ചെന്നൈ: ഇന്ത്യകണ്ട കരുത്തയായാ മുഖ്യമന്ത്രിമാരിൽ ഏറ്റവും പ്രമുഖയായിരുന്നു ജയലളിത. എന്നിട്ടും ജയലളിതയുടെ അവസാന നാളുകളിൽ സംഭവിച്ചതെന്തെന്ന് ആർക്കും അറിയില്ല. അമ്മയുടെ മരണത്തെയും അവസാന നാളുകളെ പറ്റിയും ഉള്ള ദുരൂഹതകൾ തുടരുകയാണ്. ഇതിനിടയിൽ പുത്തൻ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ജയയെ ചികിത്സിച്ച അപ്പോളോ ആശുപത്രി ഉപാധ്യക്ഷ പ്രീതി റെഡ്ഢി.

ജയലളിതയെ ഏതാണ്ട് മരിച്ച അവസ്ഥയിലായിരുന്നു ആശുപത്രിയിൽ എത്തിച്ചതെന്നായിരുന്നു പ്രീതിയുടെ വെളിപ്പെടുത്തൽ. ശ്വാസമറ്റ നിലയിൽ അർദ്ധബോധാവസ്ഥയിലാണ് ജയയെ കൊണ്ടുവന്നത്. എന്നാൽ, വിദഗ്ധ ചികിൽസകൾക്കുശേഷം അവർ ആരോഗ്യം വീണ്ടെടുത്തെന്നും ന്യൂഡൽഹിയിൽ ഒരു സ്വകാര്യ ചാനലിനോടാട് പ്രീതി റെഡ്ഢി പറഞ്ഞു. പ്രീതിയുടെ ഈ വെളിപ്പെടുത്തലാണ് പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.

അണ്ണാ ഡിഎംകെ സ്ഥാനാർത്ഥികൾ വിരലടയാളം എടുക്കുമ്പോൾ ജയലളിത ബോധവതിയായിരുന്നോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. എന്നാൽ ആ സമയത്ത് താനവിടെ ഇല്ലായിരുന്നു എന്നായിരുന്നു പ്രീതയുടെ മറുപടി. ജയലളിതയുടെ മരണത്തെപ്പറ്റി അന്വേഷിക്കാൻ റിട്ട. ജഡ്ജി ജസ്റ്റിസ് എ.അറുമുഖസ്വാമിയുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മിഷനെ സർക്കാർ നിയമിച്ചിട്ടുണ്ട്. കമ്മിഷൻ അന്വേഷണം ആരംഭിച്ച ഘട്ടത്തിലാണ് പുതിയ വെളിപ്പെടുത്തൽ.

ന്യൂഡൽഹിയിൽനിന്നും വിദേശത്തുനിന്നും ലഭ്യമായ മികച്ച ഡോക്ടർമാരാണ് ജയയെ ശുശ്രൂഷിച്ചത്. ആശുപത്രിക്കു പറ്റാവുന്നതിന്റെ പരമാവധി മികച്ച ചികിൽസ അവർക്ക് നൽകിയിട്ടുണ്ട്. മരണം സംബന്ധിച്ച അന്വേഷണം നടക്കട്ടെ. അവർ രേഖകൾ പരിശോധിച്ചാൽ നിഗൂഢത ഇല്ലാതാകുമെന്നും അവർ പറഞ്ഞു.

അണ്ണാ ഡിഎംകെ നേതാവായ ജയലളിത 75 ദിവസമാണ് അപ്പോളോയിൽ ചികിൽസയിൽ കഴിഞ്ഞത്. 2016 ജനുവരി അഞ്ചിന് ജയയുടെ മൃതദേഹമാണ് പുറംലോകം കണ്ടത്. ഒരു വർഷത്തിനു ശേഷവും ജയയുടെ അസുഖവും ചികിൽസയും മരണവും ദുരൂഹമായി തുടരുന്നതിനിടെയാണ് അപ്പോളോ ആശുപത്രി അധികൃതരുടെ വെളിപ്പെടുത്തൽ എന്നത് ശ്രദ്ധേയമാണ്.