ന്യൂഡൽഹി: ഇറാനുമായുള്ള അന്താരാഷ്ട്ര ആണവകരാറിൽനിന്ന് ഏകപക്ഷീയമായ പിന്മാറിയ അമേരിക്ക, നവംബർ നാലുമുതൽ പ്രഖ്യാപിച്ച ഉപരോധം നിലവിൽ വന്നതോടെ എണ്ണ ഇറക്കുമതിയിൽനിന്ന് പതുക്കെ പിന്മാറുകയാണ് മറ്റു രാഷ്ട്രങ്ങൾ. ഏപ്രിലിൽ അമേരിക്ക പ്രഖ്യാപിച്ച അന്ത്യശാസനം നിലവിൽ വന്നതോടെ, ഇറാനിൽനിന്നുള്ള എണ്ണ കയറ്റുമതി 40 ശതമാനത്തോളം കുറഞ്ഞിരുന്നു. ഇറക്കുമതി ചെയ്യുന്നതിൽ ചില രാജ്യങ്ങൾക്കേർപ്പെടുത്തിയിട്ടുള്ള ഇളവുകളിലാണ് ഇപ്പോൾ ഇറാന്റെ പ്രതീക്ഷ. ഇന്ത്യയുൾപ്പെടെ എട്ടുരാജ്യങ്ങൾക്കാണ് ട്രംപ് ഭരണകൂടം ഇറക്കുമതി ഇളവ് അനുവദിച്ചത്.

എണ്ണ ഉദ്പാദക രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്തുള്ള ഇറാന്റെ പ്രധാന നിലനിൽപ്പ് എണ്ണവരുമാനത്തിൽനിന്നുതന്നെയാണ്. ഇറാൻ ആണവായുധ പരിപാടികൾ രഹസ്യമായി തുടരുന്നുവെന്നാരോപിച്ചാണ് അമേരിക്ക കരാറിൽനിന്ന് പിന്മാറിയതും ഉപരോധം പ്രഖ്യാപിച്ചതും. ഇറാനിൽനിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെതിരേയും സമാനമായ നിലപാട് സ്വീകരിക്കുമെന്നും ട്രംപ്് ഭരണകൂടം ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ, ഇറക്കുമതി പൂർണമായി നിർത്തുന്നത് തങ്ങളുടെ രാജ്യത്തെ ഊർജാവശ്യങ്ങൾക്ക് തിരിച്ചടിയാകുമെന്നും ഇന്ധനവിലക്കയറ്റത്തിനിടയാക്കുമെന്നും സൂചിപ്പി്ച്ച മറ്റുരാജ്യങ്ങൾ ഇളവ് ആവശ്യപ്പെട്ട് അമേരിക്കയെ സമീപിക്കുകയായിരുന്നു.

ഇതേത്തുടർന്നാണ് ദിവസം പത്തുലക്ഷം ബാരൽ എണ്ണ കയറ്റുമതിക്ക് അവസരമൊരുക്കി ട്രംപ് ഭരണകൂടം ഇളവുകൾ പ്രഖ്യാപിച്ചത്. ഇതോടെ ഇറാനും അതേസമയം ഇറാനിൽനിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കും ആശ്വാസമായി. ഓരോ രാജ്യത്തിനും വ്യത്യസ്തമായ തരത്തിലാണ് അമേരിക്ക പ്രഖ്യാപിച്ച ഇളവുകൾ ബാധകമാവുക. ഇന്ത്യ എ്ണ്ണയ്ക്കായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന രാജ്യമാണ് ഇറാനെന്നതിനാൽ ഈ തീരുമാനം ഇന്ത്യക്കും നിർണായകമാണ്.

ദിവസേന 5,50,000 ബാരൽ എണ്ണയാണ് ഇന്ത്യ ഇറാനിൽനിന്ന് ഇറക്കുമതി ചെയ്തിരുന്നത്. അമേരിക്ക നിയന്ത്രണങ്ങൾ പ്രഖ്യാപി്ച്ചയുടനെ ഇറാനിൽനിന്നുള്ള ഇറക്കുമതി നിയന്ത്രിക്കാൻ ഇന്ത്യ തീരുമാനിച്ചിരുന്നു. എണ്ണവില കുത്തനെ ഉയരുന്ന ഇന്ത്യയിൽ നരേന്ദ്ര മോദി സർക്കാരിന്റെ ഈ അമേരിക്കൻ പക്ഷ നിലപാട് വ്യാപക പ്രതിഷേധത്തിനും ഇടയാക്കി. ഇതോടെയാണ് ഇളവാവശ്യപ്പെടട് ഇന്ത്യ ട്രംപ് ഭരണകൂടത്തിൽ സമ്മർദം ചെലുത്തിയത്. ന്യൂഡൽഹിയിൽ നടന്ന ടു പ്ലസ് ടു ചർച്ചയിലും ഇന്ത്യ ഇക്കാര്യം ഉന്നയിച്ചിരുന്നു. ഏതായാലും നിലവിൽ അമേരിക്ക പ്രഖ്യാപിച്ച ഇളവനുസരിച്ച് ഇന്ത്യക്ക് ഇറാനിൽനിന്ന് ഒരു ദിവസം മൂന്നുലക്ഷം ബാരൽ എണ്ണവരെ ഇറക്കുമതി ചെയ്യാം.

ദിവസം 6,58,000 ബാരൽ ഇറക്കുമതി ചെയ്തിരുന്ന ചൈനയായിരുന്നു ഇറാനിൽനിന്നുള്ള ഇറക്കുമതിയിൽ മുന്നിൽ. ്ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച ഇളവനുസരിച്ച ഇനിമുതൽ െൈചനയ്ക്ക് ദിവസം 3,60,000 ലക്ഷം ബാരൽ എണ്ണ ഇറക്കുമതി ചെയ്യാനാവും. അമേരിക്കൻ പ്രഖ്യാപനം വന്നയുടനെ, രണ്ട് സർക്കാർ റിഫൈനറികൾ ഇറാനിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് ചൈന നിർത്തിവെച്ചിരുന്നു. പ്രസിഡന്റ് ഷി ജിൻപിങ്ങും യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യം ചർച്ചയാവുകയും ചെയ്തിരുന്നു.

ഉപരോധത്തിന് മുമ്പ് ദിവസം മൂന്നുലക്ഷം ബാരൽ എണ്ണയാണ് ദക്ഷിണകൊറിയ ഇറാനിൽനിന്ന് ഇറക്കുമതി ചെയ്തിരുന്നത്. അത് രണ്ടുലക്ഷമായി നിയന്ത്രിക്കാൻ അമേരിക്ക അനുവദിച്ചു. ഇറാനിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്തായിരുന്നു സൗത്തുകൊറിയ. അമേരിക്ക ഉപരോധം പ്രഖ്യാപിച്ചയുടൻ ഇറക്കുമതി കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച രാജ്യംകൂടിയാണത്. ദിവസം 1,60,000 ബാരൽ എണ്ണ ഇറക്കുമതി ചെയ്തിരുന്ന ജപ്പാന് എത്രത്തോളം ഇളവ് വേണമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. രാജ്യത്തെ റിഫൈനറികൾ അടുത്തുതന്നെ ഇറക്കുമതി പുനരാരംഭിക്കുമെന്ന് ജാപ്പനീസ് ധനവകുപ്പ് മന്ത്രി ഹീറോഷിഗെ സെക്കോ പറഞ്ഞു.