പാരീസ്: വിഖ്യാത ഇറാനിയൻ സംവിധായകൻ അബ്ബാസ് കിരോസ്തമി അന്തരിച്ചു. 76 വയസായിരുന്നു. അർബുദ രോഗത്തെ തുടർന്ന് ഫ്രാൻസിൽവച്ചായിരുന്നു മരണമെന്ന് ഇറാനിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തിരക്കഥാകൃത്ത്, ഫോട്ടോഗ്രാഫർ, നിർമ്മാതാവ് എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച കിരോസ്തമി ഇറാനുപുറത്ത് ഏറെ ആദരിക്കപ്പെടുന്ന ചലച്ചിത്രകാരനായിരുന്നു. 1997 ൽ ടേസ്റ്റ് ഓഫ് ചെറിയെന്ന അദ്ദേഹത്തിന്റെ സിനിമയ്ക്ക് കാൻ ചലച്ചിത്രോത്സവത്തിലെ പരമോന്നത പുരസ്‌കാരമായ പാംഡിഓർ ലഭിച്ചിരുന്നു.

വേർ ഈസ് ദി ഫ്രണ്ട് ഹോം (1987) ക്ളോസപ്പ് (1990), ടെൻ (2002), ഷിറീൻ (2008) തുടങ്ങിയ ചിത്രങ്ങളാണ് അദ്ദേഹത്തെ ലോകപ്രശസ്തനാക്കിയത്. കിരോസ്തമിയുടെ ഒട്ടുമിക്ക ചിത്രങ്ങളും കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

2012ലിറങ്ങിയ 'ലൈക്ക് സം വൺ ഇൻ ലവ്' ആണ് അവസാന ചിത്രം. 1940 ജൂൺ 22ന് ടെഹ്‌റാനിലായിരുന്നു ജനനം. പരസ്യമേഖലയിലൂടെയാണ് ചലച്ചിത്രലോകത്തേക്ക് കടന്നത്. ടെഹ്‌റാൻ സർവ്വകലാശാലയിലെ സ്‌കൂൾ ഓഫ് ഫൈൻ ആർട്‌സിൽ നിന്നും ബിരുദം നേടിയ അബ്ബാസ് ഇറാനിയൻ ടെലിവിഷനിൽ നിന്നാണ് കരിയർ ആരംഭിച്ചത്.