ന്യൂഡൽഹി: റെയിൽവെ ടിക്കറ്റ് റിസർവേഷൻ സംവിധാനമായ ഐആർസിടിസിക്ക് വ്യാജൻ നിർമിച്ച സിബിഐ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ടിക്കറ്റ് റിസർവേഷൻ നടത്തുന്നതിന് വ്യാജ സോഫ്റ്റ്‌വെയർ നിർമ്മിച്ച സിബിഐ സോഫ്റ്റ്‌വെയർ പ്രോഗ്രാമർ അജയ് ഗാർഗ് ആണ് അറസ്റ്റിലായത്.

റെയിൽവെ ടിക്കറ്റ് റിസർവേഷൻ സൈറ്റായ ഐആർസിടിസിയിൽ ഇയാൾ 207 മുതൽ നാലു വർഷം ജോലി ചെയ്തിരുന്നു. ഇതിലൂടെയാണ് ഐആർസിടിസിയുടെ സോഫ്റ്റ്‌വെയർ സംബന്ധമായ വിവരങ്ങൾ ഇയാൾ മനസിലാക്കിയത്. ഇയാളുടെ സഹായി അനിൽ ഗുപ്തയും അറസ്റ്റിലായി. അനിൽ ഗുപ്തയാണ് ഏജന്റുമാർക്ക് സോഫ്റ്റ്‌വെയർ നൽകിയിരുന്നത്. ജ്വാൻപുരിൽ ഏഴും മുംബൈയിൽ മൂന്നും ഏജന്റുമാരാണ് ഉണ്ടായിരുന്നത്.

സിബിഐ രാജ്യത്തുടനീളം 14 സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. 89 ലക്ഷം രൂപയും 69 ലക്ഷത്തിന്റെ ആഭരണങ്ങളും പിടിച്ചെടുത്തു. പ്രതികൾ പണത്തിനു പകരം ബിറ്റ്‌കോയിൻ ആണ് സ്വീകരിച്ചിരുന്നത്. 2012 ൽ ആണ് അജയ് ഗാർഗ് സിബിഐയിൽ ചേരുന്നത്. ഇയാളുടെ സോഫ്റ്റ്‌വെയറിലൂടെ നൂറുകണക്കിന് ടിക്കറ്റുകൾ ഒറ്റയടിക്ക് ബുക്ക് ചെയ്യാൻ സാധിക്കുമായിരുന്നു.