തിരുവനന്തപുരം: ആലപ്പുഴ തീരത്തു നിന്നും പിടികൂടിയ ഇറാൻ ബോട്ടിൽ ഉണ്ടായിരുന്നത് രാജ്യാന്തര ലഹരികടത്തു സംഘാംഗങ്ങളാണെന്ന് അന്വേഷണ സംഘങ്ങളാണെന്ന് വ്യക്തമായതോടെ കേരള തീരത്ത് കടുത്ത ആശങ്ക. അന്താരാഷ്ട്ര ലഹരികടത്തു സംഘങ്ങളുടെ യാത്രാപാതയായി കേരള തീരവും മാറിയോ എന്ന ആശങ്കയാണ് ശക്തമാകുന്നത്. പിടികൂടിയ ഇറാൻ ബോട്ടിൽ നിന്നും കഞ്ചാവ് പോലുള്ള ലഹരിമരുന്നിന്റെ അവശിഷ്ടം കണ്ടെടുത്തതും ഇവരുടെ ഉപഗ്രഹ ഫോണിന്റെ വിശദാംശങ്ങൾ വീണ്ടും പരിശോധിക്കുകയും ചെയ്തപ്പോഴാണ് ലഹരിക്കടത്തു സംഘത്തിലെ അംഗങ്ങലാണ് ഇവരെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘമെത്തിയത്.

ഓസ്‌ട്രേലിയൻ തീരസംരക്ഷണ സേന 581 കിലോ ഹെറോയിൻ പിടികൂടിയെന്നും കരുതലോടെ നീങ്ങണമെന്നും ബോട്ടിലുണ്ടായിരുന്നവർക്ക് ഉപഗ്രഹ ഫോണിലൂടെ മുന്നറിയിപ്പു ലഭിച്ചിരുന്നതായി പരിശോധനയിൽ വ്യക്തമായതാണ് നിർണായക വഴിത്തിരിവായത്. സംഘത്തിന്റെ ലഹരികടത്തുബന്ധത്തിനു പ്രധാന തെളിവായി അന്വേഷണസംഘം കാണുന്നത് ഈ സംഭാഷണമാണ്. എന്നാൽ, ഈ സംഭഷണത്തിൽ ഉപരിയായുള്‌ല തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. ഇത് അന്വേഷണ സംഘത്തെ ആശങ്കയിലാക്കുന്നുണ്ട്.

തീരദേശ സേന ബോട്ട് ആലപ്പുഴയിൽ പിടികൂടുമെന്ന് ഉറപ്പായ ഘട്ടത്തിൽ ഇവർ മയക്കുമരുന്ന് കടലിൽ താഴ്‌ത്തിയെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. പിടികൂടുമ്പോൾ അതിലുണ്ടായിരുന്ന എന്തോ ഭാരമുള്ള വസ്തു ഇവർ കടലിലേക്കു കെട്ടിയിട്ടിരുന്നു. അതു മുറിച്ചുകളഞ്ഞിട്ടാണു ബോട്ട് തീരത്തേക്ക് അടുപ്പിച്ചതെന്നു തീരസേനയിലെ ഒരു ഉദ്യോഗസ്ഥൻ പൊലീസിനോടു പറഞ്ഞിരുന്നു. ഇതുസംബന്ധിച്ചു ദുരൂഹത തുടരുകയാണ്. ഈ സംഭവവും ഹെറോയിൻ സംബന്ധിച്ച സംഭാഷണവും ലഹരിമരുന്നുകടത്തു സാധ്യതയിലേക്കു വഴിതുറക്കുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഇറാനു പുറമെ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലേക്കു ബോട്ടിലുണ്ടായിരുന്നവർ വിളിച്ചതിനുള്ള തെളിവുകളും ലഭിച്ചിട്ടുണ്ട്.

ഇറാൻ, പാക്കിസ്ഥാൻ പൗരന്മാർ ഉൾപ്പെട്ട കേസായതിനാൽ ദേശീയ ഏജൻസികളും അതീവ ഗൗരവത്തോടെയാണ് ഇപ്പോൾ പുറത്തുവന്ന വിശദാംശങ്ങളെ വിലയിരുത്തുന്നത്. ബോട്ടിലുണ്ടായിരുന്ന ഉപഗ്രഹ ഫോൺ, ആന്റിന പാക്ക് തിരിച്ചറിയൽ കാർഡ് എന്നിവയാണു സംഘത്തെക്കുറിച്ച് ആദ്യംമുതൽ സംശയം ജനിപ്പിച്ചത്. ഭീകരവാദ ബന്ധമോ ലഹരികടത്തു ബന്ധമോ ആണു പൊലീസ് സംശയിച്ചത്. എന്നാൽ ഭീകരബന്ധം സംബന്ധിക്കുന്ന സൂചനകൾ പരിശോധനയിലോ ചോദ്യംചെയ്യലിലോ ലഭിച്ചില്ല. ഉപഗ്രഹ ഫോൺ, ആന്റിന എന്നിവ കോടതി വഴി ഫൊറൻസിക് ലാബ് പരിശോധനയ്ക്ക് അയച്ചിരുന്നു.

ഉപഗ്രഹ ഫോണിന്റെ ഫൊറൻസിക് പരിശോധനാഫലം ലഭിക്കുന്നതോടെ ലഹരിമരുന്നു സംഘത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നും പൊലീസിനു പ്രതീക്ഷയുണ്ട്. ഭീകരവാദ ബന്ധം സംശയിച്ച സാഹചര്യത്തിൽ കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) വിട്ടിരുന്നു. എൻഐഎയുടെ സഹായത്തോടെയാണു സംസ്ഥാന പൊലീസ് കേസന്വേഷിക്കുന്നത്. പൊലീസിന്റെ ചോദ്യംചെയ്യലിനു ശേഷം ഇവർ 31 വരെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

ദേശീയ രഹസ്യാന്വേഷണ ഏജൻസിയായ 'റോ' നൽകിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ഈ മാസം അഞ്ചിനാണു തീരസംരക്ഷണ സേന ഇറാൻ ബോട്ടും അതിലുണ്ടായിരുന്ന 12 പേരെയും പിടികൂടിയത്. കൊച്ചിക്കും വിഴിഞ്ഞത്തിനും മധ്യേ ആലപ്പുഴ കന്യാകുളങ്ങര ഭാഗത്തെ പുറംകടലിൽ വച്ചാണു പിടിയിലായത്. ഏഴ് ഇറാൻകാരും പാക്ക് പ്രവിശ്യയായ ബലൂചിസ്ഥാനിൽ താമസിക്കുന്ന അഞ്ചുപേരുമാണ് ഉണ്ടായിരുന്നത്. ഇവരുടെ പക്കൽ പാക്കിസ്ഥാൻ തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തിയിരുന്നു.