- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നാം ക്ലാസിൽ തുടങ്ങിയ ഫുട്‌ബോൾ കമ്പം; കാലൊടിഞ്ഞപ്പോൾ കളിക്കളത്തിനു പുറത്തിരുന്ന് വിധിനിർണയം; ഒടുവിൽ മത്സരങ്ങൾ കടന്ന് ഏറ്റവു പ്രായം കുറഞ്ഞ ദേശീയ റഫറിയായി ഉദുമക്കാരൻ ഇർഷാദിന് അംഗീകാരം
കാസർഗോഡ്: കാൽപന്തു കളിക്കിടെ കാലൊടിഞ്ഞ് കിടപ്പിലായ അഹമ്മദ് ഇർഷാദ് സ്വപ്‌നം കണ്ടതു മുഴുവൻ ഫുട്‌ബോളിനെയായിരുന്നു. കിടക്കയിൽ നിന്നും എഴുന്നേററ് മുടന്തി നടന്ന് കളിക്കളത്തിനു പുറത്തുനിന്നും കളി നിയന്ത്രിച്ച പയ്യൻ ഇന്ന് കേരളത്തിലെ ഏററവും പ്രായം കുറഞ്ഞ റഫറി പദവിയിലേക്ക് എത്തിനിൽക്കുകയാണ്. അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ ഗുജറാത്തിലെ
കാസർഗോഡ്: കാൽപന്തു കളിക്കിടെ കാലൊടിഞ്ഞ് കിടപ്പിലായ അഹമ്മദ് ഇർഷാദ് സ്വപ്‌നം കണ്ടതു മുഴുവൻ ഫുട്‌ബോളിനെയായിരുന്നു. കിടക്കയിൽ നിന്നും എഴുന്നേററ് മുടന്തി നടന്ന് കളിക്കളത്തിനു പുറത്തുനിന്നും കളി നിയന്ത്രിച്ച പയ്യൻ ഇന്ന് കേരളത്തിലെ ഏററവും പ്രായം കുറഞ്ഞ റഫറി പദവിയിലേക്ക് എത്തിനിൽക്കുകയാണ്.
അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ ഗുജറാത്തിലെ ഗാന്ധിനഗർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പ്രോജക്ട് സൂപ്പർ ഇന്ത്യ 2016 യൂത്ത് റഫറീസ് ക്യാമ്പിൽ വച്ച് ഉദുമ സ്വദേശിയായ ഇർഷാദ് എല്ലാ പരീക്ഷകളും ജയിച്ചു ദേശീയ തലത്തിൽ തിരഞ്ഞെടുക്കപ്പെട്ടിരിക്കയാണ്. ഭാവിയിൽ ഇന്ത്യയിലും വിദേശത്തും വച്ചു നടക്കുന്ന റഫറീസ് ക്യാമ്പിൽ പങ്കെടുക്കുവാനും മത്സരങ്ങൾ നിയന്ത്രിക്കാനും ഇർഷാദിന് അവസരം ലഭിക്കും.
ഫുട്‌ബോൾ കളിയുടെ കമ്പം കാരണം ബികോം പഠനം വിദൂര വിദ്യാഭ്യാസം വഴി നടത്തി ഫുട്‌ബോളിനൊപ്പം നീങ്ങുകയാണ് ഇർഷാദ്. കാസർഗോഡ് ജില്ലയിലെ മൊഗ്രാൽ ഗ്രാമം ഫുട്‌ബോൾ കമ്പക്കാരുടെ നാടാണ്. മുഗ്രാൽ ഗവ. ഹൈസ്‌ക്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് കാൽപ്പന്തിന്റെ ആകർഷണ വലയത്തിൽ ഇർഷാദ് അകപ്പെട്ടത്. സ്‌കൂൾ തലത്തിൽ ടീമിന്റെ നേതൃത്വം വഹിക്കാൻ അദ്ധ്യാപകർ തിരഞ്ഞെടുത്തത് ഇർഷാദിനെയായിരുന്നു. ഉദുമ ഗവ. ഹയർ സെക്കന്ററി സ്‌കൂളിലേക്ക് പഠനം മാറിയപ്പോൾ ഇർഷാദ് എന്ന കൗമാരക്കാരന്റെ കളിയിൽ ഭാവിയുണ്ടെന്ന് തിരിച്ചറിവ് അവിടത്തെ കായികാദ്ധ്യാപകനുണ്ടായി. പടന്നയിലെ സതീശൻ മാസ്റ്റർ നൽകിയ പ്രോത്സാഹനത്തോടെ ഇർഷാദ് കളി തുടർന്നു. അമ്മാവനായ റാഷിദിനൊപ്പം ക്രിക്കറ്റ് കളിച്ചിരുന്ന ഇർഷാദ് ഒടുവിൽ ബാറ്റ് മാറ്റിവച്ച് ഫുട്‌ബോളിലേക്ക് തിരിയുകയായിരുന്നു.
2012 ലെ കേരളോത്സവത്തിന്റെ ഭാഗമായി നടന്ന ഫുട്‌ബോൾ മത്സരത്തിൽ എതിരാളികളുടെ ഗോൾവലയം ഭേദിക്കാൻ ശ്രമിക്കവേ ഇർഷാദ് കളിക്കളത്തിൽ കാലിടറി വീഴുകയായിരുന്നു. മുട്ടിന് മുകളിൽ വച്ച് ഇടതുകാൽ പൊട്ടി ഗുരുതരമായി പരിക്കേറ്റു. സ്റ്റീൽ റാഡിട്ട് ഒരു വർഷക്കാലം കിടക്കപ്പായിൽ കഴിയേണ്ടി വന്നു. ഒരു വർഷം കഴിഞ്ഞ് നേരെ നടക്കാൻ പോലുമാകാത്ത സമയത്ത് കൂട്ടുകാരുടെ സഹായത്തോടെ കളി കാണാനെത്തി.
കളിക്കളത്തിന് പുറത്തു വച്ച് മത്സരത്തിന്റെ വിധി നിർണ്ണയം നടത്താൻ ഇർഷാദ് നിയോഗിക്കപ്പെട്ടു. അതോടെ റഫറി ടെസ്റ്റിൽ പങ്കെടുക്കാൻ പ്രേരണയായി. ജില്ലാതല റഫറി അസോസിയേഷനിൽ അംഗത്വം നേടുകയും ചെയ്തു. പ്രമോഷൻ ടെസ്റ്റ് ജയത്തോടെ സംസ്ഥാന റഫറി ഫെഡറേഷൻ അംഗത്വം നേടിയെടുത്തു. അതോടെ റഫറിമാരുടെ കാറ്റഗറി നിലയിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു. റഫറി എന്ന നിലയിലുള്ള ഇർഷാദിന്റെ മികവ് സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധേയമായി.
റഫറി ഇൻസ്ട്രക്ടർമാരായ എ.കെ മാമുക്കോയയും റഫറീസ് അസോസിയേഷൻ സെക്രട്ടറിയായ ബാലൻ നമ്പ്യാരും അഹമ്മദ് ഇർഷാദിൽ ഭാവി റഫറിയെ കാണുകയായിരുന്നു. അതോടെ ഗുജറാത്തിലെ ഗാന്ധിനഗറിൽ യൂത്ത് റഫറീസ് ക്യാമ്പിൽ കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തിൽ നിന്നും ഏറ്റവും പ്രായം കുറഞ്ഞ് തിരഞ്ഞെടുക്കപ്പെട്ട യുവ ഫുട്‌ബോൾ റഫറിയായാണ് ഇർഷാദിന്റെ തിരിച്ചു വരവ്.
തന്നെ മികച്ച റഫറിയാക്കിയതിനു ഇർഷാദിന്റെ ഫുട്‌ബോൾ തട്ടകത്തിലെ നാഷണൽ പടിഞ്ഞാറ്, റീമർ പടിഞ്ഞാറ്, ബാജിയോഫാൻസ്, ബീനാർകാപ്പിൽ എന്നീ ക്ലബുകളോടാണ് കടപ്പാടെന്ന് ഇർഷാദ് പറയുന്നു. എല്ലാറ്റിനും കാരണം 2012 ലെ കേരളോത്സവ ഫുട്‌ബോൾ മത്സരത്തിലെ പരിക്കെന്ന് കളിയായും കാര്യമായും ഇർഷാദ് പറഞ്ഞു. ഉദുമ പടിഞ്ഞാറ്, കാപ്പിൽ സ്വദേശി മുഹമ്മദാലിയുടേയും മറിയുമ്മയുടേയും മകനാണ് ഇർഷാദ്.