കണ്ണൂർ: ഇരിക്കൂറിൽ എട്ടാംതവണയും മത്സരിക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആശിർവാദത്തോടെ മന്ത്രി കെസി ജോസഫ് ചരട് വലികൾ സജീവമാക്കി. യുഡിഎഫ് നേതൃത്വത്തെ ഒന്നാകെ ജോസഫിന് പിന്നിൽ അണിനിരത്താനാണ് നീക്കം. ഇടത് സ്ഥാനാർത്ഥി ദുർബലനാണെന്നും അതിനാൽ വിമതരെ ഒഴിവാക്കിയാൽ തന്നെ കെസി ജോസഫിന് ജയിക്കാമെന്നാണ് ഉമ്മൻ ചാണ്ടിയുടെ വികാരം.

ക്രൈസ്തവനായ വിമതനെ ഒരുതരത്തിലും മത്സരിപ്പിക്കാതിരിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി കെ.സി. ജോസഫിനെതിരെ ഇരിക്കൂർ മണ്ഡലത്തിൽ റിബൽ സ്ഥാനാർത്ഥിയായ കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് സജീവ് ജോസഫിനെ പിൻവലിക്കാൻ ഉമ്മൻ ചാണ്ടിക്കായി. കെസി ജോസഫുമായി സജീവ് ജോസഫ് ചർച്ച നടത്തി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സജീവ് ജോസഫിനെ സ്ഥാനാർത്ഥിയാക്കാമെന്നാണ് ഉറപ്പ്. ഇതോടെ കെസി ജോസഫിനെതിരെ ശക്തനായ വിമതനെ നിർത്താനുള്ള കോൺഗ്രസിലേയും യുഡിഎഫിലേയും വലിയ വിഭാഗത്തിന്റെ നീക്കത്തിനും തിരിച്ചടിയായി. സോഷ്യൽ മീഡിയിയലെ പ്രചരണങ്ങളുടെ പേരിൽ യുഡിഎഫ് പ്രവർത്തകർക്കെതിരെ കെസി ജോസഫ് കേസ് നൽകിയിരുന്നു. ഇതോടെ ജോസഫിനെതിരെ കടുത്ത അതൃപ്തിയാണ് നിലവിലുള്ളത്. ഇത് മനസ്സിലാക്കിയാണ് വിമതരെ വാഗ്ദാനങ്ങൾ നൽകി ഒപ്പം നിർത്താൻ കെസി ജോസഫും സജീവമാകുന്നത്.

നേരത്തെ ഇരിക്കൂർ മണ്ഡലത്തിൽ കോൺഗ്രസുമായി ഉടക്കി യു.ഡി.എഫിൽനിന്ന് വിട്ടുനിൽക്കുന്ന കേരള കോൺഗ്രസ് (എം)നെ സ്ഥാനാർത്ഥി കെ.സി. ജോസഫ് ഇടപെട്ട് അനുനയിപ്പിച്ചിരുന്നു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ ശ്രീകണ്ഠപുരം നഗരസഭയിലടക്കം കോൺഗ്രസ് അവഗണിച്ചെന്നാരോപിച്ച് കേരള കോൺഗ്രസ് ഒറ്റക്ക് സ്ഥാനാർത്ഥികളെ നിർത്തി മത്സരിപ്പിച്ചിരുന്നു. പിന്നീടിങ്ങോട്ട് മണ്ഡലത്തിൽ യു.ഡി.എഫ് യോഗങ്ങളിലും മറ്റും അവർ പങ്കെടുത്തിരുന്നില്ല. നിയമസഭ തെരഞ്ഞെടുപ്പിലും തങ്ങൾ ഒറ്റക്ക് പ്രവർത്തിക്കുമെന്ന് കേരള കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ ചർച്ചയ്ക്ക ്‌കെസി ജോസഫ് എത്തി. അർഹമായ പരിഗണന നൽകുമെന്നും ഒരിക്കലും അവഗണിക്കില്ലെന്നും അദ്ദേഹം ഉറപ്പുനൽകിയതോടെ ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ തീരുമാനിച്ചു. ഇതിന് പിന്നാലെയാണ് സജീവ് ജോസഫിനേയും അനുനയിപ്പിക്കാൻ കെസി ജോസഫിനായത്.

ഇരിക്കൂറിൽ ക്രൈസ്തവ രാഷ്ട്രീയത്തിന് പ്രസക്തി ഏറെയാണ്. അതുകൊണ്ട് തന്നെ ക്രൈസ്തവ സ്ഥാനാർത്ഥിക്ക് മാത്രമേ ജയിക്കാനാകൂ. ഇത് മനസ്സിലാക്കിയാണ് ഇരിക്കുറിൽ കെസി ജോസഫിനെ എതിർക്കുന്നവർ സജീവ് ജോസഫിനെ സ്ഥാനാർത്ഥിയാക്കാൻ ആഗ്രഹിച്ചത്. നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ചാണ് കെപിസിസി ജനറൽ സെക്രട്ടറി കൂടിയായ സജീവ് ജോസഫ് മത്സര രംഗത്തിറങ്ങാൻ തീരുമാനമെടുക്കുകയും ചെയ്തു. കോൺഗ്രസിന്റെ ഔദ്യോഗിക ചുമതലകൾ രാജിവച്ച് അടുത്ത ദിവസം തന്നെ ഇദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുമെന്നായിരുന്നു സൂചന. ഇതോടെ സജീവ് ജോസഫിനു വേണ്ടി കെ.ആർ. അബ്ദുൾഖാദർ മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്മാരുകയും ചെയ്തു. എന്നാൽ ഏവരേയും അമ്പരപ്പിച്ച് സജീവ് ജോസഫ് വിമതനാകാനില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

ഇരിക്കൂർ മണ്ഡലത്തിൽ തുടർച്ചയായ എട്ടാം തവണയും കോട്ടയം ജില്ലക്കാരനായ കെ.സി. ജോസഫിനെ മത്സരിപ്പിക്കാനുള്ള നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ കോൺഗ്രസ് ഇരിക്കൂർ മണ്ഡലം കമ്മിറ്റിയും യൂത്ത് കോൺഗ്രസ് അടക്കമുള്ള പോഷക സംഘടനകളും രംഗത്ത് വരികയും തെരുവിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇരിക്കൂർ മണ്ഡലം പ്രസിഡണ്ട് കെ.ആർ. അബ്ദുൾഖാദർ രാജിവെയ്ക്കുകയും മന്ത്രിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുന്ന ഘട്ടത്തിൽ വിശാല ഐ ഗ്രൂപ്പ് അനുകൂല നേതാവായ അഡ്വ. സജീവ് ജോസഫിന്റെ പേര് മണ്ഡലത്തിലേക്ക് പരിഗണിക്കുകയും ഹൈക്കമാൻഡ് പച്ചക്കൊടി കാട്ടുകയും ചെയ്തിരുന്നു.

എന്നാൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് തന്റെ വിശ്വസ്തനും എ ഗ്രൂപ്പ് നേതാവുമായ കെ.സി.ജോസഫിനു വേണ്ടി ചരടുവലികൾ നടത്തുകയും മണ്ഡലത്തിലെ പ്രവർത്തകരുടെ വികാരത്തെ മറികടന്ന് കെ.സി. ജോസഫിനെതന്നെ എട്ടാംതവണയും സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയുമായിരുന്നു. നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ചാണ് കെപിസിസി ജനറൽ സെക്രട്ടറി കൂടിയായ സജീവ് ജോസഫ് മത്സര രംഗത്തിറങ്ങാൻ തീരുമാനമെടുത്തത്. ഇതോടെ പണികിട്ടുമെന്ന് കെസി ജോസഫിന് ഉറപ്പായി. മുഖ്യമന്ത്രിയേയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയേയും അനുനയിപ്പിച്ച് ചർച്ചകൾ സജീവമാക്കി. അടുത്ത തവണ സജീവ് ജോസഫിന് തന്നെയാകും സീറ്റെന്ന് ഉറപ്പ് കൊടുത്തു. ഈ സാഹചര്യത്തിൽ ചെന്നിത്തലയുടെ കൂടെ നിലപാട് അംഗീകരിച്ച് സജീവ് ജോസഫ് പിന്മാറി.

ഇരിക്കൂറിൽ കെസി ജോസഫിനെതിരെ ബൂത്ത് തലം മുതൽ പ്രതിഷേധ യോഗങ്ങൾ യുഡിഎഫിലെ വലിയൊരു വിഭാഗം നടത്തിയിരുന്നു. മണ്ഡലത്തിൽ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മരവിച്ചതോടെ എന്ത് ചെയ്യുമെന്നറിയാതെ നേതൃത്വം അങ്കലാപ്പിലുമായി. കെസി ജോസഫ് വിളിച്ച തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ ആളില്ലാതെ പൊളിയുകയും കെസിക്കെതിരെ സംഘടിപ്പിക്കുന്ന യോഗങ്ങളിൽ ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ പങ്കെടുക്കുകയും ചെയ്യുന്നതാണ് മണ്ഡലത്തിലെ സാഹചര്യം. വിമത കൺവെൻഷനുകളിൽ മുഴുവൻ കെസി ജോസഫ് പിന്മാറമെന്നാണ് പ്രവർത്തകർ ആവശ്യപ്പെടുന്നത്. കെ സി ജോസഫിനെ മാറ്റി കണ്ണൂർ ജില്ലക്കാരനായ ആരെയങ്കിലും സ്ഥാനാർത്ഥിയാക്കണമെന്ന് വിമത കൺവെൻഷൻ ആവശ്യപ്പെട്ടത്. ഇത് അംഗീകരിക്കപ്പെടാതെ വന്നതോടെ സോഷ്യൽ മീഡിയയിലും പ്രചരണം ശക്തമായി. കോൺഗ്രസിന്റെ കുത്തകസീറ്റ് കെസി ജോസഫിന്റെ പേരിൽ ഇടുമുന്നണി നേടുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് കോൺഗ്രസ് പ്രവർത്തകർ ആവശ്യപ്പെടുന്നത്.

34 വർഷമായി കോട്ടയത്തുനിന്ന് വന്ന് ഇരിക്കൂറിൽ മത്സരിക്കുന്ന ജോസഫ് വീണ്ടും മത്സരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ഇരിക്കൂറിലെ കോൺഗ്രസിലെ വലിയരൊ വിഭാഗം പറയുന്നത്. ഇറക്കുമതിചെയ്ത സ്ഥാനാർത്ഥിയെ വർഷങ്ങളോളം സഹിച്ചു. ഇനി ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും നിലപാട് എടുക്കുന്നു. എന്നാൽ സജീവ് ജോസഫ് പിന്മാറിയതോടെ മികച്ചൊരു വിമതനെ കണ്ടെത്താനാവാത്ത അവസ്ഥയുമുണ്ട്. ആരെ സമീപിച്ചാലും അവരെ വാഗ്ദാന പെരുമഴയിൽ കെസി ജോസഫ് വീഴ്‌ത്തുന്നുവെന്നതാണ് ഇതിന് കാരണം. ഇതോടെ ഇടതുപക്ഷ സ്ഥാനാർത്ഥിയായ കെടി ജോസിനെ പരസ്യമായി പിന്തുണയ്ക്കുന്നതും പരിഗണനയിലുണ്ട്. ഇരിക്കൂറിലെ സമുദായിക സമവാക്യം അനുകൂലമാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ജോസിനെ സിപിഐയും സ്ഥാനാർത്ഥിയാക്കിയത്.