നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ കടുത്ത വിമർശവും മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി. ട്രംപിന്റെ മുസ്ലിംവിരുദ്ധ നയങ്ങൾ മൂന്നാം ലോക മഹായുദ്ധത്തിന് കാരണമാകുമെന്നും യുദ്ധമുണ്ടായാൽ ഇസ്രയേൽ ചരിത്രത്തിൽ നിന്നും തുടച്ച് നീക്കപ്പെടുമെന്നുമാണ് ഇറാനിയൻ പ്രതിരോധ മന്ത്രിയായ ഹൊസെയ്ൻ ഡെഹ്ഗാൻ മുന്നറിയിപ്പേകിയിരിക്കുന്നത്. ഇറാനുമായി ഒബാമ ഉണ്ടാക്കിയ ആണവക്കരാർ ഇല്ലാതാക്കാൻ ട്രംപ് ശ്രമിച്ചാൽ അത് കടുത്ത പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അദ്ദേഹം ആപത് സൂചനയേകുന്നു. ഈ പ്രദേശത്ത് ട്രംപ് ഏതെങ്കിലും തരത്തിലുള്ള പ്രകോപനപരമായ നീക്കങ്ങൾ നടത്തിയാൽ അത് ഇസ്രയേലിന്റെ നാശത്തിലേ കലാശിക്കുകയുള്ളൂവെന്നും ഇറാൻ മുന്നറിയിപ്പേകുന്നു.

തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തന്നെ ട്രംപ് പ്രസ്തുത ആണവക്കരാറിനെ കടുത്ത ഭാഷയിലാണ് വിമർശിച്ചിരുന്നത്. ഈ കരാറിനെ ഇല്ലാതാക്കാൻ താൻ ട്രംപിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഭീഷണി മുഴക്കിയതും ഇറാനെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഈ ആണവകരാറിന്റെ ഏറ്റവും വലിയ വിമർശകരിൽ ഒരാളാണ് നെതന്യാഹു.തങ്ങളെ ഈ വിഷയത്തിൽ പ്രകോപിപ്പിക്കാൻ ട്രംപ് ശ്രമിച്ചാൽ അത് ഇസ്രയേലിന്റെയും ചില ചെറിയ അറബ് രാജ്യങ്ങളുടെയും തകർച്ചക്ക് വഴിയൊരുക്കുമെന്നാണ് ഇറാൻ നൽകുന്ന മുന്നറിയിപ്പ്. കഴിഞ്ഞ വർഷം ഒബാമ ഇറാനുമായി ഒപ്പ് വച്ചിരുന്ന ആണവകരാർ ട്രംപ് ജയിച്ച സാഹചര്യത്തിൽ പിൻവലിക്കപ്പെടാനുള്ള സാധ്യത ശക്തമാണെന്ന് ആശങ്ക ശക്തമാണ്.

തങ്ങളുടെ വ്യവസായങ്ങൾക്കും ധനകാര്യത്തിനും മുകളിൽ ഏർപ്പെടുത്തിയ അന്താരാഷ്ട്ര ഉപരോധം പിൻവലിക്കുകയാണെങ്കിൽ തങ്ങളുടെ ന്യൂക്ലിയർ പ്രോഗ്രാമിൽ പരിധികൾ ഏർപ്പെടുത്താമെന്ന് കഴിഞ്ഞ വർഷത്തെ കരാറിലൂടെ ഇറാൻ ഒബാമയോട് സമ്മതിച്ചിരുന്നു. താൻ പ്രസിഡന്റായാൽ 2017 ജനുവരി 20ന് പ്രസ്തുത ഡീലിൽ നിന്നും പിന്മാറുമെന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടത്തിയ പ്രസംഗത്തിലൂടെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. അതിപ്പോൾ സത്യമാകാൻ പോവുകയാണെന്ന ആശങ്കയാണ് ഇറാനെ വിളറി പിടിപ്പിച്ചിരിക്കുന്നത്. ഒബാമ ഇറാനുമായുണ്ടാക്കിയ ഈ ഡീൽ ദുരന്തമാണെന്നാണ് ട്രംപ് ആരോപിക്കുന്നത്. ഇതിനെ തുടർന്ന് ഗൾഫിലെ അമേരിക്കൻ സഖ്യകക്ഷികൾക്കിടയിൽ കനത്ത ആശങ്കയാണ് പടർത്തുന്നതെന്നാണ് ഇറാൻ പ്രതിരോധ മന്ത്രി പറയുന്നത്.

ഒരു ബിസനസുകാരനായതിനാൽ ട്രംപ് എല്ലാം ഡോളറിലാണ് കണക്ക് കൂട്ടുന്നതെന്നും അതിനാൽ അദ്ദേഹം മറ്റുള്ളവരിൽ വ്യത്യസ്തമായ രീതിയിലാണ് ചരിക്കുന്നതെന്നും എന്നാൽ തങ്ങൾക്ക് നേരെ നടപടിയെടുക്കാൻ ഇതുകൊണ്ടൊന്നും സാധിക്കില്ലെന്നും ഇറാൻ പ്രതിരോധ മന്ത്രി മുന്നറിയിപ്പേകുന്നു. അത്തരത്തിലൊരു യുദ്ധമുണ്ടായാൽ അത് അമേരിക്കയെ പിന്തുണയ്ക്കുന്ന ഇസ്രയേലിന്റെ സമ്പൂർണ നാശത്തിലാണ് കലാശിക്കുകയെന്നും ഹൊസെയ്ൻ ഡെഹ്ഗാൻ ഉറപ്പിച്ച് പറയുന്നു. ഈ യുദ്ധം പ്രദേശത്തെ മുഴുവൻ ബാധിക്കുമെന്നും ലോകമഹായുദ്ധമായി വ്യാപിച്ചേക്കാമെന്നും ഇദ്ദേഹം മുന്നറിയിപ്പേകുന്നു. യുദ്ധത്തിൽ യുഎഇ, ബഹറിൻ , ഖത്തർ പോലുള്ള രാജ്യങ്ങൾക്ക് നാശം നേരിടേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു. എന്നാൽ ഇറാന്റെ ഭീഷണിക്ക് മുന്നിൽ വഴങ്ങാനൊന്നും തയ്യാറല്ലെന്ന നിലപാടാണ് ഇസ്രയേൽ തുടർന്നും സ്വീകരിച്ച് വരുന്നത്. താൻ ട്രംപുമായി ചേർന്ന് പ്രസ്തുത ഡീൽ ഇല്ലാതാക്കാൻ ശ്രമിക്കുമെന്നാണ് ഇസ്രയേലി പ്രധാനമന്ത്രി നെതന്യാഹും ആവർത്തിച്ച് പറയുന്നത്.