- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സജീവ് ജോസഫ് വിഭാഗീയ പ്രവർത്തനം തൊഴിലാക്കി കൊണ്ടു നടക്കുന്നയാൾ; ഒരു തരത്തിലും സ്ഥാനാർത്ഥിയായി അംഗീകരിക്കാൻ കഴിയില്ലെന്ന് തുറന്നടിച്ചു സോണി സെബാസ്റ്റ്യൻ; സോണിയെ തഴഞ്ഞതിന്റെ അമർഷം ഇരിക്കൂറിൽ മാത്രം ഒതുങ്ങില്ല വലിയ വില കൊടുക്കേണ്ടി വരുമെന്ന് എ ഗ്രൂപ്പ്; മഞ്ഞുരുക്കാൻ ഉമ്മൻ ചാണ്ടിയെ ഇറക്കാൻ കെപിസിസി തീരുമാനം
കണ്ണൂർ: ഇരിക്കൂറിലെ സ്ഥാനാർത്ഥി നിർണയത്തിന് പിന്നാലെ കണ്ണൂർ കോൺഗ്രസിൽ പൊട്ടിത്തെറി തുടരുകയാണ്. സജീവ് ജോസഫ് വിഭാഗീയ പ്രവർത്തനം തൊഴിലാക്കി കൊണ്ടു നടക്കുന്നയാളാണെന്നും ഒരു തരത്തിലും സ്ഥാനാർത്ഥിയായി അംഗീകരിക്കാൻ കഴിയില്ലെന്നും തുറന്നടിച്ച് കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ. സജീവ് ജോസഫ് വിഭാഗീയ പ്രവർത്തനം നടത്തി. ഇദ്ദേഹത്തിന് ഇരിക്കൂർ സീറ്റ് നൽകിയതിന്റെ ഫലം കോൺഗ്രസിന് ദുരന്തമായിരിക്കുമെന്നും സോണി സെബാസ്റ്റ്യൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
സജീവ് ജോസഫിന്റെതെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ സോണി സെബാസ്റ്റ്യനെ പിന്തുണയ്ക്കുന്ന എ ഗ്രൂപ്പ് നേതാക്കളുടെ യോഗം തീരുമാനിച്ചു. സജീവ് ജോസഫിന് സീറ്റ് നൽകിയത് അംഗീകരിക്കാനാകില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് എ ഗ്രൂപ്പുകാർ. ജില്ലയിൽ കോൺഗ്രസിന് സാധ്യതയുള്ള മൂന്ന് സീറ്റുകളിലും എ ഗ്രൂപ്പ് യോഗം വിളിച്ചിട്ടുണ്ടെന്ന് സോണി സെബാസ്റ്റ്യൻ പറഞ്ഞു.
സീറ്റു നിഷേധിച്ചതിൽ പരസ്യമായി പ്രതിഷേധിക്കാൻ തന്നെയാണ് കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജി വച്ചതെന്നും സോണി പറഞ്ഞു. ഇരിക്കൂറിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി സജീവ് ജോസഫിനെ നിർത്തുന്നതിൽ പ്രതിഷേധിച്ച് കഴിഞ്ഞദിവസം കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി മാത്യു, കെപിസിസി സെക്രട്ടറിമാരായ ചന്ദ്രൻ തില്ലങ്കേരി, എംപി മുരളി, ഡോ. കെ.വി ഫിലോമിന, വി.എൻ ജയരാജ് എന്നിവരുൾപ്പെടെ പാർട്ടി പദവി രാജി വച്ചിരുന്നു. കെപിസിസി നിർവാഹക സമിതി അംഗങ്ങളായ തോമസ് വല്ലത്താനം, ചാക്കോ പാലക്കലോടി, എൻ.പി ശ്രീധരൻ തുടങ്ങി 23 ഡി.സി.സി ഭാരവാഹികൾ, ഏഴ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാർ, 36 മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് യൂത്ത് കോൺഗ്രസ്, വനിതാ കോൺഗ്രസ് മറ്റ് പോഷക സംഘടനയിൽ പെട്ടവരും രാജി വച്ചിരുന്നു.
ഇരിക്കൂർ മണ്ഡലത്തെച്ചൊല്ലിയുള്ള പൊട്ടിത്തെറി കണ്ണൂർ, പേരാവൂർ സീറ്റുകളിലും പ്രതിഫലിച്ചേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. അതേസമയം, 'സജീവ് ജോസഫ് വേണ്ടേ വേണ്ട' എന്ന മുദ്രാവാക്യങ്ങളും ബാനറുകളുമായി ഇരിക്കൂർ ടൗണിൽ എ ഗ്രൂപ്പ് പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു. സജീവ് ജോസഫിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ എ ഗ്രൂപ്പ് നടത്തിയ രാപ്പകൽ സമരത്തിനിടെ പന്തലിലേക്ക് പാഞ്ഞുകയറിയ ഐ ഗ്രൂപ്പ് പ്രവർത്തകർ തമ്മിലടിയുമായി. ഇതെല്ലാം അവഗണിച്ച് സജീവ് ജോസഫിന് തന്നെ സീറ്റ് നൽകിയതിലാണ് ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ അമർഷം പുകയുന്നത്. സാധ്യതാ പട്ടിക വന്നത് മുതൽ ഇരിക്കൂറിൽ സജീവ് ജോസഫിനെതിരെ പ്രതിഷേധം ആരംഭിച്ചിരുന്നു.
പ്രവർത്തകർ ആലക്കോട്, ഉളിക്കൽ, ശ്രീകണ്ഠാപുരം എന്നിവിടങ്ങളിലെ ബ്ലോക്ക് കോൺഗ്രസ് ഓഫിസുകൾ പൂട്ടി കരിങ്കൊടി സ്ഥാപിച്ചിരുന്നു. കഴിഞ്ഞ ദിവസം മുതൽ ശ്രീകണ്ഠാപുരത്ത് രാപ്പകൽ സമരവും ആരംഭിച്ചിരുന്നു. വരുന്ന ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഇരിക്കൂർ, പേരാവൂർ, കണ്ണൂർ എന്നീ മണ്ഡലങ്ങളിലെ ബൂത്ത് തല നേതാക്കന്മാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാപ്പകൽ സമരം അവസാനിപ്പിച്ചത്. എന്നാൽ, ഡൽഹിയിൽ നേതാക്കളുടെ പെട്ടി പിടിച്ചു നടന്നയാൾ എന്ന ആരോപണം തന്നെ അപമാനിക്കാനാണെന്ന് നിയുക്ത സ്ഥാനാർത്ഥി സജീവ് ജോസഫ് പറഞ്ഞു. രാജി വച്ച നേതാക്കളെ കൂടെ കൊണ്ടുവരും. സോണി സെബാസ്റ്റ്യനെ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും സജീവ് ജോസഫ് ഇരിക്കൂറിൽപറഞ്ഞു
അതേസമയം കണ്ണൂരിൽ എ ഗ്രൂപ്പ് ക്ളീൻ സ്വീപ്പായതോടെ പലയിടങ്ങളിലും അമർഷം പുകയുന്നു. മട്ടന്നുരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായ ഇല്ലിക്കൽ അഗസ്തിയുടെ തെരഞ്ഞടുപ്പ് കൺവെൻഷൻ ബഹിഷ്കരിച്ചു. നാമമാത്രമായ ആളുകൾ മാത്രമാണ് കൺവെൻഷനിൽ പങ്കെടുത്തത്. കണ്ണൂരും പേരാവൂരും തങ്ങൾ തെരഞ്ഞെടുപ്പ് കൺവെൻഷൻ ബഹിഷ്കരിക്കുമെന്ന് നേതാക്കൾ അറിയിച്ചിട്ടുണ്ട്. ഇതോടെ ഇരിക്കുറി ലെ സീറ്റു തർക്കം കണ്ണൂർ ജില്ലയിലെ മറ്റിടങ്ങളിലും വ്യാപിപിക്കുമന്ന കാര്യം ഉറപ്പായിട്ടുണ്ട്. യു.ഡി.എഫിലെ ജില്ലാ ചെയർമാൻ പിടി മാത്യു വടക്കം 22 ഡി.സി.സി ഭാരവാഹികളും മണ്ഡലം ഭാരവാഹികളും ഇരിക്കൂറിൽ രാജി വെച്ചിട്ടുണ്ട്.
മാത്രമല്ല മട്ടന്നുരും ഇരിക്കൂറും മാനദണ്ഡങ്ങൾ ലംഘിച്ചാണ് സ്ഥാനാർത്ഥിയെ നിർത്തിയതെന്ന ആരോപണം കെ.സുധാകരനും ഉന്നയിച്ചിട്ടുണ്ട്. കെപിസിസി വർക്കിങ് പ്രസിഡന്റായ തന്നോട് ആലോചിക്കാതെയാണ് കണ്ണൂരിൽ സ്ഥാനാർത്ഥി നിർണയം നടത്തിയതെന്ന ആരോപണമാണ് കെ.സുധാകരനും ഉന്നയിക്കുന്നത്. ഇതോടെ വിജയ സാധ്യതയുള്ള മണ്ഡലങ്ങളിൽ സ്ഥാനാർത്ഥിയെ ഏകപക്ഷീയമായി നിർണയിച്ചത് വിജയ സാധ്യതയെ ബാധിക്കുമെന്നാണ് കെ.സുധാകരനും ചൂണ്ടികാണിക്കുന്നത്.
എന്നാൽ ഇരിക്കൂറിലെ പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ മാത്രമേയുയുള്ളുവെന്ന് നിയുക്ത സ്ഥാനാർത്ഥി സജി വ് ജോസഫ് പ്രതികരിച്ചു. പാർട്ടി നേതാക്കൾ ഇതിനായി ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ ഇരിക്കൂറിലെ എ ഗ്രൂപ്പുയർത്തുന്ന പ്രതിഷേധം അനുനയിപ്പിക്കാൻ അണികളിൽ സ്വാധീനമുള്ള ഉമ്മൻ ചാണ്ടി, സിറ്റിങ് എംഎൽഎ കെ.സി ജോസഫ് എന്നിവരുടെ സഹായം കെപിസിസി തേടിയിട്ടുണ്ട്. വരും ദിനങ്ങളിൽ കൂടുതൽ ചർച്ചകൾക്കായി ഇവർ ഇരിക്കൂറെത്തുമെന്നാണ് സൂചന.പേരാവൂരിന് പിന്നാലെ ഇരിക്കൂറും എ ഗ്രൂപ്പിന് നഷ്ടപ്പെട്ടതോടെ കണ്ണൂർ ജില്ലയിലെ വിജയസാധ്യതയുള്ള നിയോജകമണ്ഡലങ്ങളിലൊന്നും എ ഗ്രൂപ്പിന് സ്ഥാനാർത്ഥികളില്ലാതായിട്ടുണ്ട്.
ജില്ലയിൽ യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളായി അറിയപ്പെടുന്ന പേരാവൂരും ഇരിക്കൂറും മണ്ഡലരൂപീകരണ കാലം മുതൽ എ ഗ്രൂപ്പിന്റെ കൈയിലായിരുന്നു. അഞ്ചുതവണ തുടർച്ചയായി മണ്ഡലത്തിൽ എഗ്രൂപ്പിനെ പ്രതിനിധീകരിച്ചു വിജയിച്ചത് കെ.പി.നൂറുദ്ദീനായിരുന്നു. കരുണാകരൻ മന്ത്രിസഭയിൽ മന്ത്രിയുമായി.
എന്നാൽ,1996 ൽ നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ.ടി. കുഞ്ഞുമുഹമ്മദ് കെ.പി. നൂറുദ്ദീനെതിരേ അട്ടിമറി വിജയം നേടി. 2001 ൽ കെ.പി. നൂറുദ്ദീനെ സ്ഥാനാർത്ഥിയാക്കി എ ഗ്രൂപ്പ് മണ്ഡലത്തിൽ പ്രചാരണം തുടങ്ങിയെങ്കിലും കെ. കരുണാകരൻ ഇടപെട്ട് ഐ ഗ്രൂപ്പുകാരനായ പ്രഫ. എ.ഡി. മുസ്തഫയെ സ്ഥാനാർത്ഥിയാക്കുകയായിരുന്നു. അതോടെ പേരാവൂർ എ ഗ്രൂപ്പിന് നഷ്ടപ്പെട്ടു.
പിന്നീട് സണ്ണി ജോസഫിലൂടെ ഐ ഗ്രൂപ്പ് മണ്ഡലം നിലനിർത്തിവരികയാണ്. ഇതിനിടയിലാണ് ഇക്കുറി ഇരിക്കൂറും എ ഗ്രൂപ്പിന് നഷ്ടപ്പെട്ടത്. 1982 മുതൽ 2016 വരെ കെ.സി. ജോസഫ് ഇവിടെ തുടർച്ചയായി വിജയം നേടിയിരുന്നു. കെ.സി. ജോസഫ് ഇനി ഇരിക്കൂറിൽ മത്സരിക്കില്ലെന്നു പറഞ്ഞപ്പോഴും പകരം എ ഗ്രൂപ്പിൽനിന്നുള്ള നേതാക്കളുടെ ലിസ്റ്റാണ് സ്ഥാനാർത്ഥികളാക്കാൻ കെപിസിസിക്ക് നൽകിയത്.
കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, യുഡിഎഫ് ചെയർമാൻ പി .ടി. മാത്യു എന്നിവരുടെ പേരുകളായിരുന്നു ലിസ്റ്റിലുണ്ടായിരുന്നത്. ഇതിനിടെ ഐ ഗ്രൂപ്പിൽനിന്ന് സജീവ് ജോസഫിന്റെ പേരും സ്ഥാനാർത്ഥി പട്ടികയിൽ ഇടംനേടുകയായിരുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് അവസാന നിമിഷംവരെ സോണി സെബാസ്റ്റ്യന്റെ പേരായിരുന്നു മണ്ഡലത്തിൽ സജീവമായുണ്ടായിരുന്നത്. എന്നാൽ, കെ.സി. വേണുഗോപാലിന്റെ ശക്തമായ ഇടപെടലിൽ ഐ ഗ്രൂപ്പിൽനിന്നുള്ള സജീവ് ജോസഫ് സ്ഥാനാർത്ഥിയാകുകയായിരുന്നു.