കുവൈറ്റ്: കുവൈറ്റിലെ പ്രവാസികളുടെ താമസാനുമതി രേഖയായ ഇഖാമ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധിപ്പിക്കാൻ കുവൈറ്റ് തൊഴിൽ മന്ത്രാലയം തീരുമാനിച്ചു. ഇതിനുള്ള നടപടികൾ സ്വീകരിക്കുവാൻ പബ്ലിക് അഥോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ നടത്തിയ കണക്കെടുപ്പിൽ പ്രവാസികളിൽ 89,282 പേർ നിരക്ഷരരെന്ന റിപ്പോർട്ട് കൂടി പുറത്തുവന്നതോടെ തൊഴിൽ മന്ത്രാലയത്തിന്റെ തീരുമാനം തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് പ്രവാസികൾ. ഇഖാമ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധിപ്പിച്ചാൽ നിരക്ഷരരായ പ്രവാസികൾ രാജ്യം വിടേണ്ടിവരും. കുവൈറ്റിലെ ജനസംഖ്യ തുലനത്തിന് വേണ്ടി നടപ്പിലാക്കേണ്ട പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് ചേർന്ന യോഗത്തിലാണ് ഇക്കാര്യം സംബന്ധിച്ചുള്ള തീരുമാനങ്ങൾ കൈക്കൊണ്ടിരിക്കുന്നത്.

ഇഖാമ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെടുത്തുന്നതിലൂടെ രാജ്യത്ത ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ നിയന്ത്രണം കൊണ്ടുവരികയാണ് ലക്ഷ്യം. അനുവദിച്ചിട്ടുള്ളതിൽ കൂടുതൽ ഗാർഹിക തൊഴിലാളികളെ നിർത്തിയാൽ കൂടുതൽ ഫീസ് ഈടാക്കും. എന്നാൽ ശാരീരിക മാനസിക വൈകല്യങ്ങളുള്ള അംഗങ്ങളുടെ വീടുകളിൽ ഈ കണക്കിൽ ഇളവ് അനുവദിക്കും.

നിലവിൽ 29.5 ലക്ഷം പ്രവാസികളാണ് കുവൈറ്റിലുള്ളത്. ഇതിൽ 1,08,878 പ്രവാസികൾ ബിരുദധാരികളും 51,677 പേർ ഡിപ്ലോമ നേടിയവരും 2,14,025 പേർ സെക്കന്ററി വിദ്യാഭ്യാസം നേടിയവരുമാണ്. എഴുതാനും വായിക്കാനും മാത്രം അറിയാവുന്നവർ 8,04,251 പേരുമാണ്. പ്രവാസികളുടെ വിദ്യാഭ്യാസ യോഗ്യതയും ഇഖാമയുമായി ബന്ധിപ്പിക്കുമ്പോൾ അനേകം പ്രവാസികൾ നാടുകളിലേക്ക് മടങ്ങേണ്ടിവരുമെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.

കൂടാതെ ഒളിച്ചോടുന്നവർക്ക് സ്റ്റാറ്റസ് ശരിയാക്കാൻ മൂന്നു മാസത്തെ സമയത്തിന് ഇളവും ഈ കാലയളവിലെ പിഴയിലും ഇളവ് നൽകുവാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. ഒളിച്ചോടിയവരുടെ സേവനം ഉപയോഗിച്ചവർക്ക് പിഴ വർദ്ധിപ്പിക്കുകയും ചെയ്യും. നാടുകടത്തിയവർ വ്യാജ പാസ്‌പോർട്ട് സംഘടിപ്പിച്ച് തിരിച്ചുവരുന്നത് തടയാൻ വിരലടയാള പരിശോധന കർശനമാക്കുകയും റിക്രൂട്ട്‌മെന്റ് ഓട്ടോമേഷൻ സംവിധാനം വിപുലപ്പെടുത്തി വിസക്കച്ചവടം തടയുന്നതിനും ശ്രമിക്കും.