തലശേരി:സ്വർണക്കടത്ത് സംഘത്തിന്റെ പിടിയിലായി പിന്നീട് കൊല്ലപ്പെട്ട പേരാമ്പ്ര പന്തിരിക്കര സ്വദേശി ഇർഷാദ് ദുബായിൽ നിന്നും കൊണ്ടുവന്ന സ്വർണം എത്തിച്ചത് പാനൂരിലെ ജൂവലറിയിലേക്കെന്ന് കണ്ടെത്തി. പാനൂരിലെ ഒരു പ്രമുഖ ജൂവലറിയിലേക്കാണ് കള്ളക്കടത്ത് സ്വർണം എത്തിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്. ഇതു സംബന്ധിച്ചു ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം ജൂവലറിക്ക് നോട്ടീസ് നൽകി.

ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലും പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നുമാണ് 
ഇക്കാര്യം വെളിവായത്. കഴിഞ്ഞ മെയ് 13നാണ് ഇർഷാദ് കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവുമായി ഇറങ്ങിയത്. ഇർഷാദിൽ നിന്നും ഷമീറാണ് ഈ സ്വർണം ഏറ്റുവാങ്ങിയത്. കെമിക്കൽ രൂപത്തിലാക്കി കൊണ്ടുവന്ന സ്വർണം നാദാപുരം പാറക്കടവിലുള്ള സ്വർണപ്പണിക്കാരനാണ് വേർതിരിച്ചെടുത്തതെന്നും റിപ്പോർട്ടുണ്ട്.

ഇത് ഇവർ പാനൂരിലെ സ്വർണക്കടയിൽ നൽകി പണം കൈപ്പറ്റിയതിന് പൊലീസിന് തെളിവു ലഭിച്ചിട്ടുണ്ട്. സ്വാലിഹിന്റെ സംഘം തിരഞ്ഞുവരാതിരിക്കാൻ ഷമീർ വൈത്തിരിയിലെ ലോഡ്ജിൽ ഇർഷാദിനെ താമസിപ്പിക്കുകയും ചെയ്തു. ചെലവിന് ഷമീറും നിജാസും ഗൂഗിൾ പേ വഴി ഇടയ്ക്കിടെ പണം അയച്ചുകൊടുത്തതിന് തെളിവുണ്ടെന്ന് ഇർഷാദിന്റെ സഹോദരൻ ആരോപിച്ചിരുന്നു.

ഇതിനിടെ പേരാമ്പ്ര പന്തിരിക്ക് ഇർഷാദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കൂടി ഇന്ന് അറസ്റ്റിലായതോടെ ഈ കേസിൽ പിടിയിലായവരുടെ എണ്ണം പത്തായി ഉയർന്നു. ഇനി പ്രധാനപ്രതികളെയാണ് ഈ കേസിൽ പിടിയിലാകാനുള്ളത്. കൊലപാതകം ആസൂത്രണം ചെയ്ത കൈതപ്പൊയിൽ 916 നാസർ എന്നറിയപ്പെടുന്ന സ്വാലിഹും സഹോദരനുമാണ് ഗൾഫിലുള്ളത്. ഈ കേസിലെമറ്റൊരു പ്രതിയായ സൂപ്പിക്കടയിലുെ ഷമീറിനെ കസ്റ്റഡിയിലെടുക്കാൻ പൊലിസിന് ഇനിയും കഴിഞ്ഞിട്ടില്ല.

ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രയിിൽ ചികിത്സയിലാണ്. തിരുവനന്തപുരം സ്വദേശിയും വൈത്തിരി അംബേദ്ക്ക ർ കോളനിയിൽ താമസക്കാരനുമായ ശക്തിവേലിനെകഴിഞ്ഞ ദിവസം പൊലിസ് അറസ്റ്റു ചെയ്തിരുന്നു.വയനാട്ടിലെ ലോഡ്ജിൽനിന്നും ഇർഷാദിനെ കടത്തിക്കൊണ്ടുപോയ സംഘത്തിലെ രണ്ടുപേരായ വയനാട് മേപ്പാടി സ്വദേശികളായ മുബഷീർ, ഹിബാസ് എന്നിവരെയും പെരുവണ്ണാമുഴി പൊലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

പ്രതികൾക്കായുള്ള തെരച്ചിലിനിടെയിൽ ഇവരെ പെരുവണ്ണാമുഴി എസ്. ഐ ആർ. സി ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം വയനാട്ടിൽ നിന്നാണ് പിടികൂടിയത്. ഇർഷാദിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നും രണ്ടും പ്രതികളെ നാട്ടിലെത്തിക്കാൻ പൊലിസ് ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. ഇന്റർപോൾ മുഖേനെ ഇവരെ ദുബായിയിൽ നിന്നും എത്തിക്കുന്നതിനുള്ള നടപടികളാണ് ആരംഭിച്ചിട്ടുള്ളത്.