസ്. ലഭിച്ചു.