ന്യൂഡൽഹി: ഐആർസിടിസി വെബ്‌സൈറ്റ് ഹാക്ക് ചെയ്‌തെന്നു വാർത്തകൾ പുറത്തുവന്നതോടെ സൈറ്റ് ഉപയോഗിച്ചു ടിക്കറ്റ് ബുക്ക് ചെയ്യുന്ന ലക്ഷക്കണക്കിനു യാത്രക്കാർ ആശങ്കയിൽ. അതിനിടെ, വാർത്തകൾ നിഷേധിച്ച് അധികൃതർ രംഗത്തെത്തി. പാൻകാർഡ് അടക്കമുള്ള രേഖകൾ ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്കയിലാണു ലക്ഷക്കണക്കിനു യാത്രക്കാർ.

വെബ്‌സൈറ്റിൽ യാതൊരു തരത്തിലുള്ള ഹാക്കിംഗും നടന്നിട്ടില്ലെന്നും സൈറ്റ് സുരക്ഷിതമാണെന്നും റെയിൽവേ ബോർഡ് അംഗം മുഹമ്മദ് ജംഷീദ് പറഞ്ഞു. ഉപഭോക്താക്കളുടെ പാൻകാർഡ്, മൊബൈൽ നമ്പറുകളും ഇ മെയിലുമെല്ലാം ചോർന്നുവെന്ന റിപ്പോർട്ടുകളാണ് ഐ.ആർ.സി.ടി.സി തള്ളിയത്. മഹാരാഷ്ട്ര സൈബർ പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചായിരുന്നു റിപ്പോർട്ട്.

സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ടു പുറത്തുവന്നതിനെത്തുടർന്നു വിവിധ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചു ടിക്കറ്റ് ബുക്കു ചെയ്യുന്ന യാത്രക്കാർ ആശങ്കയിലായിരുന്നു. ഒരുകോടിപ്പേരുടെ പാൻകാർഡും മറ്റു വിവരങ്ങളും ചോർത്തി കോർപറേറ്റുകൾക്കു നൽകിയെന്ന വാർത്തയും പരന്നതോടെ ഉപയോക്താക്കൾ ആശങ്കയിലാകുകയായിരുന്നു.

അടുത്തിടെ സൈറ്റിന്റെ സുരക്ഷാ സംവിധാനം രണ്ട് തവണ പുതുക്കിയിരുന്നതായി മുഹമ്മദ് ജംഷീദ് പറഞ്ഞു. മെയ്‌ മൂന്നിന് സൈബർ വിദഗ്ധരും വിജിലൻസ് ഉദ്യോഗസ്ഥരും അടങ്ങുന്ന സമിതിയെ റെയിൽവേ നിയോഗിച്ചിരുന്നു. ഇത്തരത്തിൽ യാതൊരു കുഴപ്പവുമില്ലെന്നാണ് സമിതിയുടെ പരിശോധനയിൽ വ്യക്തമായത്. ഇന്ത്യൻ റെയിൽവേയുടെ ഐ.ടി വിഭാഗമായ സി.ആർ.ഐ.എസ് ആണ് ഇ ടിക്കറ്റിങ് സംവിധാനം കൈകാര്യം ചെയ്യുന്നത്. മെയ്‌ രണ്ടിനാണ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായുള്ള സംശയം ഉയർന്നു വന്നത്. എന്നാൽ ഐ.ആർ.സി.ടി.സിയുടേയോ സി.ആർ.ഐ.എസിന്റേയോ സാങ്കേതിക വിഭാഗങ്ങൾക്ക് ഇത്തരത്തിൽ യാതൊരു പ്രശ്‌നവും കണ്ടെത്താനായില്ല. ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് സംബന്ധിച്ച വിവരങ്ങൾ, ലോഗിൻ ഐഡി, പാസ്ർവേർഡുകൾ, തുടങ്ങിയവ ഹാക്ക് ചെയ്യപ്പെട്ടാലാണ് വലിയ പ്രശ്‌നം. ഇത്തരവം കുഴപ്പങ്ങളുണ്ടായിട്ടില്ല. പാൻ കാർഡ് വിവരങ്ങൾ ടിക്കറ്റ് ബുക്കിംഗിന് ആവശ്യമല്ലെന്നും അധികൃതർ പറഞ്ഞു.