പരിശുദ്ധ അമ്മയുടെ സാന്നിധ്യം നിറഞ്ഞുനില്‍കുന്ന നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേയ്ക്കുള്ള അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയുടെ മരിയന്‍ തീര്‍ത്ഥാടനം മെയ് 10 ശനിയാഴ്ച്ച നടക്കും. ശനിയാഴ്ച രാവിലെ 10 മണിക്ക് നോക്ക് ബസലിക്കയില്‍ ആരാധന, തുടര്‍ന്ന് ആഘോഷമായ സീറോ മലബാര്‍ വിശുദ്ധ കുര്‍ബാനയും ഭക്തിനിര്‍ഭരമായ പ്രദക്ഷിണവും നടക്കും.

സീറോ മലബാര്‍ സഭയുടെ യൂറോപ്പ്യന്‍ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് മുഖ്യകാര്‍മ്മികനായിരിക്കും. സീറോ മലബാര്‍ സഭയുടെ അയര്‍ലണ്ട് നാഷണല്‍ കോര്‍ഡിനേറ്റര്‍ ഫാ. ജോസഫ് ഓലിയക്കാട്ടും അയര്‍ലണ്ടിലെ മുഴുവന്‍ സീറോ മലബാര്‍ വൈദീകരും തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കും.

റിപ്പബ്ലിക്ക് ഓഫ് അയര്‍ലണ്ടിലേയും നോര്‍ത്തേണ്‍ അയര്‍ലണ്ടിലേയും സീറോ മലബാര്‍ വിശ്വാസികള്‍ ഒത്തുചേരുന്ന അയര്‍ലണ്ടിലെതന്നെ ഏറ്റവും വലിയ തീര്‍ത്ഥാടനങ്ങളില്‍ ഒന്നാണ് മെയ്മാസം രണ്ടാം ശനിയാഴ്ച നടത്തപ്പെടുന്ന സീറോ മലബാര്‍ സഭയുടെ ദേശീയ നോക്ക് തീര്‍ത്ഥാടനം.

കൊടികളും മുത്തുക്കുടകളും സ്വര്‍ണ, വെള്ളി കുരിശുകളും മാതാവിന്റേയും വിശുദ്ധരുടേയും തിരുസ്വരൂപങ്ങളും വഹിച്ചു കൊണ്ട് ജപമാലയോടുകൂടി വിശ്വാസികള്‍ അണിചേരുന്ന പ്രദക്ഷിണം അയര്‍ലണ്ടിലെ സീറോ മലബാര്‍ പ്രവാസി സമൂഹത്തിന്റെ വിശ്വാസ പ്രഘോഷണമായിരിക്കും. അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ ഭക്തസംഘടനകളായ മാതൃവേദി, പിതൃവേദി, അള്‍ത്താര ബാലസഖ്യം, സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് എന്നിവര്‍ പ്രദക്ഷിണത്തില്‍ അണിചേരും. അയര്‍ലണ്ടിലെ വിവിധ കുര്‍ബാന സെന്ററുകളില്‍നിന്ന് ഈ വര്‍ഷം ആദ്യ കുര്‍ബാന സ്വീകരിച്ച കുട്ടികള്‍ നോക്ക് തീര്‍ത്ഥാടനത്തില്‍ ഒരുമിച്ചുകൂടും.

കാറ്റിക്കിസം സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ കുട്ടികളേയും, ബൈബിള്‍ ക്വിസ് മത്സരത്തില്‍ ദേശീയ തലത്തില്‍ ഉന്നത വിജയം നേടിയ കുട്ടികളേയും അയര്‍ലണ്ടിലെ ലിവിങ് സെര്‍ട്ട് (A Level -Northen Ireland) പരീക്ഷയില്‍ ഉന്നതവിജയം നേടിയ കുട്ടികളേയും അഞ്ചോ അതിലധികമോ മക്കളുള്ള അയര്‍ലണ്ടിലെ വലിയ കുടുംബങ്ങളേയും ആദരിക്കും.

അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ ഫാമിലി അപ്പസ്‌തോലേറ്റ് പുതുതായി ആരംഭിക്കുന്ന യംഗ് കപ്പിള്‍സ് മിനിസ്ട്രിയുടെ ഉത്ഘാടനവും തദ്ദവസരത്തില്‍ നടക്കും.

സീറോ മലബാര്‍ സഭ നാഷണല്‍ പാസ്റ്ററല്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നോക്ക് മരിയന്‍ തീര്‍ഥാടനത്തിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. തീര്‍ത്ഥാടനത്തിന്റെ ലൈവ് സംപ്രേക്ഷണം ശാലോം ചാനലില്‍ ലഭ്യമാണ്.

നോക്ക് മരിയന്‍ തീര്‍ഥാടനത്തില്‍ പങ്കെടുക്കുവാന്‍ അയര്‍ലണ്ടിലെ മുഴുവന്‍ വിശ്വാസികളേയും പ്രാര്‍ത്ഥനാപൂര്‍വ്വം ഒരിക്കല്‍ കൂടി സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.