കോര്‍ക്ക് : അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ കാറ്റിക്കിസം ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിച്ച ബൈബിള്‍ ക്വിസിന്റെ നാഷണല്‍ ഗ്രാന്റ് ഫിനാലെ - ബിബ്ലിയ '26 കോര്‍ക്കിലെ റിവര്‍സ്റ്റിക് കമ്മ്യൂണിറ്റി സെന്റില്‍ നടന്നു. അയര്‍ലണ്ടിലെ നാലു റീജിയണലെ പന്ത്രണ്ട് കുര്‍ബാന സെന്ററുകളില്‍ നിന്നുള്ള ടീമുകള്‍ ആവേശത്തോടെ പങ്കെടുത്ത മത്സരത്തില്‍ ഡബ്ലിന്‍ റീജിയണിലെ കുര്‍ബാന സെന്ററുകള്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി സമ്പൂര്‍ണ്ണ സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തി.

ഒന്നാം സ്ഥാനക്കാര്‍ക്കുള്ള ട്രോഫിയും Le Devano നല്‍കുന്ന 600 യൂറോയുടെ കാഷ് അവാര്‍ഡും സോര്‍ഡ് ടീം കരസ്ഥമാക്കി. .

ഡബ്ലിന്‍ റീജിയണിലെ ഫിബ്‌സ്ബറോ കുര്‍ബാന സെന്റര്‍ രണ്ടാം സ്ഥാനം നേടി, ട്രോഫിയോടൊപ്പം Indian Spice Kitchen, Cork & Limerick നല്‍കുന്ന 400 യൂറോയും സ്വന്തമാക്കി. ഡബ്ലിന്‍ റീജിയണില്‍ ഒന്നാം സ്ഥാനം ഫിസ്ബറോ കുര്‍ബാന സെന്ററിനായിരുന്നു.

മൂന്നാം സ്ഥാനത്തിനുള്ള ട്രോഫിക്കൊപ്പം Saffron House, Cork നല്‍കുന്ന 200 യൂറോയുടെ സമ്മാനം താലാ കുര്‍ബാന സെന്റര്‍ നേടി.

ഒന്നാം സ്ഥാനം നേടിയ സോര്‍ഡ്‌സ് കുര്‍ബാന സെന്ററിന്റെ ടീം അംഗങ്ങള്‍ - ക്ലെയര്‍ ആന്‍ ഷിന്റോ, ഇവാഞ്ചലിയ നൈജു, കെവിന്‍ ഡയസ്, ജെസ്‌ന ജെയ്ജു, സ്മിത ഷിന്റോ

കാര്‍മല്‍ ടെസ്സ ജെസ്റ്റിന്‍, സാറാ മേരി സിജോ, നമിത ആന്‍ ബിനോയി, നേഹാ റോസ് ബിനോയി, നിഷ ജോസഫ് എന്നിവരായിരുന്നു രണ്ടാം സ്ഥാനം നേടിയ ഫിബ്‌സ്ബറോ ടീം.

മൂന്നാം സ്ഥാനക്കാരായ താല ടീം - ബീന ജെയ്‌മോന്‍, അനറ്റ് ബൈജു, അനയ മാത്യു, ആരവ് അനിഷ്, അന്ന പ്രിന്‍സ്.

ഫെബ്രുവരി 28 ശനിയാഴ്ച് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ബിബ്ലിയ ഗ്രാന്റ് ഫിനാലെ സീറോ മലബാര്‍ സഭയുടെ അയര്‍ലണ്ട് നാഷണല്‍ കോര്‍ഡിനേറ്റര്‍ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടില്‍ ഉത്ഘാടനം ചെയ്തു.

സീറോ മലബാര്‍ കോര്‍ക്ക് റീജിയണല്‍ കോര്‍ഡിനേറ്റര്‍ ഫാ. ജില്‍സന്‍ കോക്കണ്ടത്തില്‍ ഏവരേയും സ്വാഗതം ചെയ്തു. കാറ്റിക്കിസം സെക്രട്ടറി ജോസ് ചാക്കോ നന്ദി രേഖപ്പെടുത്തി.

ആവേശോജ്വലമായ ക്വിസ് മത്സരങ്ങള്‍ക്ക് ക്വിസ് മാസ്റ്ററായി ഫാ. സെബാന്‍ സെബാസ്റ്റ്യന്‍ വെള്ളാമത്തറ നേതൃത്വം നല്‍കി. ഓഡിയോ-വിഷ്വല്‍ റൗണ്ടുകള്‍ ഉള്‍പ്പെടെ വിവിധ റൗണ്ടുകളിലായാണ് മത്സരം നടന്നത്.

വിജയികള്‍ക്കുള്ള സമ്മാനദാനം നാഷണല്‍ കോര്‍ഡിനേറ്റര്‍ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടില്‍ നിര്‍വ്വഹിച്ചു.നാഷണല്‍ പാസ്റ്ററല്‍ കൗണ്‍സില്‍ ട്രസ്റ്റിമാരായ ലിജി ലിജോ, ബിനോയ് ജോസ്, കോര്‍ക്ക് റീജിയണല്‍ സെക്രട്ടറി സിബിന്‍ കെ. എബ്രാഹം, കോര്‍ക്ക് ട്രസ്റ്റി സജി സെബാസ്റ്റ്യന്‍, ലിജോ ജോസഫ്, ലിജോ എം. ജോയ് എന്നിവരും നാഷണല്‍, റീജിയണല്‍, കോര്‍ക്ക് കുര്‍ബാന സെന്റര്‍ കമ്മറ്റിയംഗങ്ങളും പരിപാടിക്ക് നേതൃത്വം നല്‍കി.പങ്കെടുത്ത ടീമുകള്‍ക്ക് പിന്തുണയും പ്രോത്സാഹനവുമായി അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒട്ടേറെ ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു.

ബൈബിളിനെയും സഭയിലെ വിശുദ്ധരെയും കുറിച്ചുള്ള അറിവ് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സീറോ മലബാര്‍ സഭയുടെ മതബോധന വിഭാഗം വര്‍ഷങ്ങളായി ഡബ്ലിനില്‍ സംഘടിപ്പിച്ചുവന്ന ബൈബിള്‍ ക്വിസ് മത്സരങ്ങള്‍ ഏതാനും വര്‍ഷങ്ങളായി അയര്‍ലണ്ടിലെ മുഴുവന്‍ കുര്‍ബാന സെന്ററുകളിലേക്കും വ്യാപിപ്പിച്ചു.

ജനുവരി 17-ന് അയര്‍ലണ്ടിലെ 38 കുര്‍ബാന സെന്ററുകളില്‍ നടന്ന പ്രാഥമിക മത്സരങ്ങളില്‍ വിവിധ വിഭാഗങ്ങളിലായി രണ്ടായിരത്തിലധികം പേര്‍ പങ്കെടുത്തു. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ മുതല്‍ മാതാപിതാക്കള്‍ വരെ ഉള്‍പ്പെടുന്ന അഞ്ച് വിഭാഗങ്ങളിലായി ഓരോ കുര്‍ബാന സെന്ററിലേയും ഒന്നാം സ്ഥാനം നേടിയവര്‍ ചേര്‍ന്ന് രൂപീകരിച്ച ടീമുകളാണ് റീജിയണല്‍ ഗ്രാന്‍ഡ് ഫിനാലെയില്‍ മത്സരിച്ചത്. ഫെബ്രുവരി 14-ന് നടന്ന റീജിയണല്‍ മത്സരങ്ങളില്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നേടിയ ടീമുകളാണ് നാഷണല്‍ ഗ്രാന്‍ഡ് ഫിനാലെയിലേക്ക് യോഗ്യത നേടിയത്.

വിജയികളെ മെയ് 9-ന് നടക്കുന്ന നാഷണല്‍ നോക്ക് തീര്‍ത്ഥാടനത്തില്‍ ആദരിക്കും.ജനുവരി 17 നു നടന്ന ബൈബിള്‍ ക്വിസ് മത്സരത്തില്‍ നാഷണല്‍ താലത്തില്‍ ഒന്നാം സ്ഥാനം നേടിയര്‍

സബ്. ജൂനിയേഴ്‌സ് : ജോഷ് വര്‍ഗ്ഗീസ് (ബ്രേ - ഡബ്ലിന്‍)

ജൂനിയേഴ്‌സ് : ഇവ എല്‍സ സുമോദ് (നാസ് - ഡബ്ലിന്‍)

സീനിയേഴ്‌സ് : ജോയല്‍ വര്‍ഗ്ഗീസ് (ബ്രേ- ഡബ്ലിന്‍)

സൂപ്പര്‍ സീനിയേഴ്‌സ് : ആരന്‍ ജോബിന്‍ (ലൂക്കന്‍ - ഡബ്ലിന്‍)

ജനറല്‍ : സ്മിത ഷിന്റൊ (സോര്‍ഡ്‌സ് - ഡബ്ലിന്‍)