ബെല്‍ഫാസ്റ്റ്: സീറോ മലബാര്‍ സഭയുടെ ബെല്‍ഫാസ്റ്റ് റീജിയണല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 7-ന് ബെല്‍ഫാസ്റ്റിലെ ഓള്‍ സെയിന്റ്‌സ് കോളേജില്‍ സംഘടിപ്പിച്ച ബൈബിള്‍ ഫെസ്റ്റ് (ബൈബിള്‍ കലോത്സവം) ശ്രദ്ധേയമായ പങ്കാളിത്തത്തോടെയും ആത്മീയ ആവേശത്തോടെയും നടന്നു. സീറോ മലബാര്‍ സഭയുടെ ബെല്‍ഫാസ്റ്റ് റീജിയണല്‍ കോര്‍ഡിനേറ്റര്‍ ഫാ. ജോസ് ഭരണികുളങ്ങര ഉദ്ഘാടനം നിര്‍വഹിച്ചു. ബൈബിള്‍ ഫെസ്റ്റ് ഡയറക്ടര്‍ ഫാ. ജെയിന്‍ മണ്ണത്തുകാരന്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

ആരംഭചടങ്ങില്‍ ഫാ. ജോ പഴെപറമ്പില്‍, ഫാ. അനീഷ് വഞ്ചിപാറയില്‍, ഫാ. ജോഷി പറൊക്കാരന്‍, ഫാ. സജി പൊമ്മിനിശേരി എന്നിവരോടൊപ്പം റീജിയന്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ മോന്‍സി തോമസ് (സെക്രട്ടറി), സോജന്‍ സെബാസ്റ്റ്യന്‍ (ജോയിന്റ് സെക്രട്ടറി), ആനന്ദ് ജോസഫ് (പി.ആര്‍.ഒ) എന്നിവര്‍ക്കൊപ്പം കാറ്റിക്കിസം ഹെഡ് മാസ്റ്റര്‍മാരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് തിരിതെളിയിച്ച് ചടങ്ങുകള്‍ക്ക് തുടക്കമായി.

ബെല്‍ഫാസ്റ്റ്, ആന്‍ട്രിം, പോര്‍ട്ടഡൗണ്‍, ഡെറി, ലിസ്‌ബേണ്‍, ന്യൂറി എന്നിവിടങ്ങളില്‍ നിന്നായി ഏകദേശം അഞ്ഞൂറോളം പേര്‍ പങ്കെടുത്തു. കുട്ടികളും യുവജനങ്ങളും ഉള്‍പ്പെടെ വിവിധ പ്രായവിഭാഗങ്ങളിലെ മത്സരാര്‍ത്ഥികള്‍ ബൈബിള്‍ സന്ദേശങ്ങള്‍ കലാരൂപങ്ങളിലൂടെ അവതരിപ്പിച്ച മത്സരങ്ങള്‍ ശ്രദ്ധേയമായി. പ്രത്യേകിച്ച് ബൈബിള്‍ സ്‌കിറ്റ് മത്സരം പ്രേക്ഷകശ്രദ്ധ നേടിയ പ്രധാന ഇനമായി മാറി. വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നാടകാവതരണം പ്രേക്ഷകര്‍ക്ക് ഏറെ ആസ്വാദ്യമായി.

പരിപാടിയുടെ സുതാര്യമായ നടത്തിപ്പിനായി പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ ശ്രീ. ബാബു ജോസഫുംരാജു മേപ്പിള്ളിയും ദീര്‍ഘകാലമായി ഒരുക്കങ്ങള്‍ നടത്തി. ട്രഷറര്‍ ഷാജി മൈലന്തറയും ബെല്‍ഫാസ്റ്റ് കൈക്കാരന്‍ അനീഷ് അമ്പാട്ടും നല്‍കിയ നിര്‍ദ്ദേശങ്ങളും സഹകരണവും വിജയത്തില്‍ നിര്‍ണായകമായി.

ബെല്‍ഫാസ്റ്റ് മേഖലയിലെ കൈക്കാരന്മാരായ ഷീബ രാജു, ആനന്ദ് ജോസഫ്, പിതൃവേദി പ്രസിഡന്റ് ഡോ. സനല്‍ ജോര്‍ജ്, കമ്മിറ്റി അംഗങ്ങളായ ജ്യോതിസ് ചെറിയാന്‍, ഡാന്റ്റിസ് സ്‌കറിയ, റോബിന്‍ (ട്രസ്റ്റി, ലിസ്‌ബേണ്‍), ജോസഫ് (എച്ച്.എം കോര്‍ഡിനേറ്റര്‍, ഡെറി) എന്നിവരും വിവിധ കുര്‍ബാന സെന്ററുകളില്‍ നിന്നുള്ള ട്രസ്റ്റിമാര്‍, മതാധ്യാപകര്‍, സംഘടന ഭാരവാഹികള്‍, യുവജനങ്ങള്‍, വിശ്വാസികള്‍, ജഡ്ജിമാര്‍, കോളേജ് അധികൃതര്‍ എന്നിവരും ചേര്‍ന്നുള്ള ഏകോപിത പ്രവര്‍ത്തനം പരിപാടിയുടെ വിജയത്തിന് വഴിയൊരുക്കി.

മത്സര വിജയികള്‍ക്ക് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. അനീഷ്, ഫാ. നിധീഷ്, ഫാ. സജി, ഫാ. ജെയിന്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. സമാപന ചടങ്ങില്‍ ഫാ. ജെയിന്‍ മണ്ണത്തുകാരന്‍ നന്ദിപ്രസംഗം നടത്തി.

പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ജോവിനാസ് കാറ്റേഴ്‌സ്, ബെല്‍ഫാസ്റ്റ് ഒരുക്കിയ സ്‌നേഹവിരുന്നും ടോമി പോളിന്റെ നേതൃത്വത്തില്‍ ഒരുക്കിയ ചായയും ലഘുഭക്ഷണവും വിതരണം ചെയ്തു.

റീജിയന്‍ തലത്തില്‍ വിജയികളായ മത്സരാര്‍ത്ഥികള്‍ താല സെന്റ് മാര്‍ക്ക് കമ്യൂണിറ്റി ഹാളില്‍ ഏപ്രില്‍ 25 നു നടക്കുന്ന അയര്‍ലണ്ട് നാഷണല്‍ തല ബൈബിള്‍ കലോത്സവത്തില്‍ പങ്കെടുക്കും.