ടെഹ്‌റാൻ: ഇറാനുമായി ആണവക്കരാറിൽ ഏർപ്പെട്ടത് തെറ്റായിപ്പോയോ എന്ന ആശങ്കയിലാണ് അമേരിക്ക ഇപ്പോൾ. ആണവക്കരാർ ഒപ്പിട്ടതിന് പിന്നാലെ കരാറിന് വിരുദ്ധമായി ഇറാൻ ദീർഘദൂര മിസൈൽ പരീക്ഷിച്ചിരുന്നു. ഇപ്പോഴിതാ, ഭൂമിക്കടിയിൽ സൂക്ഷിച്ചിട്ടുള്ള വൻതോതിലുള്ള ആയുധശേഖരം ലോകത്തിന് കാട്ടിക്കൊടുത്ത് വെല്ലുവിളിക്കുകയാണ് ഇറാൻ. തെറ്റുകാണിക്കുന്ന ശത്രുക്കൾക്കെതിരെ ഇവ പ്രയോഗിക്കുമെന്ന് വ്യക്തമാക്കിയ ഇറാൻ സൈനിക മേധാവി, ആവശ്യഘട്ടത്തിൽ ഒരു അഗ്നിപർവതത്തിൽനിന്നെന്ന പോലെ ഇവ പുറത്തേയ്ക്ക് പ്രവഹിക്കുമെന്നും പറഞ്ഞു. സിറിയയിലെ യുദ്ധത്തിൽ റഷ്യയുമായി സഹകരിച്ചാണ് ഇറാൻ നീങ്ങുന്നത്.

ഈ യുദ്ധം അതിശക്തമാകുമ്പോഴാണ് ഇറാന്റെ പുതിയ നീക്കം. സിറിയ യുദ്ധത്തിൽ ഇതെല്ലാം ഉപയോഗിക്കാനുള്ള സാധ്യതയുമുണ്ട്. സിറിയയിൽ ഇറാനും റഷ്യയും ഒരുമിച്ചതോടെ പശ്ചിമേഷ്യയിൽ അമേരിക്കൻ നിയന്ത്രണത്തിന് തിരിച്ചടി ഏറ്റിരുന്നു. ഇതിന് വേണ്ടിയാണ് ഇറാനുമായി ആണവ കരാറിന് തയ്യാറായത്. ഇറാനെതിരായ വിലക്കുകളും നീങ്ങി. ഇതിന് ശേഷം തന്ത്രപരമായ നീക്കത്തിലൂടെ ഇറാൻ റഷ്യയുടെ പക്ഷത്ത് എത്തുകയായിരുന്നു. ഇതിന് ശേഷമാണ് അമേരിക്കയേയും നാറ്റോയയേും വെല്ലുവിളിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിയത്. ഇതിന്റെ ഭാഗമായി തന്നെയാണ് പുതിയ വെളിപ്പെടുത്തലും.

മിസൈലുകളും മിസൈൽ വാഹിനികളും നിറച്ച നൂറുകണക്കിന് മീറ്റർ നീളമുള്ള ടണലിന്റെ ദൃശ്യം ഇറാനിയൻ ദേശീയ ടെലിവിഷനാണ് പുറത്തുവിട്ടത്. വൻശക്തികളുമായി ഒപ്പുവച്ച ആണവ കരാറിന് ഇറാൻ പാർലമെന്റ് അംഗീകാരം നൽകിയതിന്റെ തൊട്ടുപിറ്റേന്നാണ് ഈ ദൃശ്യം സൈന്യം പുറത്തുവിട്ടതെന്നത് ശ്രദ്ധേയമാണ്. മൂന്നുദിവസം മുമ്പാണ് പുതിയതായി വികസിപ്പിച്ച ലോങ് റേഞ്ച് മിസൈൽ ഇറാൻ പരീക്ഷിച്ചത്. ഇത് ഐക്യരാഷ്ട്രസഭാ സുരക്ഷാ സമിതിയുമായുണ്ടാക്കിയ കരാറിന് വിരുദ്ധമാണെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു.

എന്നാൽ ആണവ കരാർ തങ്ങളുടെ പ്രതിരോധ പ്രവർത്തനങ്ങളെ ഒരുതരത്തിലും ബാധിക്കില്ലെന്നാണ് ഇറാന്റെ നിലപാട്. മിസൈൽ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും അവർ വ്യക്തമാക്കി. ആണവകരാർ ഇറാന്റെ സൈനികശേഷിയെ തളർത്തിയിട്ടില്ലെന്ന് കാണിക്കാനാണ് ഈ ദൃശ്യങ്ങൾ പുറത്തുവിട്ടതെന്ന് കരുതുന്നു. പത്തുമീറ്ററോളം ഉയരമുള്ള, നൂറുകണക്കിന് മീറ്റർ നീളമുള്ള തുരങ്കത്തിൽ നിരനിരയായി മിസൈൽ ലോഞ്ചറുകൾ നിർത്തിയിട്ടിരിക്കുന്ന ദൃശ്യമാണ് പുറത്തുവിട്ടത്. ഇവയിലെല്ലാം പല തരത്തിലുള്ള മിസൈലുകൾ സൂക്ഷിച്ചിട്ടുമുണ്ട്.

ഇതൊരു ഉദാഹരണം മാത്രമാണെന്നും സമാനമായ നിരവധി ടണലുകൾ രാജ്യത്തിന്റെ പലഭാഗത്തായി സൃഷ്ടിച്ചിട്ടുണ്ടെന്നും ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സ് എയറോസ്‌പേസ് വിഭാഗം കമാൻഡർ ബ്രിഗേഡിയർ ജനറൽ അമിർ അലി ഹാജിസദേ പറഞ്ഞു. അരക്കിലോമീറ്റർവരെ താഴ്ചയിലാണ് ടണലുകൾ നിർമ്മിച്ചിട്ടുള്ളത്. നഗരങ്ങളിലെയും പ്രവിശ്യകളിലെയും വലിയ മലനിരകൾക്ക് താഴെയായാണ് ഈ തുരങ്കങ്ങൾ നിർമ്മിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. പരമോന്നത നേതാവായ ആയത്തൊള്ള അലി ഖമേനിയുടെ ഉത്തരവനുസരിച്ച് പ്രവർത്തിക്കാൻ സജ്ജമാക്കിയ ആയുധശേഖരമാണിതെന്നും സൈനിക മേധാവി പറഞ്ഞു.