ചെന്നൈ: ജയലളിതയുടെ മകളെന്ന് അവകാശപ്പെട്ട് അമൃത എന്ന പെൺകുട്ടി രംഗത്ത് വന്നതും ഡിഎൻഎ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചതും ഈ അടുത്ത ദിവസമായിരുന്നു. എന്നാൽ അമൃതയ്ക്ക് പിന്തുണയുമായി ജയലളിതയുടെ അടുത്ത സുഹൃത്തായ ഗീത രംഗത്തെത്തി.

മൈലാപ്പൂരിൽ വെച്ച് ജയലളിത ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നതായും യാഥാസ്ഥിതികമായ ബ്രാഹ്മണ കുടുംബത്തിനുണ്ടായിരുന്ന അപമാനം ഭയന്ന് കുട്ടിയെ ജയലളിത ഒളിപ്പിച്ചു വയ്ക്കുകയായിരുന്നുമെന്നാണ് ഗീത പറയുന്നത്. ജയലളിതയ്ക്ക് ഒരു മകൾ ഉള്ളതായി അറിയാമായിരുന്നെന്നും എന്നാൽ ആ മകൾ എവിടെയാണെന്ന് മനസിലാക്കാൻ സാധിച്ചിരുന്നില്ലെന്നും പ്രമുഖ തമിഴ് മാധ്യമത്തോട് ഗീത പറഞ്ഞു. നടൻ ശോഭൻ ബാബുവും ജയലളിതയുടെയും തന്റെയും അടുത്ത കുടുംബ സുഹൃത്താണ്. ഇത് സംബന്ധിച്ചും ജയലളിതയെക്കുറിച്ചും അദ്ദേഹം ഒരുപാട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെന്നും ഗീത പറഞ്ഞു.

ജയലളിത അമ്മയാണെന്ന് സ്ഥാപിക്കാൻ അമൃത ഗീതയെ തേടി എത്തിയതോടെയാണ് ഗീത മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയത്. താൻ ആരെയും തേടി പോയിട്ടില്ല. അമൃത തന്നെ തേടി വരികയായിരുന്നു. ജയലളിതയ്ക്ക് നീതി കിട്ടാൻ താൻ നടത്തുന്ന പോരാട്ടം ശ്രദ്ധയിൽപ്പെട്ടാണ് അമൃത തന്റെ അടുത്തേക്ക് വന്നതെന്നും ഗീത പറഞ്ഞു.

അമൃതയ്ക്ക് ജയലളിതയുമായി അടുപ്പമുണ്ടായിരുന്നു. പെരിയമ്മ എന്നാണ് അമൃത ജയലളിതയെ വിളിച്ചിരുന്നത്. എന്നാൽ ജയലളിത മരിച്ചതോടെയാണ് അവളും യാഥാർത്ഥ്യം മനസിലാക്കിയത്. ഡി.എൻ.എ ടെസ്റ്റ് നടത്തിയാൽ സത്യം പുറത്ത് വരുമെന്നും ഗീത പറഞ്ഞു. ശശികലയോട് സംസാരിക്കരുതെന്ന് ജയലളിയത അമൃതയോട് പറഞ്ഞിരുന്നു. മറ്റ് ചില കാര്യങ്ങളും അവിടെ നടന്നിട്ടുണ്ട്. ഇക്കാര്യം ഡി.എൻ.എ ടെസ്റ്റിന് ശേഷം പറയുമെന്നും ഗീത പറഞ്ഞു.

ഒ. പനീർസെൽവവും ചില മന്ത്രിമാരും അമൃതയെ കണ്ടിട്ടുണ്ട്. ജയലളിതയുടെ മരണശേഷം മകളാണെന്ന് അവകാശപ്പെട്ട് പലരും രംഗത്ത് വന്നപ്പോഴും പ്രതികരിക്കാതിരുന്ന ദിനകരനടക്കമുള്ളവർ അമൃതയ്ക്കെതിരെ എന്തിനാണ് രോഷം കൊള്ളുന്നത്. നീതി തേടി പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും അമൃത കത്തയച്ചിട്ടുണ്ട്. ശശികല കളിച്ചതെല്ലാം നാടകമായിരുന്നു. അവർ മുന്നിൽ വന്നാൽ താൻ തല്ലുമായിരുന്നെന്നും ഗീത തുറന്നടിച്ചു.

ഭരണഘടനാ നിർമ്മാണ സമിതി അംഗവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന മോട്ടൂരി സത്യനാരായണയുടെ പേരക്കുട്ടിയാണ് ഗീത. ജയലളിതയുടെ അമ്മ സന്ധ്യയും ഗീതയുടെ അമ്മ സരോജിനിയും അടുത്ത സുഹൃത്തുക്കളായിരുന്നു. ജയലളിതയുടെ മരണത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ടും വേദനിലയത്തിലേയും അപ്പോളോ ആശുപത്രിയിലേയും സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗീത കോടതിയെ സമീപിച്ചിരുന്നു.

ജയലളിതയുടെ മകളാണെന്ന അമൃതയുടെ അവകാശവാദത്തെ ജയലളിതയുടെ അർദ്ധ സഹോദരിമാരായ എൽ.എസ് ലളിത, രഞ്ജിനി രവീന്ദ്രനാഥ് എന്നിവർ അംഗീകരിച്ചിട്ടുണ്ട്. ജയലളിതയുടെ സഹോദരിയാണ് തന്നെ വളർത്തിയതെന്നും താൻ ജയലളിതയുടെ മകളാണെന്ന് അവരുടെ മരണശേഷമാണ് അറിഞ്ഞതെന്നുമാണ് അമൃതയുടെ വാദം. 1980 ഓഗസ്റ്റ് 14ന് മൈലാപ്പൂരിലാണ് അമൃത ജനിച്ചത്. ബ്രാഹ്മണ കുടുംബത്തിന്റെ അപമാനം ഭയന്ന് കുട്ടിയെ മാറ്റുകയായിരുന്നു.

ജയലളിതയുടെ മകളാണെന്ന് തെളിയിക്കാൻ സുപ്രീം കോടതിയെ സമീപിച്ച അമൃതയോട് കർണാടക ഹൈക്കോടതിയെ സമീപിക്കാനായിരുന്നു കോടതി നിർദ്ദേശം. അമൃത നിയമപോരാട്ടം തുടരാൻ തീരുമാനിച്ചിരിക്കെയാണ് അവർ ജയയുടെ മകൾ തന്നെയെന്ന് സാക്ഷ്യപ്പെടുത്തി ഗീതയും രംഗത്തെത്തിയത്.