- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കയെ സൈബർ യുദ്ധത്തിലൂടെ നേരിടാനൊരുങ്ങി ഇറാൻ; ഭരണകൂടത്തിന്റെ മൗന സന്നതത്തോടെ യു.എസ് സൈറ്റുകൾ ഹാക്ക് ചെയ്ത് സൈബർ പോരാളികൾ; ശക്തമായ തിരിച്ചടി നൽകാനൊരുങ്ങി എഫ്.ബി.ഐയും; സുലൈമാനിയെ വധിച്ചതിലെ പ്രതികാരഗ്നിയിൽ ഇറാനിയൻ യുവത്വവും; അമേരിക്കയ്ക്ക് എതിരെ തുറന്ന് പോര്
വാഷിങ്ടൺ സിറ്റി:അമേരിക്കയ്‌ക്കെതിരെ ഭരണകൂടത്തിന്റെ പിന്തുണയോടെ ഇറാനിലെ ഹാക്കർമാരുടെ സൈബർ യുദ്ധം. സൈബർ ആക്രമണത്തിലൂടെയാണ് അമേരിക്കയെ ഇറാനിയൻ ഹാക്കേഴ്‌സ് നേരിടുന്നത്. സാമ്പത്തിക ഉപരോധങ്ങളും മറ്റുമായി യുഎസ് വരിഞ്ഞുമുറുക്കുമ്പോൾ ഇന്റർനെറ്റിലൂടെ തിരിച്ചടിക്കുകയാണു സൈബർ പോരാളികൾ. ഇറാനിലെ ഹാക്കർമാർക്കെതിരെ ശക്തമായ വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുകയാണു യുഎസ്. സൈബർ ആക്രമണം ഉണ്ടാകുമെന്നതിനാൽ എല്ലാ സ്ഥാപനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നു യുഎസ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ കീഴിലുള്ള സൈബർ സെക്യൂരിറ്റി ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെക്യൂരിറ്റി ഏജൻസി (സിഐഎസ്എ) നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇറാനിൽനിന്നു ലോകത്തിനും പ്രത്യേകിച്ചു യുഎസിനും നേരിടേണ്ടി വരുന്ന സൈബർ ഭീഷണിയുടെ ആഴമാണ് കേസുകളിൽ കാണാനാവുന്നതെന്നു ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) വ്യക്തമാക്കുന്നു. സൈബർ നുഴഞ്ഞുകയറ്റം, തട്ടിപ്പ്, യുഎസ് വെബ്സൈറ്റുകളുടെ നശീകരണം, യുഎസ് എയ്റോസ്പേസ്, സാറ്റലൈറ്റ് ടെക്നോളജി കമ്പനികളിൽ നിന്നുള്ള ബൗദ്ധിക സ്വത്തവകാശ മോഷണം തുടങ്ങിയവയിലാണ് ഇറാൻ പൗരന്മാർക്കെതിരെ കേസെടുത്തത്. ഇറാനിയൻ സർക്കാരിന്റെ നിർദേശപ്രകാരമോ അല്ലെങ്കിൽ അവരുടെ പിന്തുണയാലോ ആണു ഹാക്കിങ് ഉൾപ്പെടെയുള്ള സൈബർ ആക്രമണങ്ങൾ നടന്നതെന്ന് എഫ്ബിഐ ചൂണ്ടിക്കാട്ടുന്നു.
ജനുവരിയിൽ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് തലവൻ ഖാസിം സുലൈമാനിയെ യുഎസ് വധിച്ചതിനു പ്രതികാരമായി യുഎസിലെ ഒന്നിലേറെ വെബ്സൈറ്റുകൾ നശിപ്പിച്ചെന്നാരോപിച്ചാണു ബെഹ്‌സാദ് മുഹമ്മദ്സാദെ, മർവാൻ അബുസ്രർ എന്നിവർക്കെതിരെ മാസച്യുസിറ്റ്‌സിൽ കേസെടുത്തത്. സൈബർ നുഴഞ്ഞുകയറ്റവും യുഎസ് വിരുദ്ധ പ്രചാരണവും നടത്തിയെന്ന കുറ്റമാണു ഹൂമാൻ ഹൈദേറിയൻ, മെഹ്ദി ഫർഹാദി എന്നിവർക്കെതിരെ ന്യൂജഴ്‌സിയിൽ ചുമത്തിയത്. ഇറാൻ സർക്കാരിന്റെ നിർദേശപ്രകാരം ന്യൂജഴ്സിയിൽ മാത്രമല്ല ലോകമെമ്പാടുമുള്ള കംപ്യൂട്ടറുകളെ ഇവർ ലക്ഷ്യമിട്ടിരുന്നെന്നാണ് കുറ്റപത്രത്തിലെ ആരോപണം. മർവാൻ അബുസ്രർ ഫലസ്തീൻ സ്വദേശിയാണ്, ബാക്കിയുള്ളവർ ഇറാൻകാരും.
ബോസ്റ്റൺ, അലക്‌സാൻഡ്രിയ, നെവാർക്ക് എന്നിവിടങ്ങളിലെ ഫെഡറൽ കോടതികളിലാണു കേസ് ഫയൽ ചെയ്തിട്ടുള്ളത്. ദൂരവും അതിർത്തിയും പരിഗണിക്കാതെ ഹാക്കർമാർ പരിണതഫലങ്ങൾ നേരിടേണ്ടിവരുമെന്നു സന്ദേശം അയച്ചതായി പ്രോസിക്യൂട്ടർമാരും എഫ്ബിഐയും പറഞ്ഞു. 'യുഎസ് നെറ്റ്‌വർക്കുകളിൽ കടന്നുകയറാനോ ഞങ്ങളുടെ ബൗദ്ധിക സ്വത്തവകാശം മോഷ്ടിക്കാനോ നിർണായകമായ നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചർ അപകടത്തിലാക്കാനോ സാധിക്കുമെന്നു ഒരു സൈബർ ഹാക്കറും ശക്തിയും കരുതരുത്' എഫ്ബിഐയുടെ ക്രിമിനൽ, സൈബർ, പ്രതികരണ, സേവന ബ്രാഞ്ചിലെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് ഡയറക്ടർ ടെറി വേഡ് പറഞ്ഞു.
യുഎസിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാനും ഇറാൻ സർക്കാരിനുവേണ്ടി പ്രവർത്തിക്കുന്ന സൈബർ പോരാളികൾക്കു തിരിച്ചടി നൽകാനുമായി പങ്കാളികൾക്കൊപ്പമുള്ള എഫ്ബിഐയുടെ പ്രവർത്തനം തുടരുമെന്നും ടെറി വേഡ് കൂട്ടിച്ചേർത്തു. അതീവ രഹസ്യ സ്വഭാവമുള്ള നൂറുകണക്കിനു ടെറാബൈറ്റ് ഡേറ്റ മോഷ്ടിച്ച ഹാക്കർമാർ സൈറ്റുകൾ തകർക്കുകയും ചെയ്തു. കൂടാതെ, ഇറാനിലെ പ്രതിപക്ഷം, വിദേശ എതിരാളികൾ, ഇസ്രയേൽ, സൗദി അറേബ്യ തുടങ്ങിയവർക്കുള്ള ഭീഷണി സന്ദേശങ്ങൾ 'സെജീൽ' എന്ന പേരിൽ സൈറ്റുകളിൽ പ്രദർശിപ്പിച്ചെന്നും കണ്ടെത്തി.
ഇറാനിലെ റവല്യൂഷനറി ഗാർഡിനു വേണ്ടി വ്യക്തിവിവരങ്ങൾ ചോർത്തുകയും ഹാക്കിങ് നടത്തുകയും ചെയ്തതിനു മേൽനോട്ടം വഹിച്ച സെയ്ദ് പൗർകരിം അറബി, മുഹമ്മദ് റെസ എസ്പർഗാം, മുഹമ്മദ് ബയാത്തി എന്നിവർക്കെതിരെ വിർജീനിയയിലും കേസുണ്ട്. ഹാക്കിങ്ങിനായുള്ള പ്രചാരണം 2015 ൽ ആരംഭിച്ചെന്നാണു കണ്ടെത്തൽ. ഇതിനായി ഓസ്ട്രേലിയ, ഇസ്രയേൽ, സിംഗപ്പൂർ, യുകെ എന്നിവിടങ്ങളിലെ രാജ്യാന്തര സർക്കാർ സംഘടനകളുടേത് ഉൾപ്പെടെ 1800 ലധികം ഓൺലൈൻ അക്കൗണ്ടുകളുടെ പട്ടിക ഇവരുടെ കയ്യിലുണ്ടായിരുന്നു.
ഈ പട്ടികയിലുള്ളവരുമായി സമ്പർക്കം പുലർത്തുന്നതിനും ഓൺലൈനിൽ അവരുടെ ഐഡന്റിറ്റികൾ മനസ്സിലാക്കി ഹാക്ക് ചെയ്യുന്നതിനും സോഷ്യൽ എൻജിനീയറിങ് തന്ത്രങ്ങളാണ് ഉപയോഗിച്ചത്. ഇതിലൂടെ, ലിങ്കുകളിലും ഡോക്യുമെന്റുകളിലും മാൽവെയറുകളെ ഒളിപ്പിച്ച്, അവരുടെ സൗഹൃദപ്പട്ടികയിലെ മറ്റു വ്യക്തികൾക്ക് സന്ദേശങ്ങൾ അയയ്ക്കാൻ സാധിച്ചു. ഇങ്ങനെ അനേകം കംപ്യൂട്ടർ ശൃംഖലകളിലേക്കു ഹാക്കർമാർക്കു പ്രവേശനം കിട്ടി. ആവശ്യമായ വിവരങ്ങൾ ചോർത്തിയ ശേഷം സമൂഹമാധ്യമ അക്കൗണ്ടുകളും വെബ്‌സൈറ്റുകളും തകർക്കുകയും ചെയ്തു..
അന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഇറാനിലെ ഹാക്കർമാർ ഉപയോഗിക്കുന്ന എട്ട് വ്യത്യസ്ത മാൽവെയറുകളുടെ വിശദാംശങ്ങൾ കഴിഞ്ഞദിവസം എഫ്ബിഐ പുറത്തുവിട്ടു. പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും കംപ്യൂട്ടർ നെറ്റ്‌വർക്കുകൾ സംരക്ഷിക്കാൻ കമ്പനികളെ പ്രേരിപ്പിക്കുന്നതിനുമാണ് മാൽവെയറുകൾ ഏതൊക്കെയാണെന്നു പരസ്യപ്പെടുത്തിയത്. സൈബർ യുദ്ധത്തിന് ഇറാനിലെ ഇന്റലിജൻസ് ആൻഡ് സെക്യൂരിറ്റി മന്ത്രാലയത്തെ സഹായിക്കുന്നതു റാണ ഇന്റലിജൻസ് കംപ്യൂട്ടിങ് കമ്പനിയാണെന്നു തിരിച്ചറിഞ്ഞു. ചുരുങ്ങിയത് 15 യുഎസ് കമ്പനികളെയാണു ഇവർ ലക്ഷ്യമിട്ടത്.
ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ 30 ലധികം രാജ്യങ്ങളിലെ നൂറുകണക്കിന് വ്യക്തികളെയും സ്ഥാപനങ്ങളെയും റാണ കമ്പനി ഉന്നമിട്ടിരുന്നു എന്നും വ്യക്തമായി. റാണയ്ക്കും 45 സൈബർ ഹാക്കർമാർക്കും എതിരെ യുഎസ് ട്രഷറി ഉപരോധം ഏർപ്പെടുത്തി. ഈ നീക്കങ്ങൾ എഫ്ബിഐയുടെ പുതിയ സൈബർ തന്ത്രത്തിന്റെ പ്രതിഫലനമാണെന്നും യുഎസിന്റെയും പങ്കാളികളുടെയും സൈബർ വലയിൽ കടന്നുകയറാൻ ആരെയും അനുവദിക്കില്ലെന്നും എഫ്ബിഐ ഡയറക്ടർ ക്രിസ്റ്റഫർ എ.വ്രേ പറഞ്ഞു.
മറുനാടന് ഡെസ്ക്