കണ്ണൂർ: ഇരുട്ടിയിൽ യുവതിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത് പൊലീസിന്റെ കരുതലോടെയുള്ള നീക്കത്തിന്റെ ഫലം. കഴിഞ്ഞ ജനുവരി 21നായിരുന്നു യുവതിയുടെ മൃതദേഹം ഇരിട്ടി പഴയപാലം റോഡിനു സമീപമുള്ള ഉപയോഗശൂന്യമായ കിണറ്റിൽ കണ്ടെത്തുന്നത്. പൊലീസ് അന്വേഷണത്തിനൊടുവിൽ തുംകൂറിലെ ബാബു എന്ന രമേശിന്റെയും തങ്കമ്മയുടെയും മകളായ ശോഭയാണ് മരിച്ച യുവതി എന്ന് മനസ്സിലായി. ഇതാണ് കേസിന് തുമ്പുണ്ടാക്കിയത്.

ഇതുമായി ബന്ധപ്പെട്ടു നടന്ന അന്വേഷണത്തിലാണ് കർണ്ണാടക മണ്ട്യ ജില്ലയിലെ തുംകൂർ സ്വദേശിയും യുവതിയുടെ രണ്ടാം ഭർത്താവുമാണെന്ന് പറയുന്ന മഞ്ജുനാഥി(40)നെ അന്വേഷണച്ചുമതലയുള്ള പേരാവൂർ എസ്ഐ സുനിൽ കുമാറും സംഘവും അറസ്റ്റു ചെയ്തത്. ശോഭയുടെ മാതൃസഹോദരി പുത്രൻ കൂടിയാണ് അറസ്റ്റിലായ മഞ്ജുനാഥ്. മൃതദേഹം കണ്ടെത്തയതോടെ ആരെയെങ്കിലും സമീപകാലത്ത് കാണാതായിട്ടുണ്ടോയെന്നാണ് പൊലീസ് ആദ്യം അന്വേഷിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റുമോർട്ടത്തിൽ വെള്ളം ഉള്ളിൽ ചെന്നാണ് യുവതിയുടെ മരണം സംഭവിച്ചതെന്ന് കണ്ടെത്തി. ആത്മഹത്യയാണെന്ന മട്ടിൽ കേസ് ഫയൽ അടച്ചുവയ്‌ക്കേണ്ട സാഹചര്യം ഇതോടെ മാറി. അങ്ങനെ കൊലയാളി കുടുങ്ങി.

നാടോടിയായ ശോഭ വർഷങ്ങൾക്കു മുൻപ് കേരളത്തിലെത്തിയതാണ്. രാജു എന്ന ഒരു മലയാളിക്കൊപ്പം കഴിഞ്ഞ ശോഭക്ക് ഇതിൽ ആറുവയസ്സിന് താഴെയുള്ള രണ്ട് ആൺമക്കളുണ്ട്. ഏതാണ്ട് ഒന്നരവർഷം മുൻപ് രാജു ശോഭയുമായി പിണങ്ങിപ്പിരിഞ്ഞു. ഇതിനു ശേഷമാണ് നാട്ടിൽ ഭാര്യയും മക്കളുമുള്ള മഞ്ജുനാഥ് ശോഭയുടെ കൂടെ കൂടുന്നത്. പന്തൽ ഡെക്കറേഷൻ ജോലിയാണ് മഞ്ജുനാഥ് ചെയ്തു വന്നിരുന്നത്. എന്നാൽ ഇയാൾ ഇടക്കിടെ നാട്ടിൽ പോകുന്നതും ഭാര്യയെ കാണുന്നതും മറ്റും ഇഷ്ടപ്പെടാതിരുന്ന ശോഭ പലപ്പോഴും ഇയാളുമായി വഴക്കിട്ടു. ഇങ്ങിനെ നടന്ന ഒരു വഴക്കിനൊടുവിലാണ് കഴിഞ്ഞ പതിനഞ്ചിന് രാത്രി മഞ്ജുനാഥ് ശോഭയെ കഴുത്തു ഞെരിച്ച് കൊന്ന് കിണറ്റിലിടുന്നത്. ഈ സമയത്ത് ഇവർ ശോഭയുടെ ജഡം കണ്ടെത്തിയ കിണറിനു സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് കുടിൽ കെട്ടിയായിരുന്നു താമസം.

മൃതദേഹം കണ്ടെത്തിയതോടെ അടുത്തകാലം വരെ പറമ്പിൽ താമസിച്ചിരുന്ന നാടോടികളുടെ പിറകെയാണ് ആദ്യം പൊലീസ് പോയത്. സമീപവാസികളിൽ നിന്ന് മനസിലാക്കാനായത് ഒരാഴ്ച മുമ്പുവരെ നാടോടികൾ ഇവിടെ താമസിച്ചിരുന്നുവെന്നാണ്. കർണാടക സ്വദേശികളാണെന്ന വിവരവും ലഭിച്ചു. ഇതിൽ ഏറ്റവും അവസാനം ഒരാഴ്ച മുമ്പുവരെ ഒരു യുവതിയും രണ്ട് കുട്ടികളും കഴിഞ്ഞിരുന്ന കാര്യവും വെളിപ്പെട്ടു. ഇവർക്കൊപ്പം ഒരു യുവാവും ഉണ്ടായിരുന്നു. കുടുംബം തുംകൂരിൽ നിന്നുള്ളവരാണെന്ന വിവരമറിഞ്ഞതോടെ പൊലീസ് അന്വേഷണം കർണാടകയിലേക്ക് നീങ്ങുകയായിരുന്നു. ജനുവരി 21ന് ഉച്ചയ്ക്ക് മൃതദേഹം കിണറിൽ നിന്ന് പുറത്തെടുക്കുമ്പോൾ മുടികൾ മുഴുവൻ കൊഴിഞ്ഞിരുന്നു. ആകെ വികൃതമായിരുന്നു മൃതദേഹം. മൃതദേഹം കണ്ടെത്തിയ സ്വകാര്യവ്യക്തിയുടെ പറമ്പിൽ ഇരുനില കെട്ടിടവുമുണ്ട്. സ്വകാര്യ സ്ഥാപനത്തിന്റെ ഗോഡൗണായാണ് ഇത് ഉപയോഗിക്കുന്നത്. എല്ലാ ദിവസവും ഇവിടെ ആളുകൾ വരാറുമുണ്ടായിരുന്നു. എന്നാൽ കിണർ ആരും നോക്കാറില്ല. നാടോടികൾ നാടുവിട്ടപ്പോഴും ആരും അസ്വാഭാവികമായി ഒന്നും കണ്ടില്ല.

തുംകൂരിലെത്തി നടത്തിയ അന്വേഷണത്തിലാണ് ശോഭയുടെ ബന്ധുക്കളെ കുറിച്ച് വിവരം ലഭിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് ഇവർ നാട്ടിൽ നിന്ന് പോയതായും മലയാളിയായ രാജു എന്നയാളാണ് ഇവരുടെ ഭർത്താവെന്നും മനസിലാക്കി. എന്നാൽ രാജു ഒന്നരവർഷം മുമ്പ് ഇവരെ ഉപേക്ഷിച്ചു പോയിരുന്നു. രാജുവുമായുള്ള ബന്ധത്തിലുള്ള നാലും ആറും വയസുള്ള കുട്ടികളാണ് ശോഭയുടെ ഒപ്പമുണ്ടായിരുന്നതെന്നും അറിഞ്ഞു. യുവതിയുടെ കൂടെയുണ്ടായിരുന്ന പുരുഷൻ ബന്ധുവായ മഞ്ജുനാഥയാണെന്നും തിരിച്ചറിഞ്ഞു. പിന്നീട് നഗരത്തിലെ സി.സി ടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പൊലീസിന് നിർണായക വിവരം ലഭിക്കുന്നത്. യുവതി കൊല്ലപ്പെട്ടതെന്ന് കരുതുന്ന ദിവസം അതിരാവിലെ ഒരു പുരുഷൻ കുട്ടികളുമായി പോകുന്നത് നഗരത്തിലെ കാമറയിൽ പതിഞ്ഞിരുന്നു. ഇത് മഞ്ജുനാഥയാണെന്ന് തിരിച്ചറിഞ്ഞതോടെ മഞ്ജുനാഥയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തെരുവിൽ പാട്ടുപാടി ഭിക്ഷാടനം നടത്തി കഴിയുകയായിരുന്നു യുവതിയും കുട്ടികളും. രാജു പോയതോടെ അനാഥമായ കുടുംബത്തിൽ രക്ഷകന്റെ വേഷത്തിലാണ് മഞ്ജുനാഥ കയറിപ്പറ്റിയത്. രാജുവിനെ കണ്ടെത്താമെന്നുവരെ ശോഭയ്ക്ക് ഇയാൾ ഉറപ്പു കൊടുത്തിരുന്നു. എന്നാൽ, പിന്നീട് മഞ്ജുനാഥ മാതൃസഹോദരി പുത്രി കൂടിയായ ശോഭയോടൊപ്പം ഭർത്താവിനെ പോലെ കഴിഞ്ഞു. ഇയാൾക്ക് നേരത്തെ തന്നെ ഭാര്യയും കുട്ടിയുമുണ്ടായിരുന്നു വെങ്കിലും വലിയ അടുപ്പമൊന്നും പുലർത്തിയിരുന്നില്ല. എന്നാൽ പിന്നീട് ശോഭയിൽ നിന്ന് അകലാൻ ശ്രമിച്ചത് ഇരുവരും തമ്മിൽ തർക്കത്തിന് കാരണമായി. ആദ്യഭാര്യയുടെ അടുത്തേക്ക് പോകാനുള്ള മഞ്ജുനാഥയുടെ ശ്രമം ശോഭ തടഞ്ഞുവെന്നും ഇതാണ് ശോഭയുടെ വിരോധത്തിന് കാരണമെന്നും മഞ്ജുനാഥ പൊലീസിനോട് സമ്മതിച്ചിരിക്കുകയാണ്.

ജനുവരി 15ന് രാത്രിയിലാണ് കൊല നടത്തുന്നത്. അന്നു രാത്രി കുട്ടികൾ ഉറങ്ങിയ ശേഷം ഇരുവരും വഴക്കിടുകയായിരുന്നു. വഴക്കിനിടെ ഗോഡൗണിന്റെ ഷട്ടറിനോട് ചേർത്ത് യുവതിയുടെ കഴുത്ത് മഞ്ജുനാഥ ഞെരിക്കുകയായിരുന്നു. ബോധരഹിതയായ യുവതിയെ എന്തുചെയ്യുമെന്നറിയാതെ പകച്ചുപോയ ഇയാൾ കുറച്ചുനേരം വെറുതെ നിന്നു. അതിനിടെ ബഹളംകേട്ട് ഒരു കുട്ടി ഉണർന്നു. ഒന്നും സംഭവിക്കാത്ത ഭാവത്തിൽ കുട്ടിയെ വീണ്ടും ഉറക്കിയ ശേഷം യുവതിയെ കിണറിൽ തള്ളുകയായിരുന്നു. അതിരാവിലെ കുട്ടികളെ ഉണർത്തി സ്ഥലം വിടുകയും ചെയ്തു. ബംഗളുരുവിൽ എത്തിയപ്പോൾ റെയിൽവേ സ്റ്റേഷനിൽ വച്ച് കുട്ടികളെ കാണാതായിയെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഇക്കാര്യത്തിൽ ഇയാളുടെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഭിക്ഷാടന മാഫിയയ്‌ക്കോ മറ്റോ കുട്ടികളെ വില്പന നടത്തി കാണുമെന്നാണ് സംശയം.