ബ്ലിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ വാര്‍ഷിക ധ്യാനം ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ ഇവാഞ്ചലൈസേഷന്‍ ഡയറക്റ്ററും, അഭിഷിക്ത തിരുവചന ശുശ്രൂഷകയും, അനുഗ്രഹിത ഫാമിലി കൗണ്‍സിലറുമായ സിസ്റ്റര്‍ ആന്‍ മരിയ എസ് എച്ച് നയിച്ചു. ഡിസംബര്‍ 1 ഞായറാഴ്ച ഇടവക വികാരി സജു അച്ചന്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ച വിശുദ്ധ കുര്‍ബാനക്ക് ശേഷമാണ് PARSIH ANNUAL RETREAT 2024 നടന്നത്.

ഒരു കാലത്ത് വിശ്വാസികളുടെ ഈറ്റില്ലമായിരുന്ന ഇംഗ്ലണ്ടില്‍ വിശ്വാസമില്ലാത്ത തലമുറയേയും അടച്ചുപൂട്ടപ്പെടുന്ന പള്ളികളുടേയും കാഴ്ചകളാണിപ്പോള്‍. ഈ കാലത്ത് ജീവിക്കുന്ന നമ്മള്‍ നമ്മളുടെ മക്കളെ വിശ്വാസത്തില്‍ വളര്‍ത്തി വലുതാക്കിയില്ലെങ്കില്‍ ഉണ്ടാകാവുന്ന നഷ്ടത്തെ കുറിച്ചും ബോധ്യങ്ങളെ കുറിച്ച് മനസിലാക്കി മക്കളെ വിശ്വാസത്തിന്റെ വഴിയില്‍ വളര്‍ത്തണം എന്നോര്‍മ്മിപ്പിക്കുകയായിരുന്നു ഏവരേയും ഈ ധ്യാനം.

കുഞ്ഞുങ്ങളെ വിശ്വാസത്തിന്റെ ആഴത്തില്‍ വളര്‍ത്താന്‍ ഓരോ ക്രൈസ്തവനും ചുമതലയുണ്ടെന്നും അതിന് പറ്റുന്ന എല്ലാ സാഹചര്യവും പരമാവധി വിനിയോഗിക്കണമെന്നും സിസ്റ്റര്‍ ആന്‍ മരിയ എസ് എച്ച് ധ്യാനത്തിലൂടെ ഓര്‍മ്മിപ്പിച്ചു.

വിശ്വാസമില്ലാതെ വളരുന്ന മക്കള്‍ നഷ്ടപ്പെട്ടുപോകുമ്പോഴുണ്ടാകുന്ന മാതാപിതാക്കളുടെ വേദന വളരെ വലുതാണ്. കഷ്ടപ്പെട്ട് വളര്‍ത്തുന്ന മക്കള്‍ നഷ്ടപ്പെടുന്ന മാതാപിതാക്കളായി നമ്മള്‍ മാറരുത്. അതിന് വിശ്വാസത്തിന്റെ വഴിയിലൂടെ അവരെ കൈ പിടിച്ച് നടത്തണമെന്ന് സിസ്റ്റര്‍ ആന്‍ മരിയ പറഞ്ഞു.

അന്ത്യവിധി നാളില്‍ കര്‍ത്താവിന്റെ വലതു ഭാഗത്ത് ഇരിക്കാന്‍ ഇടവരണമെന്നും എല്ലാ സാഹചര്യങ്ങളിലും നല്ലൊരു വിശ്വാസിയായി തുടരാന്‍ ഓരോ ക്രൈസ്തവന് കഴിയട്ടെയെന്നും സിസ്റ്റര്‍ ആന്‍ മരിയ ആശംസിച്ചു.

ഇടവക വാര്‍ഷിക ധ്യാനം നയിച്ച സിസ്റ്റര്‍ ആന്‍ മരിയ, ഇടവക ട്രസ്റ്റീ, സെക്രട്ടറി, മാനേജിങ് കമ്മറ്റിക്കാര്‍, വേദ പാഠ അധ്യാപകര്‍, വനിതാ സമാജം, ഗായകസംഘം എന്നിങ്ങനെ ഓരോരുത്തരോടും ഈ ദിവസത്തെ സഹകരണത്തിന് പ്രത്യേക നന്ദി ഇടവക വികാരി സജു അച്ചന്‍ പറഞ്ഞു.

സ്‌നേഹത്തിന്റെ മഞ്ഞുപെയ്തിറങ്ങുന്ന ധനുമാസ രാവില്‍ പാപത്തിന്റെ ഇരുളില്‍ നന്മയുടെ വെളിച്ചം വിതറുന്ന ക്രിസ്തുമസിന്റെ വരവ് അറിയിച്ചുകൊണ്ട് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇത് ആത്മ ശരീര വിശുദ്ധീകരണത്തിന്റെ വിശുദ്ധ 25 നോമ്പ് (ഡിസംബര്‍ 1 മുതല്‍ 25 വരെ) ആചരിക്കുകയാണ്.

നമ്മുടെ പൂര്‍വ്വ പിതാക്കന്‍മാര്‍ നമ്മുക്ക് നല്‍കിയ ആത്മീയ നല്‍വരമാണ് പരിശുദ്ധ നോമ്പും ഉപവാസദിനങ്ങളും. പ്രാര്‍ത്ഥനയാലും ഉപവാസത്താലും അല്ലാതെ ഈ വ്യാധികള്‍ ഒഴിഞ്ഞു പോകില്ലയെന്ന സത്യവചനത്തിന് മുമ്പ് ഒരിക്കലും ഇല്ലാത്ത അര്‍ത്ഥതലങ്ങള്‍ നാം നേടുന്നു ഈ മഹവ്യാധി കാലത്ത് അര്‍ദ്ധവത്തായി തീരുമ്പോള്‍. ഒരോ വ്യക്തി ജീവിതങ്ങളും നന്ദിയോട് ദൈവകരുതലിനെ ഓര്‍ക്കുകയും അവിടെന്ന് നല്‍കിയ കരുതലിനെ നന്ദിയോട് സ്തുതിക്കുവാനും ഈ വരുന്ന നോമ്പ് കാലം ഇടയായി തീരുവാന്‍ ചിലവഴിക്കാം. നമ്മുടെ എല്ലാ ഭവനങ്ങളും ഈ പരിശുദ്ധ നോമ്പിലേക്ക് പ്രവേശിക്കുവാന്‍ സാധിക്കട്ടെയെന്ന് ഇടവക വികാരി സജു അച്ചന്‍ ഓര്‍മിപ്പിച്ചു..