തിരുവനന്തപുരം: കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ കറങ്ങുന്ന വാർത്തയാണ് നടിയും നർത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമിയുടെ വിവാഹം. എന്തുകൊണ്ടാണ് താരം വിവാഹിത ആകാത്തത് എന്ന ആകാംക്ഷയിലായിരുന്നു ആരാധകർ. ചിലർ സൗകര്യം പോലെ വാർത്തയും തട്ടി വിട്ടു. 52 ാം വയസിൽ ലക്ഷ്മി ഗോപാലസ്വാമി വിവാഹിതയാകുന്നു എന്ന്. വരനെയും ചിലർ കണ്ടെത്തി. മേതിൽ ദേവികയുമായി അടുത്തിടെ ബന്ധം പിരിഞ്ഞ നടൻ മുകേഷ്.

എന്തായാലും വിവാഹ വാർത്ത അവർ തള്ളിക്കളഞ്ഞിരിക്കുകയാണ്. വിവാഹം കഴിച്ചുകാണണമെന്ന് ആഗ്രഹിക്കുന്നവർ നിരാശരാകേണ്ടി വരും. 'വിവാഹ വാർത്ത വ്യാജമെന്നല്ല പറയേണ്ടത്, അത് തീർത്തും അടിസ്ഥാന രഹിതമായ വാർത്തയാണ്. ഞാൻ സോഷ്യൽമീഡിയയിൽ വാർത്തകൾ കാണുന്നുണ്ട്. ഈ വിഷയത്തിൽ എനിക്കിതാണ് മലയാളികളോട് പറയാനുള്ളത്'ലക്ഷ്മി ഗോപാലസ്വാമി ഒരു ഓൺലൈൻ മാധ്യമത്തോട് പ്രതികരിച്ചു.

സിനിമയിൽ നിന്ന് തന്നെയുള്ള ഒരു നടനുമായി ലക്ഷ്മി ഗോപാലസ്വാമി വിവാഹിതയാവാൻ പോവുകയാണ് എന്നതായിരുന്നു ആദ്യം പ്രചരിച്ച വാർത്ത. ഇതിന് താഴെ ആ നടൻ ആരാണെന്നുള്ള അന്വേഷണമായി. പലരുടെയും പേരുകൾ ഉയർന്ന് വന്നെങ്കിലും ഒടുവിൽ നടനും എംഎൽഎ യുമായ മുകേഷിലാണ് എത്തി നിന്നത്. നടൻ മുകേഷിന് പുറമേ ഇടവേള ബാബുവാണോ വരൻ എന്ന ചോദ്യവും ചിലർ സോഷ്യൽ മീഡിയയിൽ ഉയർത്തിയിരുന്നു.ഇതോടെ യൂട്യൂബ് ചാനലടക്കം ലക്ഷ്മിയുടെ വിവാഹ വാർത്ത ആഘോഷമാക്കി.

പല അഭിമുഖത്തിലും ലക്ഷ്മിയോട് ചോദിക്കാറുള്ള ചോദ്യമാണ് ഇനിയും വിവാഹം കഴിക്കാത്തത് എന്താണെന്ന്. കൊറോണ കാലത്ത് ഒരു വിവാഹം കഴിച്ചാൽ നന്നാവുമെന്ന് തനിക്ക് തോന്നിയിരുന്നതിനെ കുറിച്ചും നടി പറഞ്ഞിരുന്നു. കൊറോണ കാലം വന്നതോടെ ജീവിതം കുറച്ച് പതുക്കെയാണ് പോവുന്നത്. അതുകൊണ്ട് ഒരു കംപാനിയൻ കൂടെ ഉണ്ടെങ്കിൽ എന്ന് തോന്നിയതായും നടി അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. നമുക്ക് വേണ്ടി പ്രകൃതി ഒരുക്കി വച്ചിരിക്കുന്നത് എന്താണെങ്കിലും അത് വന്ന് ചേരുമെന്നാണ് ലക്ഷ്മി അന്ന് സൂചിപ്പിച്ചത്.

ഇതിനിടയിലാണ് മുകേഷിന്റെ ഭാര്യയാവാൻ നടി ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ വന്നത്. എന്നാൽ കേട്ടതൊന്നും സത്യമല്ലെന്നാണ് ലക്ഷ്മി വ്യക്തമാക്കിയത്. വിവാഹം കഴിച്ചില്ലെങ്കിലും താൻ ഈ ജീവിതത്തിൽ ഹാപ്പിയാണെന്ന് മുൻപ് ഒരുപാട് തവണ ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞിട്ടുണ്ട്. എന്നോടുള്ള സ്‌നേഹം കൊണ്ടാണ് പലരും ഇതേ ചോദ്യം എല്ലായിപ്പോഴും ചോദിക്കുന്നത്. അപ്പോഴൊക്കെ ഞാൻ വിചാരിക്കും ജീവിതത്തിൽ ഇതൊക്കെ ഇത്രയും പ്രധാനപ്പെട്ട കാര്യങ്ങളാണോന്ന്. വിവാഹം കഴിച്ചു എന്ന് കരുതി ഒന്നും സംഭവിക്കില്ല. സിംഗിൾ ആണെങ്കിലും വിവാഹിത ആണെങ്കിലും ജീവിതത്തിൽ പ്രശ്‌നങ്ങളുണ്ട്. അത് നമ്മൾ തന്നെ നേരിടണം. ഒന്ന് മറ്റൊന്നിനെക്കാൾ നല്ലതാണെന്ന് തോന്നുന്നില്ലെന്നുമൊക്കെ നടി വെളിപ്പെടുത്തി.

രണ്ട് പതിറ്റാണ്ടുകളായി ദക്ഷിണേന്ത്യൻ സിനിമാലോകത്ത് സജീവമായുള്ളയാളാണ് ബെംഗളുരുവിൽ ജനിച്ച് നൃത്തലോകത്ത് നിന്ന് സിനിമാലോകത്തേക്കെത്തിയ നടി ലക്ഷ്മി ഗോപാലസ്വാമി. രണ്ടായിരത്തിൽ അരയന്നങ്ങളുടെ വീട് എന്ന സിനിമയിലൂടെ മമ്മൂട്ടിയുടെ നായികയായിരുന്നു തുടക്കം. ഏറ്റവും ഒടുവിൽ താക്കോൽ എന്ന സിനിമയിലാണ് ലക്ഷ്മി അഭിനയിക്കുകയുണ്ടായത്. ദുൽഖർ സൽമാൻ നായകനാകുന്ന റോഷൻ ആൻഡ്രൂസ് ചിത്രം 'സല്യൂട്ടാ'ണ് ലക്ഷ്മിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

മോഹൻലാലിന്റെ അടക്കം പ്രമുഖ നടന്മാർക്കൊപ്പം നിരവധി സിനിമകളിൽ അഭിനയിച്ചു. മുമ്പ് ലക്ഷ്മിക്ക് മോഹൻലാലിനോട് പ്രണയമായിരുന്നുവെന്നും അദ്ദേഹം നേരത്തെ വിവാഹിതനായത് മൂലമാണ് ലക്ഷ്മി വിവാഹം കഴിക്കാതിരിക്കുന്നതെന്നുൾപ്പെടെയുള്ള ഗോസിപ്പുകൾ സോഷ്യൽമീഡിയയിൽ ഉയർന്നിട്ടുള്ളതാണ്