ന്യൂഡൽഹി: ടെന്നീസും സിനിമയും സംഗമിച്ച കാഴ്ചയായിരുന്നു രാജ്യ തലസ്ഥാനത്തിന്നലെ. ഇരുരംഗത്തെയും സൂപ്പർ താരങ്ങൾ ഒന്നിച്ച് അണിനിരന്നപ്പോൾ അത് കായിക-സിനിമാ പ്രേമികൾക്ക് അവിസ്മരണീയമായ ദൃശ്യവിരുന്നായി.

ടെന്നീസിന്റെ പ്രീമിയർ പതിപ്പായ ഐപിടിഎലിന്റെ ഇന്ത്യയിലെ മത്സരങ്ങൾ ആരംഭിച്ചപ്പോഴാണ് സൂപ്പർ താരങ്ങൾക്കൊപ്പം ബോളിവുഡ് താരങ്ങളും കളത്തിലെത്തിയത്. ടെന്നീസ് താരങ്ങൾക്കൊപ്പം കളത്തിലിറങ്ങി ബോളിവുഡ് താരങ്ങളും ആരാധകരുടെ മനം കുളിർപ്പിച്ചു.

മുൻ ലോക ഒന്നാം നമ്പരുകളായ റോജർ ഫെഡററും പീറ്റ് സാംപ്രസും ഉൾപ്പെടെ കളത്തിൽ വീറോടെ പൊരുതിയപ്പോൾ കാണികളായി ആമിർ ഖാനും ദീപിക പദുക്കോണും അമിതാഭ് ബച്ചനുമൊക്കെ ആവേശത്തോടെ ആർപ്പുവിളിക്കാൻ എത്തിയിരുന്നു. നൊവാക് ജോക്കോവിച്ചും സാനിയ മിർസയുമൊക്കെ റാക്കറ്റേന്തിയപ്പോൾ അക്ഷയ് കുമാറും ഋതേഷ് ദേശമുഖും മുൻ ക്രിക്കറ്റ് താരം സുനിൽ ഗാവസ്‌കറും കൈയടിയുമായി ഗാലറിയിലുണ്ടായിരുന്നു.

ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിലാണ് കഴിഞ്ഞ ദിവസം ഇന്റർനാഷണൽ പ്രീമിയർ ടെന്നീസ് ലീഗിന് തുടക്കമായത്. ആദ്യ മൽസരത്തിൽ ഡിബിഎസ് സിംഗപ്പുർ സ്‌ലാമേഴ്‌സിനെ തോൽപിച്ച് ഇന്ത്യൻ എയ്‌സസാണ് ജയം സ്വന്തമാക്കിയത് (26 - 16). രണ്ടാം ദിനം ന്യൂഡൽഹിയിൽ മത്സരത്തിന് വേദിയൊരുങ്ങിയപ്പോഴാണ് ടെന്നീസ് താരങ്ങൾക്കൊപ്പം ബോളിവുഡ് താരങ്ങളും കളിക്കാനിറങ്ങിയത്.

ഫെഡറർക്കും ജോക്കോവിച്ചിനും സാനിയ മിർസയ്ക്കുമൊപ്പം റാക്കറ്റേന്താൻ ആമിർ ഖാനാണ് ആദ്യമെത്തിയത്. മുൻ ബാഡ്മിന്റൺ താരം പ്രകാശ് പദുക്കോണിന്റെ മകളായ ദീപിക പദുക്കോണാണ് പിന്നീട് കോർട്ടിൽ ഇറങ്ങിയത്. പിന്നീട് ദേശ്മുഖും ഗാവസ്‌കറും അക്ഷയ് കുമാറുമൊക്കെ കളത്തിലിറങ്ങിയതോടെ സ്റ്റേഡിയം ആർപ്പുവിളികളാൽ മുഖരിതമായി.

പുരുഷ, വനിതാ സിംഗിൾസ്, മിക്‌സ്ഡ് ഡബിൾസ്, പുരുഷ ഡബിൾസ്, മുൻ ചാംപ്യന്മാരുടെ സിംഗിൾസ് എന്നിങ്ങനെ അഞ്ചു മൽസരങ്ങളാണ് ഒരു റൗണ്ടിലുള്ളത്. ക്രിക്കറ്റിൽ പരീക്ഷിച്ചു വിജയിച്ച ഐപിഎലിന്റെ ചുവടുപിടിച്ചാണ് മഹേഷ് ഭൂപതിയുടെ നേതൃത്വത്തിൽ ഐടിപിഎൽ ആരംഭിച്ചത്. വിവിധ രാജ്യങ്ങളിലായാണ് മത്സരം നടത്തുന്നതെന്ന പ്രത്യേകതയും ഐടിപിഎലിനുണ്ട്.