- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോര്‍ക്ക് സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവക യൂത്ത് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന ക്രോ പാട്രിക് തീര്‍ത്ഥാടനം ഭക്തിസാന്ദ്രമായി
കോര്‍ക്ക്: കോര്‍ക്ക് സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവക യൂത്ത് അസോസിയേഷന്റെ നേതൃത്വത്തില്‍, അയര്‍ലണ്ടിലെ സുപ്രസിദ്ധ തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നായ ക്രോ പാട്രിക്കിലേക്കുള്ള തീര്‍ത്ഥാടനം അത്യന്തം ആത്മീയമായ ഒരു അനുഭവമായി.
അയര്‍ലണ്ടിലെ ക്രൈസ്തവ വിശ്വാസത്തിന്റെ പ്രതീകമായും, അയര്‍ലണ്ടിന്റെ കാവല്‍ പിതാവുമായി വിശ്വസിക്കപ്പെടുന്ന സെന്റ് പാട്രിക്ക്‌സിന്റെ പാദസ്പര്‍ശമേറ്റ, വിശുദ്ധന്‍ 40 ദിവസം ഉപവസിച്ചു പ്രാര്‍ത്ഥിച്ച ക്രോ പാട്രിക് മലമുകളിലേക്ക് ഇടവക മെത്രാപ്പോലീത്ത അഭി. തോമസ് മോര്‍ അലക്‌സന്ത്രയോസ് മെത്രാപ്പോലീത്തയുടെ അനുഗ്രഹാശിര്‍വാദത്തോടും, ഇടവക വികാരി ജോജോ ജോസഫ് അച്ചന്റെ പ്രാര്‍ത്ഥനാശംസയോടും നടത്തപ്പെട്ട തീര്ഥയാത്രയ്ക്ക് , ഇടവകപ്പട്ടക്കാരനും ഭദ്രാസന വൈദീക സെക്രട്ടറിയുമായ ബിജോയ് കാരുകുഴിയില്‍ അച്ചനും, ഇടവക ട്രസ്റ്റി ജെയ്മോന്‍ മര്‍ക്കോസും, സെക്രട്ടറി ക്രൈസ് ജോണും സെന്റ് പീറ്റേഴ്‌സ് യൂത്ത് അസോസിയേഷന്‍ ഭാരവാഹികളായ എല്‍ദോ രാജനും, ചാര്‍ളി മാത്യുവും നേതൃത്വം നല്‍കി. അമേരിക്കന്‍ അതിഭദ്രാസനത്തിലെ വൈദീകനായ ഷിനോജ് എം ജോസഫ് അച്ചനും, ഭദ്രാസന സെക്രട്ടറി ഫാ. ഡോ. ജോബി സ്‌കറിയ അച്ചനും സംബന്ധിച്ചു.
ഭദ്രാസന വൈദീക സെക്രട്ടറിയായ ബഹു. ബിജോയ് കാരുകുഴിയില്‍ അച്ചന്‍ ക്രൊ പാട്രിക്ക് ചാപ്പലില്‍ വി. കുര്‍ബ്ബാന അര്‍പ്പിച്ചു. പരിശുദ്ധ യാക്കോബായ സഭാ വിശ്വാസികള്‍ക്കു ഈ തപോഭൂമിയില്‍ ആദ്യമായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാനുള്ള ഈ ചരിത്രാത്മക അവസരത്തിന് ഇടയാക്കിയത്, കോര്‍ക്ക് സെന്റ് പീറ്റേഴ്‌സ് ഇടവകയുടെ ആധ്യാത്മിക ജീവിതത്തില്‍ ഒരു അഭിമാനചിഹ്നമായി എന്നും നിലകൊള്ളുമെന്ന് ഇടവക വികാരി ജോജോ ജോസഫ് അച്ചന്‍ വിശ്വാസികളെ ഓര്‍മിപ്പിച്ചു. ക്രൊ പാട്രിക്ക് ചാപ്പലില്‍ വി. കുര്‍ബ്ബാന അര്‍പ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്ത ഇടവക മെത്രാപ്പോലീത്ത അഭി. തോമസ് മോര്‍ അലക്‌സന്ത്രയോസ് തിരുമേനിയോടും, ഭദ്രാസന ഭാരവാഹികളോടുമുള്ള നന്ദി അറിയിക്കുന്നുവെന്നും, ക്രൊ പാട്രിക്ക് ചാപ്പലില്‍ വി. കുര്‍ബ്ബാന അര്‍പ്പിച്ച ആദ്യത്തെ യാക്കോബായ സഭ വൈദീകന്‍ എന്ന നിലയില്‍ ഈ തീര്‍ത്ഥാടനം ബിജോയ് കാരുകുഴിയില്‍ അച്ഛന്റെ പൗരോഹിത്യ ജീവിതത്തിലെ നാഴികക്കല്ലുകളില്‍ ഒന്നായി എന്നും ഓര്‍മ്മിക്കപ്പെടുമെന്നും ട്രസ്റ്റി. ജെയ്മോന്‍ മാര്‍ക്കോസ് പ്രസ്താവിച്ചു.
അയര്‍ലണ്ടിന്റെ ക്രൈസ്തവ ചരിത്രത്തിന്റെ അമൂല്യതകള്‍ ഉറങ്ങുന്ന ഈ മലനിരകളില്‍ കടന്ന് വരുവാനും, വി. കുര്‍ബ്ബാനയില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാനും സാധിച്ചത് വളരെ സന്തോഷമുള്ള കാര്യമാണെന്നും, ഈ യാത്ര വിശ്വാസികള്‍ക്ക് കൂടുതല്‍ ആത്മീയ പ്രചോദനം നല്കട്ടെയെന്നും ബഹു. ഷിനോജ് എം ജോസഫ് അച്ചന്‍ ഉത്ബോധിപ്പിച്ചു. അയര്‍ലണ്ടിന്റെ പ്രൗഢമായ ക്രൈസ്തവ പാരമ്പര്യത്തിന്റെ ഏടുകള്‍ അനവധിയാണെന്നും, അവ ആരാഞ്ഞറിയുവാനുള്ള കോര്‍ക്ക് സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളി യൂത്ത് അസ്സോസ്സിയേഷന്‍ പ്രവര്‍ത്തകരുടെ ഉദ്യമം അഭിനന്ദനീയം ആണെന്നും, ആയതിന് പിന്തുണ നല്‍കുന്ന കോര്‍ക്ക് സെന്റ് പീറ്റേഴ്‌സ് ഇടവകയുടെ സമീപനം അഭിനന്ദിക്കപ്പെടേണ്ടതാണെന്നും, സാധ്യമായ മേഖലകളിലെല്ലാം ഇതര ക്രൈസ്തവ വിഭാഗങ്ങളുമായി സഹകരിച്ച് മുന്നേറുവാന്‍ അയര്‍ലണ്ടിലെ യാക്കോബായ സുറിയാനി സഭയ്ക്ക് സാധിക്കട്ടെയെന്നും, ചാപ്പലില്‍ വി. കുര്‍ബ്ബാന അര്‍പ്പിക്കുവാന്‍ അനുവാദം നല്‍കിയ കത്തോലിക്കാ സഭയോടുള്ള നന്ദി അറിയിക്കവേ, അയര്‍ലണ്ട് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കല്‍ വികാരിയേറ്റ് സെക്രട്ടറി ഫാ. ഡോ. ജോബി സ്‌കറിയ ഓര്‍മ്മിപ്പിച്ചു.