ഇരിട്ടി: ലൈംഗിക പീഡനത്തെത്തുടർന്ന് ഇരിട്ടി പയഞ്ചേരിയിൽ എഴുപതുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഡിഎൻഎ ഫലം അറസ്റ്റിലായ പ്രതിയുടെതെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞു.

മാർച്ച് 30-നാണ് പയഞ്ചേരി വികാസ് നഗറിലെ എഴുപതുകാരി പീഡനത്തെത്തുടർന്നുണ്ടായ മാനസികവിഷമത്തിൽ മുഴക്കുന്നിലെ ബന്ധുവീട്ടിലെത്തി തൂങ്ങിമരിച്ചത്. ഈ സംഭവത്തിൽ ഇരിട്ടി ഡിവൈ.എസ്‌പി. പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആറളത്തെ മാവിലവീട്ടിൽ പി.എം.രാജീവനെ(45) അറസ്റ്റുചെയ്തിരുന്നു.

സ്വാഭാവിക മരണമെന്ന് ആദ്യം കരുതിയെങ്കിലും പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫൊറൻസിക് സർജൻ ഗോപാലകൃഷ്ണപിള്ള വയോധിക ലൈംഗികപീഡനത്തിനിരയായെന്ന് കണ്ടെത്തി. വയോധികയുടെ മകൻ പരാതി നൽകിയതിനെത്തുടർന്ന് ഡി.എൻ.എ. പരിശോധന നടത്താൻ തീരുമാനിച്ചു. വയോധികയുടെ ശരീരത്തിൽനിന്ന് ലഭിച്ച സ്രവങ്ങളാണ് പൊലീസ് ഡി.എൻ.എ. പരിശോധനയ്ക്കയച്ചത്.

സാഹചര്യത്തെളിവുകളെല്ലാം പ്രതിക്കെതിരായിരുന്നു. ദൃക്സാക്ഷികൾ ഒന്നുമില്ലാത്ത കേസായിരുന്നതിനാൽ ശാസ്ത്രീയതെളിവുകളാണ് പൊലീസ് പ്രധാനമായും ആശ്രയിച്ചത്. വയോധിക ക്രൂരമായ ലൈംഗികപീഡനത്തിനിരയായിരുന്നുവെന്ന് മൃതദേഹപരിശോധനയിൽ വ്യക്തമായിരുന്നു. ഡി.എൻ.എ. ഫലം അനുകൂലമായതോടെ കേസ് വേഗത്തിൽ തെളിയിക്കാൻ കഴിയുമെന്ന് അന്വേഷണസംഘം പറഞ്ഞു.

ഐ.ജി. മഹിപാൽ യാദവ്, ജില്ലാ പൊലീസ് മേധാവി ശിവവിക്രം, ഇരിട്ടി ഡിവൈ.എസ്‌പി. പ്രജീഷ് തോട്ടത്തിൽ എന്നിവരുടെ നേതൃത്വത്തിലാണ് ശാസ്ത്രീയാന്വേഷണം നടത്തി പ്രതിയെ അറസ്റ്റുചെയ്തത്.