ഡബ്ലിന്‍: സിറോ മലബാര്‍ ചര്‍ച്ച് ബ്ലാഞ്ചട്‌സ്ടൗണ്‍ നടത്തുന്ന ചാരിറ്റി ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി ഡബ്ലിന്‍ തപസ്യയുടെ ഏറ്റവും പുതിയ നാടകം 'ആര്‍ട്ടിസ്റ്റ്' നവംബര്‍ 21-ന് വൈകിട്ട് ഏഴ് മണിക്ക് ഡബ്ലിനില്‍ സൈന്റോളജി കമ്മ്യൂണിറ്റി സെന്ററില്‍ അരങ്ങേറുന്നു .

മികച്ച അഭിനയമുഹൂര്‍ത്തങ്ങളും, ഗാനരംഗങ്ങളും, നൃത്തങ്ങളും കോര്‍ത്തിണക്കി പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ദൃശ്യാനുഭവമാകും 'ആര്‍ട്ടിസ്റ്റ് '. വളരെ സാമൂഹിക പ്രാധാന്യമുള്ള വിഷയത്തെ ആസ്പദമാക്കി കുട്ടികള്‍ക്കും യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാനാകുന്ന ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന നാടകമാണ് ' ആര്‍ട്ടിസ്റ്റ്' എന്നും സംഘാടകര്‍ അറിയിച്ചു.

'ഇസബെല്‍', 'ലോസ്റ്റ് വില്ല', 'ഒരുദേശം നുണ പറയുന്നു', 'പ്രളയം' തുടങ്ങി പ്രേക്ഷക പ്രശംസ നേടിയ നിരവധി നാടകങ്ങള്‍ ഒരുക്കിയ ഡബ്ലിന്‍ തപസ്യയുടെ ഈ കലാസൃഷ്ടിയ്ക്കായി അയര്‍ലന്‍ഡിലെ നാടകാസ്വാദകര്‍ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

നാടകത്തിന്റെ ടിക്കറ്റ് പ്രകാശനം ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് ഡെര്‍മിറ്റ് പയസ് ഫാരല്‍ സെയില്‍സ് കോര്‍ഡിനേറ്റര്‍ ഷിജുമോന്‍ ചാക്കോയില്‍ നിന്നും ടിക്കറ്റ് ഏറ്റുവാങ്ങി നിര്‍വഹിച്ചു.

പ്രമുഖ അഭിനേതാക്കളായ തോമസ് അന്തോണി,പ്രിന്‍സ് ജോസഫ് അങ്കമാലി, സജി കൂവപ്പള്ളില്‍, സ്മിത അലക്‌സ്, രശ്മി രവീന്ദ്രനാഥ്, വിനോദ് മാത്യു, ജോണ്‍ മാത്യു, ജോസ് ജോണ്‍, റോളി ചാക്കോ, ബിന്നെറ്റ് ഷിന്‍സ്, മാര്‍ട്ടിന്‍ പുലിക്കുന്നേല്‍ , ലിന്‍സ് ഡെന്നി , ഐറിന്‍ ടോണി, ഇവാന്‍ ജിയോ, റിയാന ജിനേഷ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ രംഗത്ത്.

സലിന്‍ ശ്രീനിവാസ് രചിച്ച 'ആര്‍ട്ടിസ്റ്റ്' ന്റെ സംഗീതം സിംസണ്‍ ജോണ്‍, ഗാനരചന ജെസി ജേക്കബ്, നൃത്തസംവിധാനം വിഷ്ണു ശങ്കര്‍ എന്നിവരും, ഈ നാടകത്തിന്റെ സംവിധാനം ബിനു ആന്റണിയും തോമസ് അന്തോണിയും ചേര്‍ന്നും നിര്‍വഹിച്ചിരിക്കുന്നു.

ചാരിറ്റി ഫണ്ട് സമാഹരണത്തിന്റെ ഭാഗമായ ഈ പ്രദര്‍ശനം അയര്‍ലന്‍ഡിലെ കലാസ്‌നേഹികളെ ഒരുമിപ്പിക്കുന്ന ഒരു സായാഹ്നമാകും എന്നും സംഘാടകര്‍ അറിയിച്ചു