ചെന്നൈ: മണിപ്പൂരി സമരനായിക ഇറോം ശർമിള വിവാഹിതയായി. ഗോവയിൽ സ്ഥിരതാമസമാക്കിയ ബ്രിട്ടീഷ് പൗരൻ ഡെസ്മണ്ട് കുട്ടിനോവിനെയാണ് ഇറോം വിവാഹം കഴിച്ചത്. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ഇറോമിന്റെയും ഡെസ്മണ്ടിന്റെയും വിവാഹം. ബുധനാഴ്ച രാവിലെ തമിഴ്‌നാട്ടിലെ കൊടൈക്കനാലിൽ ആയിരുന്നു ഇരുവരുടെയും വിവാഹം. തീർത്തും ലളിതമായ ചടങ്ങായാണ് വിവാഹം രജിസ്റ്റർ ചെയ്തത്.

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയ അഫ്‌സ്പാ നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇറോം പതിനാറ് വർഷം നീണ്ട സമരം നടത്തിയിരുന്നു. അടുത്തിടെ സമരം അവസാനിപ്പിച്ച ഇറോം ശർമിള രാഷ്ട്രീയത്തിലേയ്ക്കിറങ്ങിയിരുന്നു.

പീപ്പിൾസ് റീസർജൻസ് ആൻഡ് ജസ്റ്റിസ് അലയൻസ് എന്ന പുതുപാർട്ടിയുമായി തെരഞ്ഞെടുപ്പിനെ നേരിട്ട ഇറോമിന് 90 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. പിന്നീട് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ച് അവർ ദക്ഷിണേന്ത്യയിലേക്കു മാറി താമസിക്കുകയാണ്.