ധ്യപൂർവേഷ്യയിൽ ഐസിസിനെ നേരിടാനെത്തിയ റഷ്യയും അമേരിക്കയും തമ്മിലുള്ള പടലപ്പിണക്കങ്ങൾ നേരത്തെ തന്നെ ഇവിടുത്ത സംഘർഷ സാധ്യത വർധിപ്പിച്ചിരുന്നു. റഷ്യയുടെ വിമാനം തുർക്കി വെടിവച്ചിട്ടതിനെ തുടർന്ന് റഷ്യയും തുർക്കിയും തമ്മിൽ ഉടലെടുത്ത ഉരസലുകളും അതിനെ തുടർന്ന് അമേരിക്കയും നാറ്റോയും തുർക്കിയെ പിന്തുണച്ച് കൊണ്ട് രംഗത്ത് വന്നതും മൂന്നാം ലോക മഹായുദ്ധത്തിന്റെ സാധ്യതയെക്കുറിച്ചുള്ള ആശങ്ക വർധിപ്പിച്ചിരുന്നു. റഷ്യയുടെ ദേശീയ സുരക്ഷയ്ക്ക് ഏറ്റവും വലിയ ഭീഷണി അമേരിക്കയാണെന്ന പുട്ടിന്റെ പുതുവർഷ പ്രസ്താവനയും യുദ്ധത്തിന്റെ സാധ്യതകളിലേക്ക് വിരൽ ചൂണ്ടിയിരുന്നു.

ഇപ്പോഴിതാ എരിതീയിൽ എണ്ണ പകരാനെന്നോണം ഇറാനും സൗദിയും തമ്മിൽ ഉടലെടുത്ത വംശീയ പ്രശ്‌നങ്ങളും മൂന്നാം ലോക മഹായുദ്ധത്തിന്റെ സാധ്യത വർധിപ്പിച്ചിരിക്കുകയാണ്. സൗദി ഒരു ഷിയാ പുരോഹിതനെ വധിച്ചതിനെ തുടർന്ന് ഇപ്പോൾ ഇറാനിൽ സൗദി വിരുദ്ധ വികാരം തിരയടിക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. പുരോഹിതന്റെ കൊലപാതകത്തിന് പ്രതികാരമായി കടുത്ത നടപടിക്ക് ഒരുങ്ങിയിരുന്നോളാനാണ് ഇറാൻ സൗദിക്ക് മുന്നറിയിപ്പേകിയിരിക്കുന്നത്. ഇതിന് പുറമെ എണ്ണവിലിയിലുണ്ടായ സമീപകാലത്തെ റെക്കോർഡ് താഴ്ചയും റഷ്യയുടെ മധ്യേപൂർവേഷ്യയിലെ ഇടപെടലും എല്ലാം യുദ്ധത്തിന്റെ കാഹളത്തിന് ശക്തിപകരുന്നുണ്ട്. ഇവയെല്ലാം കാരണം വിവിധ രാജ്യങ്ങൾ ചേരിതിരിഞ്ഞ് മധ്യപൂർവേഷ്യ കേന്ദ്രീകരിച്ച് ഒരു യുദ്ധം വൈകാതെ പൊട്ടിപ്പുറപ്പെടാനുള്ള എല്ലാ സാധ്യതകളും ഉയർന്ന് വന്നിരിക്കുകയാണെന്ന് നിസ്സംശയം പറയാം.

ഇറാനിലെ കടുത്ത വിപ്ലവ ഗാർഡുകളാണ് പുരോഹിതന്റെ കൊലപാതകത്തെ തുടർന്ന് സൗദിയ്‌ക്കെതിരേ രംഗത്തെത്തിയിരിക്കുന്നത്. സൗദിയിലെ തീവ്രവാദ അനുകൂല, മതവിരുദ്ധമായ രാജീയ ഭരണകൂടത്തെ അട്ടിമറിക്കുമെന്നാണ് അവർ കടുത്ത ഭാഷയിൽ ഭീഷണി മുഴക്കുന്നത്. ഐസിസിന്റെ ക്രൂരനായ ആരാച്ചായിരുന്ന ജിഹാദി ജോണിനോടാണ് സൗദിയെ ഇറാന്റെ സുപ്രീം ലീഡറായ അയത്തൊള്ള അലി ഖമേനി തന്റെ വെബ്‌സൈറ്റിലൂടെ ഉപമിച്ചിരിക്കുന്നത്. നിഷ്‌കളങ്കനായ ഷിയാപുരോഹിതനെ കൊല ചെയ്തതിന്റെ ഫലം സൗദി വൈകാതെ അനുഭവിക്കുമെന്നതിൽ സംശയമില്ലെന്നും ദൈവിക ശക്തികൾ തന്നെ സൗദി ഭരണകൂടത്തെ തകർക്കുമെന്നുമാണ് ഖമേനി കുറിച്ചിരിക്കുന്നത്. അൽഖ്വയ്ദയുടെ ഡസൻ കണക്കിന് തീവ്രവാദികൾക്കൊപ്പം സൗദി ഷിയാ പുരോഹിതനായ ഷെയ്ഖ് നിമാർ അൽനിമാറിനെയും മൂന്ന് മറ്റ് ഷിയാകളെയും വധിച്ചതിനെതിരെയാണ് ഇറാൻ ഇത്തരത്തിൽ ശക്തമായ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. പൊതുശത്രുവായ ഐസിസിനെതിരെ ഇരു രാഷ്ട്രങ്ങളും യോജിച്ച് കൊണ്ടുള്ള പ്രവർത്തനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയാണ് പുതിയ സംഭവവികാസങ്ങളോടെ ഇല്ലാതായിരിക്കുന്നത്.

നിമാറിനെ ഒരു തീവ്രവാദിയായി ആരോപിച്ചാണ് സൗദി ഇദ്ദേഹത്തെ വധിച്ചിരിക്കുന്നത്. എന്നാൽ ഈ പുരോഹിതനെ സൗദിയിലെ ന്യൂനപക്ഷമായ ഷിയാ മുസ്ലീങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന നേതാവായാണ് ഇറാൻ കണക്കാക്കുന്നത്. സൗദിയുടെ ക്രൂരമായ നടപടിയിൽ പ്രതിഷേധിച്ച് ഇറാനിലെ പ്രതിഷേധക്കാർ തെഹ്‌റാനിലെ സൗദി എംബസിക്ക് മുന്നിൽ കടുത്ത പ്രതിഷേധവുമായി ഇന്നലെ രാവിലെ ഇരച്ചെത്തിയിരുന്നു.പലവിധ നാശനഷ്ടങ്ങളും അവർ വരുത്തുകയും ചെയ്തു. അവർ എംബസിക്ക് നേരെ ചെറിയ തീപന്തങ്ങളും കല്ലുകളും വലിച്ചെറിയുന്ന ചിത്രങ്ങൾ ഇന്നലെ പുറത്ത് വന്നിരുന്നു.

എംബസിയിലെ ഒരു മുറിയിലെ ഫർണീച്ചറുകൾ നശിപ്പിച്ചതിന്റെ ചിത്രങ്ങളും വെളിച്ചത്ത് വന്നിട്ടുണ്ട്. എന്നാൽ അധികം വൈകാതെ പ്രതിഷേധക്കാരോട് ശാന്തരാകാൻ ആവശ്യപ്പെട്ട് ഇറാന്റെ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തുകയും ചെയ്തു. നയതന്ത്ര സ്ഥാപനങ്ങളോട് ബഹുമാനം പ്രകടിപ്പിക്കണമെന്നായിരുന്നു മന്ത്രാലയം പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടത്.എംബസിക്ക് മുന്നിൽ നടന്ന പ്രതിഷേധത്തെ തുടർന്ന് 40ഓളം പേർ തെഹ്‌റാനിൽ അറസ്റ്റിലായിരുന്നു.പുരോഹിതനെ വധിച്ചതിൽ അന്താരാഷ്ട്രതലത്തിൽ കടുത്ത പ്രതിഷേധം ഇരമ്പിയിരുന്നു.സൗദിയുടെ ചെയ്തിയിൽ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ കടുത്ത നിരാശ രേഖപ്പെടുത്തിയിരുന്നു.

ഷെയ്ഖ് നിമാർ സൗദി സർക്കാരിനെതിരെ കടുത്ത പ്രതിഷേധം നയിച്ചയാളായിരുന്നു. അറബ് വസന്തത്തിന്റെകാലത്തായിരുന്നു അദ്ദേഹം സൗദി ഭരണകൂടത്തിനെതിരെ ശക്തമായി രംഗത്തെത്തിയത്. തുടർന്ന് 2012ൽ അദ്ദേഹം അറസ്റ്റിലുമായി. തന്റെ 50ാം വയസിൽ വധിക്കപ്പെടുന്നത് വരെ സൗദിയിലെ രാജകീയ കുടുംബത്തിന്റെ ശക്തനായ വിമർശകനായിരുന്നു നിമാർ. തൽഫലമായി കഴിഞ്ഞ ദശാബ്ദത്തിൽ അദ്ദേഹം പലവട്ടം അറസ്റ്റിലാവുകയും ചെയ്തിരുന്നു. അദ്ദേഹത്തെ സൗദി രഹസ്യപൊലീസ് ക്രൂരമായി മർദിച്ചതായും റിപ്പോർട്ടുണ്ട്.

സിറിയൻ പ്രശ്‌നത്തിലും യെമനിലെ കലാപത്തിലും ഇരു വശത്തായി നിലകൊണ്ട സൗദിയും ഇറാനും തമ്മിലുള്ള സ്പർധ വർധിക്കാൻ പുരോഹിതന്റെ കൊലപാതകം വഴിയൊരുക്കിയിരിക്കുയാണിപ്പോൾ. കഴിഞ്ഞ 10 വർഷത്തിനിടെ അൽഖ്വയ്ദയുമായി ബന്ധപ്പെട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട 47ഭീകരർക്കൊപ്പമാണ് നിമാറിനെ വധിച്ചതെന്നതും കടുത്ത പ്രതിഷേധത്തിന് വഴിമരുന്നിടുകയായിരുന്നു. ഇദ്ദേഹത്തിനൊപ്പം വധിച്ച ഭീകരരിലൊരാളായ അഡെൽ അൽദുബെയ്റ്റിയെ വധിത്ത് 2004ലെ വെടിവയ്പ് സംഭവത്തിന്റെ പേരിലാണ്. പ്രസ്തുത സംഭവത്തിൽ ഫ്രീലാൻസ് കാമറാമേനായ സൈമൻ കുംബേർസ് കൊല്ലപ്പെടുകയും ബിബിസി ജേർണലിസ്റ്റായ ഫ്രാങ്ക് ഗാർഡ്‌നെർക്ക് ഗുരുതരമായി മുറിവേൽക്കുകയും ചെയ്തിരുന്നു.കഴിഞ്ഞ വർഷം മാത്രം സൗദിയിൽ 150 പേരെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുള്ളത്.20 വർഷത്തിനിടെയുണ്ടായ ഏറ്റവും ഉയർന്ന സംഖ്യയാണിതെന്നാണ് മനുഷ്യാവകാശ ഗ്രൂപ്പുകൾ ആരോപിക്കുന്നത്. ഇവരെ ഏത് വിധത്തിലാണ് വധിച്ചതെന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ സൗദി പുറത്ത് വിട്ടിട്ടില്ല. എന്നാൽ സാധാരണ രാജ്യത്ത് വധശിക്ഷ നടപ്പിലാക്കുന്നത് തലവെട്ടിക്കൊണ്ടാണ്.

തെഹ്‌റാനിലെ തങ്ങളുടെ എംബസി സംരക്ഷിക്കുന്നതിൽ ഇറാൻ പരാജയപ്പെട്ടതിനാൽ സൗദിയിലെ ഇറാൻ പ്രതിനിധികൾ 48 മണിക്കൂറിനകം രാജ്യം വിട്ട് പോകണമെന്ന ഉത്തരവ് സൗദി പുറപ്പെടുവിച്ചിട്ടുണ്ട്.നിമാറിനെ കൊന്നതിനെ അപലപിച്ചതിലൂടെ തീവ്രവാദികളെ പിന്തുണയ്ക്കുന്ന യഥാർത്ഥ മുഖമാണ് ഇറാൻ വെളിപ്പെടുത്തിയിരിക്കുന്നതെന്നാണ് സൗദി ആരോപിച്ചിരിക്കുന്നത്.നിമാറിനെ വധിച്ചതിനെ ഇറാൻ പ്രസിഡന്റ് ഹസൻ റൗഹാനിയും അപലപിച്ചിട്ടുണ്ട്. എന്നാൽ തെഹ്‌റാനിലെ സൗദി എംബസി ആക്രമിച്ചത് ന്യായീകരിക്കാനാവില്ലെന്നും നീതിക്ക് വിരുദ്ധമാണെന്നുമാണ് അദ്ദേഹം പറയുന്നത്.പുരോഹിതനെ വധിച്ചതിന്റെ പ്രതിഷേധം ഇന്ത്യയിലും അലയടിച്ചിരുന്നു. ഇതിന്റെ ഭാഗമായി കാശ്മീരിൽ ഷിയാകൾ പൊലീസിനെ ആക്രമിച്ച സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.ബഹറിനിലും ഷിയാകൾ ഇതിനെ തുടർന്ന് പൊലീസുമായി ഏറ്റുമുട്ടിയിരുന്നു. സംഭവത്തെ തുടർന്ന് വിവിധ ഗൾഫ് രാജ്യങ്ങളിലും മധ്യപൂർവേഷ്യൻ രാജ്യങ്ങളിലും ഷിയാകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.