- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇറാനിലെ മറ്റൊരു മുതിർന്ന സൈനികനെ കൂടി വെടിവെച്ചു കൊന്ന് അമേരിക്ക -ഇസ്രയേൽ സഖ്യം; കേണൽ ഹസ്സൻ സയ്യദ് ബൈക്കിൽ എത്തിയവരുടെ വെടിയേറ്റ് മരിച്ചത് സ്വന്തം വീട്ടുമുറ്റത്ത് കാറിൽ നിന്നിറങ്ങുമ്പോൾ; പ്രതികാരം ചെയ്യുമെന്ന് ഇറാൻ
ടെഹ്റാൻ: ഇറാൻ റെവലൂഷണറി ഗാർഡിലെ പ്രമുഖ സൈനിക ഉദ്യോഗസ്ഥനായ കേണൽ ഹസ്സൻ സയ്യദ് ഖൊഡേയ് തന്റെ വീട്ടുമുറ്റത് അജ്ഞാതരായ ആക്രമികളുടെ വെടിയേറ്റു മരിച്ചു. ടെഹ്റാനിലെ സ്വന്തം വീട്ടുമുറ്റത്തു വച്ച് ബൈക്കിലെത്തിയ അജ്ഞാതരാണ് അദ്ദേഹത്തെ വെടിവെച്ചതെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള ടെലിവിഷൻ ചാനൽ റിപ്പോർട്ട് ചെയ്തു. ബൈക്കിലെത്തിയ രണ്ട് അക്രമികൾ അഞ്ചു റൗണ്ട് വെടിയുതിർത്തതായാണ് റിപ്പോർട്ടുകൾ പറയുന്നത്.
റെവെലൂഷണറി ഗാർഡിന്റെ തന്നെ, വിദേശത്തെ ഓപ്പറേഷനുകൾക്ക് ചുമതലയുള്ള ഖുദ്സ് ഫോഴ്സിലെ അംഗമാണ് കൊല്ലപ്പെട്ട കേണൽ. ഇസ്രയേലി രഹസ്യാന്വേഷണ നെറ്റ്വർക്കിലെ രണ്ടു പേരെ കണ്ടെത്തിയതായും ഇറാനിയൻ സൈന്യം അവരെ അറസ്റ്റ് ചെയ്തതായും ഐ എസ് എൻ എ ന്യുസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിന്റെ വിശദാംശങ്ങൾ ഏറെ നൽകാൻ റെവലൂഷണറി ഗാർഡ്സ് തയ്യാറായില്ലെങ്കിലും, ഇത് അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭഗമാണെന്ന് ഗാർഡിന്റെ വക്താവ് പറഞ്ഞു. സാധാരണയായി അമേരിക്കയേയും ഇസ്രയേലിനേയും പരാമർശിക്കുവാനാണ് ഇറാൻ സൈന്യവും ഔദ്യോഗിക വൃത്തങ്ങളും ഈ പദം ഉപയോഗിക്കാറുള്ളത്.
ഇതുവരെ ആരും ഈ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല, അതേസമയം ടെഹ്റാനിൽ നടന്ന ഈ സംഭവത്തെ കുറിച്ച് എന്തെങ്കിലും പറയാൻ ഇസ്രയേലി പ്രധാനമന്ത്രിയുടെ ഓഫീസ് വിസമ്മതിച്ചു. ലബനീസ് തീവ്രവാദി സംഘടനയായ ഹെസ്ബൊള്ള, സിറിയയിലേയും ഇറാഖിലേയും ലോകത്തിന്റെ മറ്റു പലയിടങ്ങളിലേയും തീവ്രവാദി സംഘടനകൾ എന്നിവയോട് ചേർന്നാണ് ഇറാൻ സൈന്യത്തിന്റെ ഭാഗമായ ഖുദ്സ് ഫോഴ്സ് പ്രവർത്തിക്കുന്നത്. വളരെ രഹസ്യാത്മകമായ പ്രവർത്തനശൈലിയാണ് എന്നതിനാൽ തന്നെ ഇതിലെ ഉദ്യോഗസ്ഥരുടേയും മറ്റു സൈനികരുടെ വിശദവിവരങ്ങൾ പുറത്തു വിടാറില്ല. അതുകൊണ്ടു തന്നെ മരണമടഞ്ഞ കേണലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യവുമല്ല.
കൊലപാതകം നടന്ന് ഏറെ താമസിയാതെ തന്നെ ഇറാൻ പ്രോസിക്യുട്ടർ സംഭവസ്ഥലത്ത് നേരിട്ട് എത്തി. പ്രതികളെ പൊലീസ് ഉടൻ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും പ്രോസിക്യുട്ടർ ഉയർത്തി. ത്വരിതഗതിയിൽ നടക്കുന്ന അന്വേഷണം തന്നെ, ഇറാന്റെ ഈ ദുരൂഹ സൈനിക വിഭാഗത്തിൽ കൊല്ലപ്പെട്ട കേണലിനുള്ള പ്രാധാന്യം വ്യക്തമാക്കുന്നതാണ്.
നേരത്തേയും ഇസ്രയേൽ ആക്രമത്തിൽ ഇറാൻ ഗാർഡ്സിലെ ഉദ്യോഗസ്ഥർ മരണമടഞ്ഞിട്ടുണ്ട്. സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിനടുത്ത് മാർച്ച് മാസത്തിൽ നടത്തിയ ആക്രമണത്തിൽ രണ്ട് ഇറാൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതിനുള്ള പ്രതികാരമായി വടക്കൻ ഇറാഖിൽ ഇറാൻ മിസൈൽ ആക്രമണം നടത്തുകയും ചെയ്തിരുന്നു.
മറുനാടന് ഡെസ്ക്