ഡബ്ലിന്‍ : ബൈബിനെക്കുറിച്ചും സഭയിലെ വിശുദ്ധരെക്കുറിച്ചും കൂടുതല്‍ അറിവുനേടാന്‍ വിശ്വാസിസമൂഹത്തെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ മതബോധന വിഭാഗം സംഘടിപ്പിച്ച ബൈബിള്‍ ക്വിസ് മത്സരത്തിന്റെ നാഷണല്‍ ഗ്രാന്റ് ഫിനാലെ 'ബിബ്ലിയ 2025' ഫെബ്രുവരി 22 ശനിയാഴ്ച നടക്കും. ഡബ്ബിന്‍ ഗ്ലാസ്‌നേവിനിലുള്ള ഔര്‍ ലേഡി ഓഫ് വിക്ടോറിയസ് ദേവാലയത്തല്‍ ശനിയാഴ്ച് ഉച്ചകഴിഞ്ഞ് 2 മണിക്കാണ് പരിപാടി ആരംഭിക്കുന്നത്.

ഫ്രാന്‍സീസ് മാര്‍പ്പാപ്പ പ്രഖ്യാപിച്ച 2025 ജൂബിലി വര്‍ഷത്തിന്റെ അയര്‍ലണ്ട് ദേശീയതല ഔദ്ദോഗീക ഉത്ഘാടനവും തദ്ദവസരത്തില്‍ നടക്കും. പ്രത്യാശയുടെ തീര്‍ത്ഥാടകര്‍ എന്നതാണ് ഈ ജൂബിലി വര്‍ഷത്തിന്റെ തീം.

ജനുവരി 11 നു അയര്‍ലണ്ടിലെ വിവിധ കുര്‍ബാന സെന്ററുകളില്‍ നടന്ന പ്രാഥമിക മത്സരങ്ങളിലെ വിജയികള്‍ക്കായി ഫെബ്രുവരി ഒന്നിനു നാല് റീജയണിലും ഗ്രാന്റ് ഫിനാലെകള്‍ നടന്നു. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ മുതല്‍ മാതാപിതാക്കള്‍വരെയുള്ള അഞ്ച് വിഭാഗങ്ങള്‍ക്കായി ഓരോ കുര്‍ബാന സെന്ററുകളില്‍ നടന്ന മത്സരത്തിലെ ഓരോ വിഭാഗത്തിലേയും ഒന്നാം സ്ഥാനക്കാര്‍ ഒരു ടീമായി റീജണല്‍ ഗ്രാന്റ് ഫിനാലെയില്‍ പങ്കെടുത്തു. റീജണല്‍ ഗ്രാന്റ് ഫിനാലെയിലെ വിജയികളായ ബെല്‍ഫാസ്റ്റ്, കാസ്റ്റില്‍ബാര്‍, കോര്‍ക്ക്, ലിമറിക്ക്, ലിസ്ബണ്‍, ലൂക്കന്‍, ഫിസ്ബറോ, താല, ടുള്ളുമോര്‍ ടീമുകള്‍ നാഷണല്‍ ഗ്രാന്റ് ഫിനാലെയില്‍ പങ്കെടുക്കും

ഡബ്ലിന്‍ റീജണല്‍ കമ്മറ്റിയും ഫിബ്‌സ്ബറോ കുര്‍ബാന സെന്ററാണ് ബിബ്ലിയ 2025 നാഷണല്‍ ഗ്രാന്റ് ഫിനാലെയ്ക്ക് ആതിഥ്യമരുളുക. നാഷണല്‍ പാസ്റ്ററല്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. സീറോ മലബാര്‍ നാഷണല്‍ പാസ്റ്ററല്‍ കൗണ്‍സിലിലും, കാറ്റിക്കിസം ഡിപ്പാര്‍ട്ട്‌മെന്റും, വിവിധ റീജിയണല്‍, സോണല്‍ കൗണ്‍സിലുകളും പരിപാടിക്ക് നേതൃത്വം നല്‍കും.

ഓഡിയോ വിഷല്‍ റൗണ്ടുകള്‍ ഉള്‍പ്പെട്ട ലൈവ് ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് ട്രോഫിയും 300 യൂറോയുടെ കാഷ് അവാര്‍ഡും, രണ്ടാം സ്ഥനക്കാര്‍ക്ക് ട്രോഫിയും 200 യൂറോയുടെ കാഷ് അവാര്‍ഡും, മൂന്നാം സ്ഥനക്കാര്‍ക്ക് ടോഫിയും 100 യൂറോയുടെ കാഷ് അവാര്‍ഡും നല്‍കും.

കാറ്റിക്കിസം ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ പ്രസംഗ മത്സരം 'ഗ്ലോറിയ 2024' ന്റെ വിജയികള്‍ക്കുള്ള സമ്മാനദാനവും ഇതോടൊപ്പം നടക്കും.

വചനമാകുന്ന ദൈവത്തെ അടുത്തറിയാന്‍ ഏവരേയും ഈ ഗ്രാന്റ് ഫിനാലയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു