- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വാലിഹ് നൽകിയ സ്വർണ്ണവുമായി പറന്ന ഇർഷാദ്; പരിചയപ്പെടുത്തിയത് പീഡനത്തിന് ഇരയായ പത്തനംതിട്ട സ്വദേശിനിയുടെ ഭർത്താവും; മേയിൽ എത്തിയ ഇർഷാദിനെ തേടി സ്വാലിഹ് എത്തിയത് ജൂലൈയിൽ; വൈത്തിരിയിൽ താമസിപ്പിച്ചുള്ള പീഡനത്തിന് ശേഷം ഇർഷാദ് മരിച്ചപ്പോൾ തിരിച്ചു മടക്കം; കൊലയ്ക്ക് പിന്നിൽ സ്വർണ്ണ കടത്ത് പക തന്നെ
കോഴിക്കോട്: കോഴിക്കോട് പെരുവണ്ണാമൂഴിയിൽ കൊല്ലപ്പെട്ട ഇർഷാദ് താമസിച്ചത് വയനാട് വൈത്തിരിയിൽ ലോഡ്ജിലായിരുന്നുവെന്ന് കണ്ടെത്തൽ. ജൂൺ രണ്ടിന് ഇർഷാദിന്റെ സുഹൃത്ത് ഷെമീർ ലോഡ്ജിൽ റൂം എടുത്തു. ജൂലൈ നാലിനാണ് സംഘം ഇർഷാദിനെ ലോഡ്ജിൽ നിന്ന് കൂട്ടിക്കൊണ്ട് പോയതെന്നും ലോഡ്ജ് ഉടമ വെളിപ്പെടുത്തി. ചികിത്സയ്‌ക്കെന്ന് പറഞ്ഞാണ് ഇർഷാദും ഷമീറും റൂം എടുത്തത്. പൊലീസ് ലോഡ്ജിലെത്തി പരിശോധന നടത്തി. കഴിഞ്ഞ ജൂലൈ 17-ന് നന്തിയിലെ കോടിക്കൽ കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹമാണ് ഡി.എൻ.എ. പരിശോധനയിൽ ഇർഷാദിന്റേതാണെന്ന് സ്ഥിരീകരിച്ചത്.
ഇർഷാദിന്റെ മരണത്തിൽ ദുരൂഹത ഏറെയാണ്. 'പാലത്തിനു സമീപം ഒരു ചുവന്ന കാർ നിർത്തി കുറച്ചു പേർ ഇറങ്ങി പാലത്തിന്റെ അരികിലെ വഴിയിലൂടെ താഴേക്ക് ഇറങ്ങുന്നതു കണ്ടു. പെട്ടെന്ന് ആരോ പുഴയിൽ ചാടിയെന്നു പറഞ്ഞ് ആളുകൾ ഓടിക്കൂടി. അപ്പോഴേക്കും കുറേപ്പേർ കാറിൽ കയറി ഓടിച്ചുപോയി' പുറക്കാട്ടിരി പാലത്തിനു സമീപം കക്ക കച്ചവടം നടത്തുന്ന മുള്ളങ്കണ്ടി ഗോവിന്ദൻ പറഞ്ഞു. അൽപസമയത്തിനു ശേഷം ഒരാൾ പുഴയിലൂടെ നീന്തിപ്പോകുന്നതു കണ്ടെന്നു പാലത്തിനു സമീപം പുഴയുടെ തീരത്ത് താമസിക്കുന്ന സി.കമല പറയുന്നു.
ജൂലൈ 15ന് വൈകിട്ട് അഞ്ചോടെയാണ് സംഭവം. കോഴിക്കോട് നിന്ന് അത്തോളി ഭാഗത്തേക്കു സഞ്ചരിച്ച കാറാണ് പാലത്തിനു സമീപത്ത് നിർത്തിയത്. തട്ടിക്കൊണ്ടു പോയി അജ്ഞാത കേന്ദ്രങ്ങളിൽ മാറി മാറി താമസിപ്പിച്ചിരുന്ന ഇർഷാദിനെ അത്തോളി ഭാഗത്തേക്കു കൊണ്ടുപോവുകയായിരുന്നു. വഴിയിൽ വച്ച് ഛർദിക്കണം എന്നു പറഞ്ഞെന്നും പുറത്തിറങ്ങി പുഴയുടെ അരികിലേക്കു പോയപ്പോൾ ചാടിയെന്നുമാണ് പ്രതികളുടെ മൊഴി. പാലത്തിന്റെ ഇരു വശത്തും പുഴയരികിലേക്ക് ഇറങ്ങാവുന്ന വഴി നിർമ്മിച്ചിട്ടുണ്ട്. പുഴയോരത്ത് ധാരാളം വീടുകളുണ്ട്. ഈ വഴിയിലൂടെയാണ് സംഘം ഇർഷാദുമായി താഴേക്കു പോയത്. ആരോ പുഴയിൽ ചാടിയെന്നു പറഞ്ഞ് ആളുകൾ കൂടിയതോടെ ഇവർ രക്ഷപ്പെട്ടു.
പുഴയിൽ നീന്തുക എന്നത് ഇർഷാദിനെ സംബന്ധിച്ച് അത്ര പ്രയാസകരമായ കാര്യമല്ല. ചെറുപ്പം മുതൽക്കെ മണലെടുക്കാൻ പോകുന്നവരെ സഹായിക്കാൻ പോയിരുന്നു. നീന്തിക്കയറാൻ പറ്റാത്ത രീതിയിലുള്ള എന്തെങ്കിലും കഴിപ്പിക്കുകയോ മർദ്ദിച്ചതോ ആകാമെന്നാണ് നിഗമനം. അല്ലെങ്കിൽ രക്ഷപ്പെട്ട് പുഴ നീന്തിക്കടക്കാം എന്ന ആത്മവിശ്വാസത്തിൽ ചെയ്തതാകാം, തെറ്റിദ്ധരിപ്പിച്ച് പാലത്തിലെത്തിച്ച് കൊല്ലാനുള്ള ഉദ്ദേശത്തോടെവാഹനത്തിൽ നിന്ന് ഇറക്കിയതാണോ എന്നുള്ള സംശയങ്ങളും ഉയരുന്നുണ്ട്.
മെയ് 13-നാണ് ഇർഷാദ് ദുബായിൽനിന്ന് നാട്ടിലേക്കെത്തിയത്. 23-ന് വീട്ടിൽനിന്ന് ജോലിക്കെന്നു പറഞ്ഞ് വയനാട്ടിലേക്കുപോയി. ജൂലായ് മാസം എട്ടിനാണ് ഇർഷാദിനെ തട്ടിക്കൊണ്ടുപോയതായി കുടുംബത്തിന് സന്ദേശം ലഭിക്കുന്നത്. വിദേശത്തുനിന്ന് എത്തിച്ച 60 ലക്ഷത്തോളം മൂല്യമുള്ള സ്വർണം തിരികെനൽകിയില്ലെങ്കിൽ ഇർഷാദിനെ കൊല്ലുമെന്നായിരുന്നു ഭീഷണി. സൂപ്പിക്കട സ്വദേശി ഷെമീറുൾപ്പടെ മൂന്നുപേർക്കാണ് സ്വർണം കൈമാറിയതെന്നായിരുന്നു മാതാപിതാക്കളുടെ വെളിപ്പെടുത്തൽ. ഷെമീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ചികിത്സാർഥം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ സുഹൃത്തുക്കളെയും മുഹമ്മദ് സാലിഹുമായി ബന്ധമുള്ളവരെയുമെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് ചോദ്യംചെയ്തിട്ടുണ്ട്.
ഇർഷാദിനെ കാണാതായ സംഭവത്തിൽ നാല് പേരെയാണ് ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തത്. കൽപ്പറ്റ സ്വദേശി ജിനാഫ് (31), വൈത്തിരി സ്വദേശി ഷഹീൽ (26), പൊഴുതന സ്വദേശി സജീർ (27) പിണറായി സ്വദേശി മർസീദ് എന്നിവരാണ് അറസ്റ്റിലായത്. ഇർഷാദിനെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന മുഹമ്മദ് സാലിഹിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാൾ വിദേശത്താണെന്നും ഇടയ്ക്ക് നാട്ടിലെത്തി ജൂലായ് മാസത്തിൽ വിദേശത്തേക്ക് തിരികെപ്പോയതാണെന്നുമാണ് പൊലീസ് കണ്ടെത്തൽ. മുഹമ്മദ് സ്വാലിഹ് ദുബായിലേക്ക് മടങ്ങിയത് ഇർഷാദിന്റെ മരണത്തിനു ശേഷമാണ്.
നഷ്ടമായ കള്ളക്കടത്ത് സ്വർണം കണ്ടെത്താനായി ഒരു മാസം മുൻപാണ് ഇയാൾ ദുബായിൽ നിന്നു നാട്ടിലെത്തിയത്. ഇതിനു ശേഷമായിരുന്നു ഇർഷാദിനെ തട്ടിക്കൊണ്ടുപോയത്. ദുബായിൽ നിന്നു സ്വാലിഹ് നൽകിയ സ്വർണവുമായാണ് ഇർഷാദ് മേയിൽ നാട്ടിലെത്തിയത്. എന്നാൽ ഈ സ്വർണം ഇർഷാദ് മറ്റു ചിലർക്കു വിറ്റെന്നു പൊലീസ് പറയുന്നു. സ്വാലിഹിനെതിരെ സ്ത്രീ പീഡനത്തിനും കേസുണ്ട്. ഇർഷാദിന്റെ മരണത്തിനു കാരണമായ അതേ കള്ളക്കടത്തു സ്വർണവുമായി ബന്ധപ്പെട്ടായിരുന്നു പീഡനമെന്നു പരാതിയിൽ പറയുന്നു.
പത്തനംതിട്ട സ്വദേശിയായ ഇരുപത്തിനാലുകാരിയുടെ പരാതിയിലാണ് കഴിഞ്ഞ ദിവസം പെരുവണ്ണാമൂഴി പൊലീസ് കേസെടുത്ത്. ഈ യുവതിയുടെ ഭർത്താവാണ് ദുബായിൽ ഇർഷാദിനെ മുഹമ്മദ് സ്വാലിഹിനു പരിചയപ്പെടുത്തിക്കൊടുത്തത്.
മറുനാടന് മലയാളി ബ്യൂറോ