- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്രയേൽ എംബസിയിലെ സ്ഫോടനത്തിൽ ഇറാൻ സംഘടനകൾക്ക് പങ്കെന്ന് സംശയം; സ്ഫോടന സ്ഥലത്തു നിന്നും കണ്ടെടുത്ത കുറിപ്പിൽ നിന്നും ലഭിച്ചത് നിർണായക വിവരങ്ങൾ; അന്വേഷണം ഇറാൻ സംഘടനകളിലേക്ക് നീങ്ങവേ മൊസാദിന്റെ സഹായം തേടി ഇന്ത്യ; ഇസ്രയേലികൾക്ക് ഇന്ത്യ സുരക്ഷയൊരുക്കുമെന്ന് പൂർണ വിശ്വാസമെന്ന് നെതന്യാഹു
ന്യൂഡൽഹി: ഡൽഹിയിലെ സുരക്ഷാപ്രാധാന്യമുള്ള മേഖലയിൽ നടന്ന സ്ഫോടനത്തെ തുടർന്ന് രാജ്യം മുഴുവൻ അതീവ ജാഗ്രതയിലാണ്. ഇസ്രയേൽ എംബസിക്ക് സമീപത്താണ് സ്ഫോടനം നടന്നത് എന്നതിനാൽ തന്നെ ലോക മാധ്യമങ്ങളിൽ വലിയ വാർത്തയായി സംഭവം മാറിയിട്ടുണ്ട്. ഇതൊരു താക്കീതു മാത്രമാണ് എന്ന വിധത്തിലാണ് കണക്കാക്കപ്പെടുന്നത്. ഈ സാഹചര്യത്തിൽ കൂടുതൽ അന്വേഷണങ്ങളിലേക്ക് കടക്കുകയാണ് രഹസ്യാന്വേഷണ ഏജൻസികൾ.
ഇസ്രയേൽ എംബസിക്ക് സമീപത്തെ സ്ഫോടനത്തിൽ ഇറാനിയൻ സംഘടനകൾക്ക് പങ്കെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ സംശയിക്കുന്നത്. സ്ഫോടനസ്ഥലത്ത് നിന്നും ലഭിച്ച ചില കുറിപ്പുകളിലൂടെയാണ് ഇറാനിയൻ സംഘടനകളുടെ പങ്കിലേക്ക് അന്വേഷണം എത്തിയത്. ഇസ്രയേൽ എംബസി ഉദ്യോഗസ്ഥർ സ്ഫോടനത്തെ ഭീകരാക്രമണമെന്നാണ് സംശയിക്കുന്നത്. അന്വേഷണം ഭീകരവാദ വിരുദ്ധ യൂണിറ്റിന് ഡൽഹി പൊലീസ് കൈമാറിയിട്ടുണ്ട്. സ്ഫോടക വസ്തു നിയമപ്രകാരം എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സംഭവസ്ഥലത്ത് നിന്ന് ഇസ്രയേലി അംബാസഡർ എന്നെഴുതിയ ഒരു കവർ കണ്ടെടുത്തിട്ടുണ്ട്. സ്ഫോടനം ട്രെയിലർ മാത്രമാണെന്ന് സൂചിപ്പിക്കുന്ന കത്താണ് ഇതിനുള്ളിലുള്ളത്. ഇറാനിൽ കൊല്ലപ്പെട്ട പ്രമുഖരുടെ പേരും കത്തിലുള്ളതായാണ് സൂചന. സ്ഫോടനത്തിനായി അമോണിയം നൈട്രേറ്റ് ഉപയോഗിച്ചതായാണ് കരുതുന്നതെന്ന് ഭീകരവാദ വിരുദ്ധ സ്ക്വാഡ് ഉദ്യോഗസ്ഥൻ ഒരു ദേശീയമാധ്യമത്തോട് പറഞ്ഞു. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണത്തിനായി ഫോറൻസിക് റിപ്പോർട്ട് ലഭിക്കേണ്ടതുണ്ട്. സമീപപ്രദേശത്തുള്ള സിസിസിടിവി ദൃശ്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. രണ്ട് പേർ വാഹനത്തിൽ നിന്ന് ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. ഇവരുടെ പങ്ക് അന്വേഷിക്കുകയാണ്.
സംഭവത്തിൽ ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ സഹായവും ഇന്ത്യ തേടിയിട്ടുണ്ട്. സംഭവത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി. ഇന്ത്യയിൽ താമസിക്കുന്ന ഇസ്രയേലികളേയും യഹൂദന്മാരെയും ഇന്ത്യൻ ഭരണകൂടം സംരക്ഷിക്കുമെന്ന് തനിക്ക് പരിപൂർണ്ണ വിശ്വാസമുണ്ടെന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. സ്ഫോടനത്തെക്കുറിച്ച് സർക്കാർ അധികൃതർ സമഗ്രമായ അന്വേഷണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും നെതന്യാഹു പറഞ്ഞു.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനാണ് ഡൽഹി ഇസ്രയേൽ എംബസിക്ക് സമീപം സ്ഫോടനമുണ്ടായത്. സ്ഫോടനത്തിനുശേഷം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇസ്രയേലിലെ സുരക്ഷാഉപദേഷ്ടാവ് മീർ ബെൻ ഷബാത്തുമായി ചർച്ച നടത്തിയിരുന്നു. അജിത് ഡോവൽ കാര്യങ്ങൾ വിശദീകരിച്ചശേഷം നെതന്യാഹു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ടുവിളിച്ച് തങ്ങൾക്ക് ഇന്ത്യയിലുള്ള വിശ്വാസം വ്യക്തമാക്കുകയായിരുന്നു. സ്ഫോടനവിഷയത്തിലെ അന്വേഷണത്തിലുള്ള പുരോഗതി യഥാസമയം തന്നെ ഇസ്രയേലിനെ അറിയിക്കുമെന്നും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി.
ഇസ്രയേൽ എംബസിക്കുസമീപം എങ്ങനെയാണ് സ്ഫോടനമുണ്ടായത് എന്ന് കണ്ടെത്താനുള്ള അന്വേഷണം ഊർജിതമായി നടക്കുകയാണ്. കേന്ദ്രമന്ത്രി എസ് ജയശങ്കറും ഇസ്രയേൽ മന്ത്രിമാരുമായി ഇതുസംബന്ധിച്ച് ചർച്ചകൾ നടത്തിവരികയാണ്. നടന്നത് തീവ്രത കുറഞ്ഞ സ്ഫോടനമാണെങ്കിലും വിഷയത്തെ വളരെ ഗൗരവമായാണ് കാണുന്നതെന്ന് ഇന്ത്യ ഇസ്രയേലിനെ അറിയിച്ചു.
എംബസി കെട്ടിടത്തിന് സമീപത്തെ നടപ്പാതയിലാണ് സ്ഫോടനമുണ്ടായത്. ആ സമയത്ത് സംഭവസ്ഥലത്തുകൂടി സഞ്ചരിക്കുകയായിരുന്ന അഞ്ച് കാറുകളുടെ ഗ്ലാസുകൾ സ്ഫോടനത്തിൽ തകർന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, സർക്കാരിന്റെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ താമസിക്കുന്ന വിജയ ചൗക്കിന് രണ്ട് കിലോമീറ്റർ ദൂരത്തായിരുന്നു സ്ഫോടനം. സ്ഫോടക വസ്തു ഉണ്ടായിരുന്നെന്ന് കരുതുന്ന പ്ലാസ്റ്റിക് ബാഗ് നടപ്പാതയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇത് പൊട്ടിത്തെറിച്ചാണ് കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം.
ഡൽഹിയിലെ ഇസ്രയേൽ എംബസിക്ക് സമീപമുണ്ടായ സ്ഫോടനത്തെതുടർന്ന് മുംബൈയിലും സുരക്ഷാ നടപടികൾ ശക്തമാക്കി. ഛത്രപതി ശിവജി റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം, നഗരത്തിലെ പ്രധാനഭാഗങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കി. വിവിധയിടങ്ങളിൽ മുംബൈ പൊലീസ് പരിശോധന നടത്തി. ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്നും ഇസ്രയേലി, യഹൂദ കേന്ദ്രങ്ങളിൽ സുരക്ഷ വർദ്ധിപ്പിക്കുകയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. 2008 ലെ ഭീകരാക്രമണത്തിൽ ആക്രമിക്കപ്പെട്ട കൊളാബയിലെ ചബാദ് ഹൗസ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. സായുധ പൊലീസ് കമാൻഡോകൾക്കൊപ്പം ഡോഗ് സ്ക്വാഡ്, കവചിത വാഹനങ്ങളടക്കം സ്ഥലത്ത് വിന്യസിച്ചു.
മറുനാടന് ഡെസ്ക്