കണ്ണുർ: റെൻഡ് എ കാർ മറിച്ചുവിറ്റു ഇരിക്കൂർ സ്വദേശിയായ യുവാവ് പലരെയും വഞ്ചിച്ചതായി പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞു ഇങ്ങനെ ലഭിക്കുന്ന പണം കൊണ്ടു ഇയാൾ ആർഭാട ജീവിതം നയിച്ചു വരികയാണെന്നാണ് പൊലിസ് അന്വേഷണത്തിൽ വ്യക്തമായത്. ബംഗ്‌ളൂര്, മൈസൂര്, മംഗളുര്, മുംബെ എന്നീ വൻ നഗരങ്ങളിൽ പോയി മാസങ്ങളോളം ചെലവഴിച്ചു ഇയാൾ ആർഭാട ജീവിതം നയിച്ചു വരികയാണെന്നാണ് ചോദ്യം ചെയ്യലിൽ വ്യക്തമായത്.

വിവിധ സ്ഥലങ്ങളിൽ നിന്ന് കാറുകൾ വാടകയ്‌ക്കെടുത്ത് മറിച്ചു വിൽപ്പന നടത്തിയ കേസിൽ ഇരിക്കൂർ കണിയാങ്കണ്ടി വീട്ടിൽ നാസറിനെ (42) ആറളം എസ് ഐ പി വി ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തപ്പോഴാണ് ഇയാളുടെ തട്ടിപ്പിന്റെ വ്യാപ്തി പുറം ലോകമറിഞ്ഞത്. റെന്റ് എ കാർ സംവിധാനത്തിലുള്ളവരിൽ നിന്ന് ദിവസങ്ങളോളം വാഹനം വേണമെന്ന് പറഞ്ഞ് കാർ എടുത്ത ശേഷം ആർ.സിയുടെ പകർപ്പെടുത്ത് മറിച്ചു വിറ്റായിരുന്നു ഇയാളുടെ തട്ടിപ്പ് രീതി.

പഴയങ്ങാടിയിലുള്ള ഒരാളുടെ സ്വിഫ്റ്റ് കാർ ഇയാൾ വാടകയ്ക്കെടുക്കുകയും ഇതേ കാർ കീഴ്പള്ളി സ്വദേശിക്കു വിൽക്കുകയുമായിരുന്നു. മാസങ്ങളായിട്ടും വാഹനം കൊണ്ടുപോയ നാസറിനെക്കുറിച്ച് വിവരമില്ലാത്തതിനാൽ ഇവർ പൊലീസിൽ പരാതി നൽകി. ഈ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് കണ്ണൂരിലെ ഒരു ലോഡ്ജിൽവെച്ച് ഇയാൾ പിടിയിലാകുന്നത്. ഭിന്നശേഷിക്കാരനായ ഇയാളുടെ കെണിയിൽ നിരവധിയാളുകൾ കബളിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു മാനക്കേടു കൊണ്ട് പലരും പൊലിസിൽ പരാതി നൽകാൻ മടിക്കുകയാണ്.

പലപ്പോഴും ഇരകളായവർ ഇയാൾക്കെതിരെ കേസ് കൊടുത്ത് പണം തിരിച്ചുനൽകാൻ ആവശ്യപ്പെടുമ്പോൾ ഭീഷണിപ്പെടുത്തുകയും വികലാംഗനാണെന്ന ശാരീരിക ദൈന്യത പ്രകടിപ്പിച്ചും കേസിൽനിന്ന് തടിതപ്പുകയാണ് പതിവ്. ഇരിക്കൂർ പൊലീസ് സ്റ്റേഷനിൽ തന്നെ ഇയാൾക്കെതിരെ നിരവധി പരാതികൾ ഉണ്ടായിരുന്നു. നിലവിൽ രണ്ട് കേസുകൾ ഇയാൾക്കെതിരെയുണ്ട്.

ആയിപ്പുഴ സ്വദേശി മുഹമ്മദ് അമീൻ മൗലവിക്ക് വീട് നിർമ്മാണത്തിന് പലിശരഹിത വായ്പ ശരിയാക്കി തരാമെന്ന് പറഞ്ഞ് തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും ആധാർ കാർഡും വാങ്ങുകയും തുടർന്ന് ആ രേഖകൾ വെച്ച് കണ്ണൂരിലെ ഷോറൂമിൽ നിന്ന് രണ്ട് ബൈക്കുകൾ വായ്‌പ്പയിൽ വാങ്ങുകയും ചെയ്തു. ഒന്നര വർഷങ്ങൾക്കു ശേഷം അടവ് തെറ്റിയത് കാരണം ബാങ്ക് ഉദ്യോഗസ്ഥർ വീട്ടിൽ വന്നപ്പോഴാണ് താൻ വഞ്ചിക്കപ്പെട്ടുവെന്ന് അറിഞ്ഞത്. ഉടൻ ഇരിക്കൂർ പൊലീസ് സ്റ്റേഷനിൽ കേസ് കൊടുത്തു. നിടുവള്ളൂർ സ്വദേശിയിൽ നിന്ന് ഒരു ലക്ഷം രൂപ വാങ്ങി വഞ്ചിച്ച കേസും ഇപ്പോൾ നിലവിലുണ്ട്.

കോഴിക്കോട് വെള്ളിപ്പറമ്പ് സ്വദേശി ഷാനവാസിൽ നിന്ന് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ കൈതച്ചക്ക കച്ചവടം ചെയ്യാൻ വാങ്ങി. പിന്നീട് ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തി. തുടർന്ന് വക്കീൽ നോട്ടീസ് അയച്ചിട്ടും മറുപടി നൽകാത്തതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ പരാതിപ്പെടുകയും ചെയ്തു. കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ പരാതിയുണ്ടെന്നും പൊലീസ് അന്വേഷിച്ചു വരികയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ആറളം എസ്‌ഐ പി.വി. ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിൽ എഎസ്ഐ നാസർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ശ്രീജിത്ത്, സിപിഒ പ്രജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ മട്ടന്നൂർ കോടതി രണ്ടാഴ്‌ച്ചത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്.