ധുനികതക്കുശേഷം വന്ന മലയാളി എഴുത്തുകാരെ ഏറ്റവും കൂടുതൽ സ്വാധീനിച്ച നോവലിന്റെ ആഖ്യാനകല ലാറ്റിനമേരിക്കൻ മാജിക്കൽ റിയലിസമായിരുന്നു. ജീവിതത്തിലെ അതിനാടകീയമായ യാദൃച്ഛികതകൾ, അതീത പ്രവചനങ്ങൾ, മരണാനന്തരാനുഭവങ്ങൾ, ആത്മാക്കളുടെ പരകായ പ്രവേശം, അതിയാഥാർഥ്യങ്ങൾ, വന്യമായ ലൈംഗികത, അപ്രതീക്ഷിതമായ കഥത്തിരിവുകൾ, അസാധാരണമായ നിസ്സാരവൽക്കരണങ്ങൾ, മിത്തുകളുടെ ചരിത്രവൽക്കരണം, വിചിത്രമായ ഭൂമിശാസ്ത്രങ്ങൾ, വിഭ്രമകരമായ സ്വപ്നാടനങ്ങൾ, മരണത്തിന്റെ മൂർത്തസാന്നിധ്യം.... എന്നിങ്ങനെ എത്രയെങ്കിലും എഴുത്തനുഭവങ്ങൾ മലയാളഭാവനയിൽ അതു സൃഷ്ടിച്ചു.

1990 മുതലുള്ള കാലത്തെ മലയാളനോവലുകളിലും ചെറുകഥകളിലും മാജിക്കൽ റിയലിസത്തിന്റെ കൂട്ടപ്പൊരിച്ചിൽ നടന്ന ഭാവനാ മേഖല തീരദേശ ജീവിതത്തിന്റേതാണെന്നു പറയാം. ലന്തക്കാരും പറങ്കികളും വിത്തിട്ടു മുളപ്പിച്ച വംശവൃക്ഷത്തിന്റെ പറുദീസാത്തണലിൽ പോഞ്ഞിക്കര റാഫിയെ മുന്നിൽനിർത്തി പി.എഫ്. മാത്യൂസും വി.ജെ. ജയിംസും കെ. എ. സെബാസ്റ്റ്യനും സെബാസ്റ്റ്യൻ പള്ളിത്തോടും പി.ജെ.ജെ. ആന്റണിയും ജോണി മിറാൻഡയുമൊക്കെ സൃഷ്ടിച്ച കടൽത്തീരഗാഥകൾപോലെ ഒരേസമയംതന്നെ മാജിക്കലും റിയലിസ്റ്റിക്കുമായ മറ്റൊരു കഥാഭാവന മലയാളത്തിലുണ്ടായിട്ടില്ല.

മനുഷ്യന്റെ ശരീരവും ആത്മാവും പോലെയായിരുന്നു അവരുടെ രചനകളിൽ കരയും കടലും. കത്തുന്ന കരയും തിളയ്ക്കുന്ന കടലും. തിരകളിലുലയുന്ന ചെറുവള്ളങ്ങൾ പോലെ മിത്തുകൾ. അവയെ കുത്തിമറിക്കുന്ന കടൽപ്പന്നികൾ പോലെ ചരിത്രങ്ങൾ. കൊമ്പൻ സ്രാവുകൾപോലെ പിടിയിലൊതുങ്ങാത്ത കാമനകൾ. കടൽകടന്നെത്തിയ നാവികരെപ്പോലെ പിതാമഹന്മാർ. കടലുപ്പും മീനുളുമ്പും മണക്കുന്ന ഉടലുകളുടെ വേലിയേറ്റങ്ങൾ. തിരണ്ടിവാൽപോലെ ത്രസിക്കുന്ന ജീവിതാസക്തികൾ. 'ലത്തീ'നമേരിക്കയെ ആത്മാവിൽ പിൻപറ്റിയ ഇവരെപ്പോലെയല്ലെങ്കിലും എൻ. എസ്. മാധവൻ മുതൽ രാമനുണ്ണിയും അംബികാസുതനും വരെയുള്ളവരുടെ കടൽക്കഥകളിലും കാണാം ഈ ഭാവുകത്വത്തിന്റെ വലിയ തുഴത്തുടർച്ചകൾ. മലയാളിയുടെ ഭാവനാചരിത്രത്തിൽ മറ്റൊരു ഭൂ, ജീവിത, സംസ്‌കാര മേഖലയ്ക്കും ഇത്രമേൽ വന്യവും വിരളവും അസാമാന്യവുമായ അനുഭവതീവ്രതകളാവിഷ്‌കരിക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത. അതുകൊണ്ടാണ് മലയാളത്തിലെ മാജിക്കൽ റിയലിസം തങ്കശ്ശേരി മുതൽ ബേക്കൽവരെയുള്ള കടൽത്തീരഭൂമികയിൽ മാത്രം രൂപംകൊണ്ടു നിൽക്കുന്നത്.

അതേസമയംതന്നെ പഴയനിയമത്തെക്കാൾ മാജിക്കലും റിയലിസ്റ്റിക്കുമായ മറ്റൊരാഖ്യാന പാരമ്പര്യം വിശ്വസാഹിത്യത്തിലില്ല എന്നു തിരിച്ചറിയുന്നുമുണ്ട് ഇവരിൽ പലരും. 'സ്വർഗദൂതൻ' മുതൽ 'ഇരുട്ടിൽ ഒരു പുണ്യാളൻ' വരെയുള്ള നോവലുകൾ ഇതിന്റെകൂടി സാക്ഷ്യപത്രങ്ങളാണ്. പാപപുണ്യങ്ങളുടെ കടൽക്ഷോഭങ്ങൾകൊണ്ടു നിർമ്മിച്ച ഒരു പ്രപഞ്ചഗോളം തന്നെയാണ് പഴയനിയമം. പുതിയ നിയമത്തിലും അതിന്റെ തിരയിളക്കങ്ങളില്ലാതില്ല. 'മിഖായേലിന്റെ സന്തതിക'ളിൽ തുടക്കമിട്ട് 'ചാവുനില'ത്തിന്റെ തിരശുഭൂമികളിലൂടെ പന്നിക്കൂട്ടത്തിൽ യേശു കുടിയിരുത്തിയ പിശാചുക്കളെ പിന്തുടർന്ന പി.എഫ്. മാത്യൂസ് തന്റെ പുതിയ നോവലിൽ സാത്താന്റെ സുവിശേഷംതന്നെ സംഗ്രഹിക്കുന്നു. ജീവിതത്തിനും മരണത്തിനുമപ്പുറത്ത് മനുഷ്യാസ്തിത്വത്തിനുള്ള സാധ്യതകൾ തേടുന്ന നോവലാണ് 'ചാവുനില'മെന്നപോലെ 'ഇരുട്ടിൽ ഒരു പുണ്യാള'നും. അസാധാരണമായ നോവൽ കലാബോധമാണ് മാത്യൂസിന്റെ ഒരു കൈമുതൽ. മാർക്കേസിയൻ കാലത്തുനിന്ന് കുന്ദേരൻ കാലത്തേക്ക്, ലാറ്റിനമേരിക്കൻ മിത്തിക്കൽ റിയലിസത്തിൽ നിന്ന് യൂറോപ്യൻ ഹിസ്റ്റോറിയോഗ്രഫിക്കൽ റിയലിസത്തിലേക്ക്, വളർന്ന നോവൽചിന്തകൾ മാത്യൂസിനുണ്ട്. ആധുനികതയെ എല്ലാ അർഥത്തിലും മറികടന്ന ആഖ്യാനകലയുടെ തിരിച്ചറിവ്.

കൊളോണിയലിസത്തിന്റെ വംശവടവൃക്ഷങ്ങൾ വേരുപടർത്തിനിൽക്കുന്ന കൊച്ചിയുടെ സാംസ്‌കാരിക ഭൂമിശാസ്ത്രമാണ് 'ചാവുനില'ത്തിന്റേതെന്നപോലെ 'പുണ്യാളന്റേ'യും സ്ഥലഭൂമിക. 1990കൾക്കു മുൻപുള്ള കാലത്തൊരിക്കൽ പുരാതനമായ തുറമുഖപട്ടണത്തിലെ യഹൂദത്തെരുവിലുള്ള ലോജ്മുറിയിൽ താമസിച്ച് കഥയെഴുതാനെത്തിയ മനുഷ്യന്റെ അതീതാനുഭവങ്ങളുടെ നേർസാക്ഷ്യങ്ങളാണ് ഈ നോവൽ. അസാധാരണമാംവിധം വലിയ പെട്ടിയുമായി ലോജിലെത്തിയ ഒരു മനുഷ്യനു പിന്നാലെ അയാളുടെ മുറിയിൽ കടന്നുകയറിയ കള്ളൻ ദുരൂഹമാംവിധം റോഡിലേക്കു തെറിച്ചുവീണ് പാഞ്ഞുവന്ന ലോറിക്കടിയിൽ പെട്ടു മരിക്കുന്നിടത്തുനിന്നാണ് എഴുത്തുകാരന്റെ അന്വേഷണവും എഴുത്തും ആരംഭിക്കുന്നത്. കള്ളന്റെ മരണം പോലെതന്നെ ദുരൂഹമായി പെട്ടിയും അതിന്റെ ഉടമയും അപ്രത്യക്ഷമായി. അയാളെ തേടിപ്പോയ പൊലീസുകാരിലൊരാൾ കൊല്ലപ്പെടുന്നു. മറ്റൊരാൾ പരുക്കേറ്റ് പിന്നീടു മരിക്കുന്നു. തുടർന്നങ്ങോട്ട് തുറമുഖനഗരത്തിനടുത്തുള്ള ഒരു പുരാതന ഗ്രാമത്തിലെ സത്യവിശ്വാസികളും സാത്താൻപൂജക്കാരുമൊക്കെയായ ഒരുപറ്റം മനുഷ്യർ ദൈവത്തോടോ സാത്താനോടോ സൃഷ്ടിച്ച ഉടമ്പടികൾ പോലുള്ള തങ്ങളുടെ ജീവിതകഥ പറയുന്നതായാണ് നോവലിന്റെ ആഖ്യാനം ക്രമപ്പെടുത്തിയിരിക്കുന്നത്.

സാത്താൻപൂജനടത്തി തന്റെ ആത്മാവിനെ പിശാചിനു പണയം കൊടുത്ത പണ്ട്യാലക്കൽ അച്ചമ്പിയുടെ ഭാര്യ അന്നംകുട്ടിയിലാണ് കഥപറച്ചിലിന്റെ തുടക്കം. കാപ്പിരിമുത്തപ്പനെന്ന ഇരുട്ടിന്റെ പുണ്യാളനെയാണ് അച്ചമ്പി ആരാധിക്കുന്നത്. അച്ചമ്പിക്കും അന്നംകുട്ടിക്കുമുണ്ടായ മകൻ സേവ്യർ സാത്താന്റെ വിത്തായിരുന്നു. അയാൾ അപ്പന്റെ വഴിയിൽ സാത്താനു കൂട്ടുപോയി. പുരോഹിതനാകാൻ പോയ സേവ്യർ സെമിനാരി ഉപേക്ഷിച്ച് കാർമ്മലിയെ കെട്ടി ഇമ്മാനുവലിന്റെ അപ്പനായി. കാർമ്മലി ഇമ്മാനുവലിനെ പെറ്റ സമയത്തുതന്നെയായിരുന്നു, ഭൂതാവിഷ്ടനായ ഒരു ചെറുപ്പക്കാരന്റെ ദേഹത്തുനിന്ന് തഞ്ചാവൂരിൽ നിന്നെത്തിയ അരുളപ്പ എന്ന മാന്ത്രികപുരോഹിതൻ ഒരുപാടു ഭൂതങ്ങളെ പുറത്താക്കിയത്. യേശു, ഭൂതാവിഷ്ടന്റെ ദേഹത്തുനിന്ന് കുടിയിറക്കിയ ഭൂതങ്ങളെ പന്നികളിൽ കുടിയിരുത്തിയപ്പോൾ അവ ഒന്നടങ്കം കടലിൽ ചാടി ചത്ത കഥ, ചാവുനിലത്തിലെന്നപോലെ ഈ നോവലിലും ആഖ്യാനത്തിന്റെ കേന്ദ്രബിംബങ്ങളിലൊന്നാണ്.

ഇമ്മാനുവൽ ദൈവത്തിനും ലോകത്തിനും മനുഷ്യർക്കുമെതിരെ ഉരുവംകൊണ്ട സാത്താനായിരുന്നു. ലെഗിയോണിന്റെ മർത്യരൂപം. അവനെ കാത്തുരക്ഷിക്കാൻ അൾവാരീസ് എന്ന ഡോക്ടറുടെ വേഷത്തിൽ സാത്താന്റെ ദൂതൻ ഗ്രാമത്തിലെത്തി. അന്നംകുട്ടിയും മറ്റനേകം പേരും ഇമ്മാനുവലിന്റെ വേട്ടക്കിരയായി. പുരോഹിതന്മാർ അവനു മുന്നിൽ പരാജിതരായി. സ്‌കൂൾവാൻ പുഴയിലേക്കു മറിച്ച് അവൻ അഞ്ചു കുഞ്ഞുങ്ങളെ കൊന്നു. കാർമ്മലിയുടെ വയറ്റിൽ പിറക്കാനിരുന്ന രണ്ടാമത്തെ കുഞ്ഞ് ജീവിച്ചില്ല. ആറാം വയസ്സിൽ ഇമ്മാനുവലിനെ നിർബന്ധപൂർവം കുർബ്ബാന സ്വീകരിപ്പിക്കാൻ പുരോഹിതൻ നടത്തിയ ശ്രമം പാഴായി. അവൻ പള്ളിക്കകത്തുതന്നെ ജീവൻ വെടിഞ്ഞു. പക്ഷെ മരിച്ചിട്ടും അവന്റെ ജഡം അഴുകിയില്ല. ദിവസങ്ങളോളം സേവ്യർ മകന്റെ ജഡം കാത്തു. ഒടുവിൽ അയാളെ ഭ്രാന്താശുപത്രിയിലടച്ച് കാർമ്മലിയും പുരോഹിതനും നാട്ടുകാരും ചേർന്ന് ഇമ്മാനുവലിനെ സംസ്‌കരിച്ചു. പക്ഷെ ദിവസങ്ങൾക്കകം ആശുപത്രിയിൽനിന്നു രക്ഷപെട്ട സേവ്യർ മകന്റെ ജഡം മാന്തിയെടുത്ത് ഒരു വലിയ പെട്ടിയിലാക്കി നാടുവിട്ടു. യഹൂദത്തെരുവിലെ ലോജിൽ താമസിക്കാനെത്തിയ അയാൾ, അവിടെയുണ്ടായ സംഭവങ്ങളെത്തുടർന്ന് ഉത്തരേന്ത്യയിലെത്തി. അവിടെ മഞ്ഞുമലകൾക്കിടയിലെ കൊട്ടാരത്തിലെത്തിയ സേവ്യർ, ഇമ്മാനുവൽ രക്തരക്ഷസ്സായി മാറുന്നതറിഞ്ഞു. അയാൾ അവനെ സൂര്യപ്രകാശത്തിൽ ചാരമാക്കി, തിരികെ നാട്ടിലെത്തി കാർമ്മലിയുടെ മുന്നിൽ തന്റെ ജഡം അഴിച്ചുതുടങ്ങി.

ഒമൻ, എക്‌സോർസിസ്റ്റ് തുടങ്ങിയ ഒട്ടധികം ഹോളിവുഡ് സിനിമകളിലും ഡ്രാക്കുളയുടേതടക്കമുള്ള യൂറോപ്യൻ പിശാചഭാവനകളിലും കണ്ടുപരിചയിച്ചതിൽ കൂടുതലെന്തെങ്കിലും ഇരുട്ടിൽ ഒരു പുണ്യാളനിലുണ്ടോ എന്ന് ചിലരെങ്കിലും സംശയിച്ചേക്കാം. സാത്താൻപൂജയുടെ കേരളീയസന്ദർഭങ്ങളിൽ ചിലത് രാജീവ് ശിവശങ്കരന്റെ 'തമോവേദ'ത്തിലും മറ്റും നാം വായിച്ചതുമാണ്. എന്നാൽ ആഖ്യാനകലയിൽ മാത്യൂസിന്റെ നോവൽ പുലർത്തുന്ന വഴിമാറിനടപ്പ് ശ്രദ്ധേയവും മൗലികവുമാണ്. ഫെർനാണ്ടോ പെസോവയെന്ന പോർട്ടുഗീസ് എഴുത്തുകാരനെ പിന്തുടർന്ന് മരിച്ചവരും ജീവിച്ചിരിക്കുന്നവരും ആത്മാക്കളും മനുഷ്യരും സാത്താനുമൊക്കെ നേരിട്ടുവന്ന് കഥ പറയുന്ന രീതിയിലാണ് ഈ നോവലിന്റെ ആഖ്യാനം.


അസാമാന്യമായ വിരുദ്ധോക്തികളിലൂടെയാണ് സാത്താന്റെ അവതാരവും വാഴ്‌വും വിടവാങ്ങലും മാത്യൂസ് ആവിഷ്‌കരിക്കുന്നത്. അവന്റെ പേരുതന്നെയും ദൈവപുത്രന്റേതാണ്: ഇമ്മാനുവൽ. രക്ഷകന്റെ രക്തസ്‌നാതമായ അവതാരകഥയ്ക്കു സമാന്തരമാണ് സാത്താന്റെയും അവതാരകഥ. ജീവിതത്തിനും മരണത്തിനുമിടയിലെ കടംകഥകളല്ല, ജീവിതത്തിനും മരണത്തിനുമപ്പുറത്തെ വീടാക്കടങ്ങൾ പോലുള്ള കഥകളാണ് ഈ നോവലിലുള്ളത്. ആത്മാവിനെ ചെകുത്താനു പണയംവച്ച ഒരു പറ്റം മനുഷ്യരുടെയും അവർക്കൊപ്പം ജീവിക്കേണ്ടിവരുന്നവരുടെയും ആയുസ്സിന്റെ പുസ്തകം; മനുഷ്യന്റെ നാവിലൂടെ പുറത്തുവരുന്ന സാത്താന്റെ സുവിശേഷം.

മലയാളഭാഷയുടെ മാന്ത്രികലാവണ്യം മാത്യൂസിനു സ്വന്തമാണ്. ആന്തംപോലെ മൂർച്ചയുള്ള തീരദേശ വാമൊഴിയ്‌ക്കൊപ്പം തന്നെയാണ് വിവരണഭാഷയുടെ അതീതബിംബകല്പനകൾ കൊണ്ടു സമൃദ്ധമായ ആഖ്യാനശൈലിയും മാത്യൂസ് രൂപപ്പെടുത്തുന്നത്. 'സിനിമാറ്റിക്' ആയ ആഖ്യാനകലയ്ക്കുവേണ്ടി സമകാല കഥാകൃത്തുക്കൾ പലരും തപസ്സിരിക്കുമ്പോഴാണ് അങ്ങനെയൊരു ശൈലി മറികടക്കാൻ മാത്യൂസ് കിണഞ്ഞു ശ്രമിക്കുന്നത്. നോവലിനുള്ളിൽ മൂർത്തരൂപത്തിൽ സന്നിഹിതനാകുന്ന ആഖ്യാതാവ് പല ആത്മാക്കളിലൂടെ കയറിയിറങ്ങി തന്റെ വായനക്കാരെ നടന്ന സംഭവങ്ങളുടെ ത്രിമാനാനുഭവത്തിന് വിധേയരാക്കുന്ന വിസ്മയകരമായ രസവിദ്യയാണ് 'ഇരുട്ടിൽ ഒരു പുണ്യാളന്റെ' കലയും സൗന്ദര്യശാസ്ത്രവും.

ഇരുട്ടിൽ ഒരു പുണ്യാളൻ
പി.എഫ്. മാത്യൂസ്
ഡി.സി.ബുക്‌സ്, 2015
വില : 120 രൂപ

നോവലിൽ നിന്ന്:-

ന്നംകുട്ടിതാത്തിയുടെ ആത്മാവ് കാർമ്മലിയോടു സംസാരിക്കുന്നു
'ഒരു വീട്ടീന്ന് ഒരാള് മരിച്ചുപോയാല് എത്ര കാലമാണെന്നുവച്ചാണ് ആ വീട്ടുകാര് സങ്കടപ്പെട്ടിരിക്കണത്. മോളേ നീയതൊക്കെ മറക്കാൻ നേരമായെന്നാണ് അമ്മേടെ തോന്നല്.
അതിന് മരിച്ചുപോയ കുഞ്ഞുമോന ഓർത്തട്ടൊന്നുമല്ല ഞാനിങ്ങനിരിക്കണത്. അതിനേം ചൊമന്നോണ്ട് ഒരാള് പോയില്ലേ, സേവിച്ചേട്ടൻ, അയാക്കെന്തു പറ്റിയെന്നാണെന്റെ വിചാരം മുഴുവൻ.

കൊച്ചു മരിച്ചപ്പ തന്തയ്ക്കു പ്രാന്തായിപ്പോയെന്ന് കരുതിയാ പോരേ.
അതു ഭ്രാന്തൊന്നുമല്ലെന്ന് എനിക്കറിയാം. സേവിച്ചേട്ടനെ ചൈത്താൻ കണ്ണുംകെട്ടി കൊണ്ടുപോയതാണ്.

ആയ്‌ക്കോട്ടേ, അവനിനി വരുമെന്നു നീ വിചാരിക്കണണ്ടാ.
ഒറപ്പായിട്ടും വരും. എനിക്കൊരു സംശയോമില്ല. അമ്മേന്താണിങ്ങനേക്ക പറയാൻ കാരണം, കൊഴപ്പം പിടിച്ച കാര്യങ്ങള് വല്ലതും കണ്ടാ.
ഞാനെല്ലാം കണ്ടേച്ചാണ് വന്നേക്കണത്. ജീവിച്ചിരിക്കണോര്ക്ക് കാണാൻ പറ്റാത്തതെല്ലാം ഞാൻ കണ്ട് കൊച്ചേ. അതുകൊണ്ടാണു പറേണത് അവനിനി വരുമെന്ന് എനിക്ക് തോന്നണില്ല.
സേവിച്ചേട്ടനിപ്പ എവിടേണ്ട്? ദൂരേണാ, അതോ അടുത്തു വല്ലതും ഒളിച്ചിരിക്കേണാ.
ദൂരേന്നു വച്ചാ ഒരുപാടു ദൂരേണവൻ. ബസ്സും തീവണ്ടീം കാടും പിന്ന ഐസു മൂടിയ പൊഴേം കടന്ന് മലേട മോളില് സാത്താനെ ആരാധിക്കണ സായിപ്പുമാരുടെ ഒരു പഴഞ്ചൻ കൊട്ടാരമുണ്ട് അവടേണവൻ.

കർത്താവേ, ഇതെന്തു കാര്യത്തിനാണിയാളങ്ങാട്ടക്ക പോയത്?
ചത്തിട്ടും ചീയാണ്ടിരിക്കണ ആ കൊച്ചിന് ജീവൻ കൊടുക്കാന്നുമ്പറഞ്ഞ് ആ പിശാശിന്റെ മോൻ കൂട്ടിക്കൊണ്ടു പോയതല്ലേ.
എന്നട്ട് ജീവൻ കൊടുത്താ?
കൊടുത്തൂന്നാണ് തോന്നണത്.
ഈശോയേ! ചത്ത കൊച്ചിന് ജീവൻ കൊടുത്ത്ന്നാ! എന്തക്കേണീ കേക്കണത്.
നീ ഇനീം കൊറേ കേക്കാനെണ്ട്. നിനക്കറിയാമാ കാട്ടീ വച്ച് അവൻ കേറിയ ബസ്സ് മറിഞ്ഞ് കൊക്കേലേക്ക് വീണ്...
അയ്യോ എന്നട്ട് സേവിച്ചേട്ടനു വല്ലതും പറ്റിയാ?
എല്ലാരും ചത്തു, എന്റെ മോനൊഴിച്ച്. കാരണമെന്താണെന്നറിയാല്ലാ. അതാണ് ചൈത്താന്റ ബലം. അവനേം ആ കൊച്ചിനേം രക്ഷിക്കാനായിട്ട് ഒരു പടതന്നെ ഇറങ്ങിയട്ട്ണ്ട്. പോണ വഴിക്കക്ക ഓരോരുത്തരേയ്ട്ട് കൊല്ലണുമുണ്ട്. നമ്മട മരംവെട്ടുകാരൻ എറപ്പേലൂട്ടി ചത്തതെങ്ങനേണന്നാണു വിചാരം. നിന്റ പുന്നാരമോന്റ പണിയാണതക്ക. പാണ്ടി ലോറിയിടിച്ച് കള്ളൻ ചത്തതും പൊലീസുകാരൻ ചത്തതുമെല്ലാം ആ ചൈത്താന്റ പരിപാടിയാണെന്നേ. ഒടുക്കം ബസ്സു കൊക്കേലേക്ക് ഉരുട്ടിയിട്ട് പത്തു മുപ്പതു പേരേ ഒറ്റയടിക്ക് തീർത്തെടുത്തപ്പ ഒരു വിധം സമാധാനോയി.
അമ്മയീ പറേണതക്ക സത്യമാണാ.
എന്റ മോളേ, ഈ കണ്ണുകൊണ്ടു കണ്ടതാണിതക്ക. നിനക്കു കേക്കണാ. പൊഴേം കടന്ന് അക്കരച്ചെന്നപ്പ ഒരു പ്രാന്തുപിടിച്ച കോഴിവണ്ടിക്കാരൻ അവനെ കൊണ്ടുപോകാൻ വന്നു. അയാക്കട തലേം മുഖോമക്ക കീറിപ്പറിഞ്ഞ് തുന്നലിട്ട് അകൃതം പിടിച്ചിരിക്കേണ്. നിന്റെ കുഞ്ഞുമോൻ ജനിച്ച നേരത്ത് കോഴിവണ്ടി മലേന്നു കൊക്കേലോട്ടു വീണ് ചത്തുപോയ മനിഷേനാണയാള് അറിയോ.
അയ്യോ, ചത്തവര് ജീവിച്ചു വര്വാ?
നിന്റ മോന്റ കാര്യംതന്നെ നോക്ക്യാപ്പോരേ. ചത്താൽ എല്ലാം തീരുമെന്നണ് ഞാനും കരുതിയത്. എന്നിട്ടിപ്പ ദേ കണ്ടില്ലേ ഞാൻ വന്നേക്കണത്. ചത്തു കഴിഞ്ഞാലാണ് പെണ്ണേ കൂടല് നല്ലത്. ഈ നാറണ തടി നോക്കാൻവേണ്ടി നാണംകെടേം പാടുപെടേം വേണ്ടല്ലോ. പിന്നെ എല്ലാം നമ്മടിഷ്ടോണ് കാർമ്മലി. നീയും വേണേൽ പോര്.
ആ വേല കൈയിലിരിക്കട്ടേ. എനിക്കിവട ജീവിച്ച് കൊതിതീർന്നട്ടില്ല. ചാകണവരെ ഇച്ചിരി കഷ്ടപ്പെട്ടാലും ഇവടത്തന്നെ ജീവിക്കണം.
ഓ, അതക്ക നിന്റിഷ്ടം. ഞാനാരേം കൂട്ടിനു വിളിക്കാൻ വന്നതൊന്നുമല്ല. ചത്താപ്പിന്ന ഒരു പുല്ലിന്റേം കൂട്ടുവേണ്ട. എനിക്കിവട പരമ സുഖമാണ്.
അതു പോട്ടെ, അമ്മ പിശാശിന്റെ കൊട്ടാരത്തില് കണ്ട കാര്യങ്ങള് പറ. സേവിച്ചേട്ടൻ കൊച്ചിനേം കൊണ്ടവിടെ പോയിട