- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീവിരുദ്ധതയിൽ താലിബാനൊപ്പം; ചേകന്നൂർ കേസിൽ ആരോപിതൻ; മുടിപ്പള്ളിയിലൂടെ ആത്മീയചൂഷണം, പുറമെ വിദ്യാഭ്യാസ കച്ചവടവും: എന്നിട്ടും കേരള മുസ്ലീങ്ങൾക്ക് മാതൃക കാന്തപുരമോ!
എതാണ്ട് പത്തിരുപത് വർഷംമുമ്പ് 'ഇസ്ലാം സമാധത്തിന്' എന്ന പ്രമേയവുമായി ഞങ്ങളുടെ കൊച്ചുഗ്രാമത്തിലേക്ക് ഒരു മത സംഘടനയുടെ കാമ്പയിൻ വന്ന കഥയുണ്ട്. രാഷ്ട്രീയ സംഘർഷങ്ങളോ മതകാലുഷ്യങ്ങളോ പ്രത്യേകിച്ചില്ലാതെ ശാന്തമായി ജീവിച്ചിരുന്ന നാട്ടുകാരുടെ സമാധാനം മുഴവൻ അതോടെ തകർന്നത് ഈയടുത്തകാലത്തും ഒരു സുഹൃത്ത് അനുസ്മരിച്ചിരുന്നു. സമാധാനസന്ദേ
എതാണ്ട് പത്തിരുപത് വർഷംമുമ്പ് 'ഇസ്ലാം സമാധത്തിന്' എന്ന പ്രമേയവുമായി ഞങ്ങളുടെ കൊച്ചുഗ്രാമത്തിലേക്ക് ഒരു മത സംഘടനയുടെ കാമ്പയിൻ വന്ന കഥയുണ്ട്. രാഷ്ട്രീയ സംഘർഷങ്ങളോ മതകാലുഷ്യങ്ങളോ പ്രത്യേകിച്ചില്ലാതെ ശാന്തമായി ജീവിച്ചിരുന്ന നാട്ടുകാരുടെ സമാധാനം മുഴവൻ അതോടെ തകർന്നത് ഈയടുത്തകാലത്തും ഒരു സുഹൃത്ത് അനുസ്മരിച്ചിരുന്നു. സമാധാനസന്ദേശവുമായി എത്തിയ സംഘടനക്കാർക്ക് മൈക്ക് കെട്ടി അലറാനുണ്ടായിരുന്നതു മുഴുവൻ ലോക സമാധാനത്തെക്കുറിച്ചും ശാന്തിയെക്കുറിച്ചൊന്നുമായിരുന്നില്ല. എതിർവിഭാഗത്തെ മൂരിയോടും എരുമയോടുമൊക്കെ ഉപമിക്കാനായിരുന്നു. ('പജ്ജിന്റെ പുജ്ജാപ്പള മാത്രമല്ല മൂരി, മനുജന്മാരുടെ എടേലും കൂറേ മൂരിക്കളുണ്ടെന്ന് 'പ്രത്യേക ശൈലിയിൽ ആ പണ്ഡിതൻ പറഞ്ഞത് കാലമെത്ര കഴിഞ്ഞിട്ടും മനസ്സിൽനിന്ന് മായുന്നില്ല) കുറെ കേട്ടു മടുത്തിട്ടായിരക്കണം, ഒരു കല്ല് പണ്ഡിതൻ പ്രസംഗിക്കുന്ന സ്റ്റേജിനു നേരെ വീണു. പിന്നെ പറയേണ്ട പൂരം. നേരം വെളുത്തപ്പോഴേക്കും കല്ലേറ് വധശ്രമമമായി. പൊലീസ് പിക്കറ്റിങ്ങായി, നിരോധനാഞ്ജയായി. ചുരുക്കിപ്പറഞ്ഞാൽ ഒറ്റ സമാധാനയാത്രകൊണ്ട് ഒരുനാടിന്റെ മുഴുവൻ മനസ്സമാധാനവും പോയിക്കിട്ടി!
കാക്കത്തൊള്ളായിരം മുസ്ലിം സംഘടനകളുടെപേരിൽ മലബാറിൽ ഇടക്കിടെ നടക്കുന്ന കാമ്പയിനുകളിൽ മിക്കതിന്റെയും അവസ്ഥ ഇതുതന്നെയാണ്. എതിർ സംഘടനയെക്കുറിച്ച് പറയുമ്പോൾ അവർക്ക് മുഴുവൻ സഹിഷ്ണുതയും നഷ്ടമാവുന്നു. അതോടെ പണ്ഡിതരുടെ നാക്ക് പി.സി ജോർജിന്റെതിനേക്കാളും മോശമാവും. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കാന്തപുരം വിഭാഗം സമസ്ത നേതാവും വിഖ്യാത മത പണ്ഡിതനുമായ പേരോട് അബ്ദുറഹിമാൻ സഖാഫിയുടെ കുപ്രസിദ്ധമായ പ്രസംഗം. എതിരാളിയാണെന്ന് തോന്നിയാൽ നൂറുവയസ്സുകഴിഞ്ഞ വയോധികനായാലും പീഡനത്തിനിരയായ നാലര വയസ്സുള്ള കുട്ടിയായാലും അവർക്ക് കണക്കാണ്. ഒരു വഷളൻ ചിരിയുമായി അദ്ദേഹം നടത്തുന്ന പ്രസംഗം കേട്ടുനോക്കിയിൽ പുളിവാറൽ ചീന്തി അപ്പോൾതന്നെ ചാട്ടയടിപ്പിക്കാനാണ് തോന്നുക. അതുകേട്ട് ചിരിക്കുന്ന ഒരു സമൂഹത്തിന്റെ മാനസിക നിലയെന്തായിരിക്കും.
ഇതിനിടയിലാണ് പ്രമുഖ രാഷട്രീയ നിരീക്ഷകനായ അഡ്വക്കേറ്റ് ജയശങ്കർ പേരോടിന്റെ കൂടി നേതാവായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ കേരള മുസ്ലീങ്ങൾക്ക് മാതൃകയായി പുകഴ്‌ത്തിക്കൊണ്ട് എഴുതിയ ലേഖനവും ഫേസ് ബുക്കിൽ വായിച്ചു. രണ്ടും ചേർത്തുനോക്കിയപ്പോൾ ശരിക്കും ചിരിച്ചുപോയി. എത്ര സമയോജിതമായ പുകഴ്‌ത്തൽ. പേരോട് ചെറിയൊരു കണ്ണിമാത്രം. ആത്മീയ ചൂഷണം, വിദ്യാഭ്യാസ കച്ചവടം, സ്ത്രീവിരുദ്ധത എന്നിവയൊയൊക്കെ പരിഗണിക്കുമ്പോൾ കാന്തപുരം കേരള മുസ്ലീങ്ങളുടെ മഹത്തായ മാതൃകതന്നെയാണ്.
ചേകന്നൂർ മൗലവിയും അഭിപ്രായ സ്വാതന്ത്ര്യവും
പേരോടിന്റെ കുപ്രസിദ്ധമായ പ്രസംഗവും അതുയർത്തിയ വെറിയും അസഹിഷ്ണുതയും പഴയൊരു കേസാണ് ഓർമ്മിപ്പിച്ചത്. മറ്റാരുമല്ല, നമ്മുടെ ചേകന്നൂർ മൗലവിയെ തന്നെ. നാലര വയസ്സുള്ള ഒരു കുട്ടിയെ ഈ രീതിയിൽ അപമാനിച്ചവരാണോ, സ്വന്തമായി ഒരു കർമ്മശാസ്ത്ര പദ്ധതിയുണ്ടാക്കി സകലരെയും വെല്ലുവിളിച്ച ചേകന്നൂർ മൗലവിയെ വെറുതെ വിടാൻ. ചേകന്നൂരിനോട് നിങ്ങൾക്ക് യോജിക്കാം വിയോജിക്കാം. പക്ഷേ അദ്ദേഹത്തിന് അദ്ദേഹത്തിന്റെതായ അഭിപ്രായം പറയാനും പ്രചരിപ്പിക്കാനും ഭരണഘടനാപരമായ സ്വാതന്ത്ര്യം ഈ രാജ്യത്തുണ്ട്. അതിന് ഉന്മൂലനം ഒരു പോംവഴിയല്ല.
കേരളത്തിൽ ഒരു അഭിപ്രായം പറഞ്ഞതിന്റെ പേരിലും ആശയം പ്രചരിപ്പിച്ചതിന്റെ പേരിലും ആദ്യമായി രക്തസാക്ഷിയായ ആൾ ഒരു പക്ഷേ ചേകന്നുർ മൗലവി ആയിരിക്കണം. അതുകൊണ്ടുതന്നെ അദ്ദേഹത്തെ കാണാതായ ദിനം (ചേകന്നൂരിന്റെ തിരോധാനം എന്നാണ് പത്രങ്ങൾ എഴുതുക. ഒരാൾ സ്വയം അന്തർധാനം ചെയ്യുന്നതാണ് തിരോധാനം. ചേകന്നുർ സ്വയം എവിടെയെങ്കിലുംപോയി ഒളിച്ചതല്ല. അതുകൊണ്ടുതന്നെ കാണാതാവൽ എന്നതുതന്നെയാണ് ശരി) അഭിപ്രായ സ്വാതന്ത്ര്യദിനമായി ആചരിക്കണമെന്ന് എം എൻ കാരശ്ശേരി ഉൾപ്പെടെയുള്ള എഴുത്തുകാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ചേകന്നൂർ കേസ് മറന്നപോലെ തന്നെ സുന്നി ടൈഗർ ഫോഴ്‌സ് എന്ന കേരളത്തിലെ അറിയപ്പെടുന്ന ആദ്യത്തെ തീവ്രവാദ സംഘടനക്ക് ആരാണ് വളമേകിയതെന്നും അഡ്വ. ജയശങ്കർ വിസ്മരിക്കുന്നു. കേസിൽ കാന്തപുരത്തെ പ്രതിയാക്കണമെന്ന് പറഞ്ഞ് ചേകന്നൂരിന്റെ ഭാര്യ ഹവ്വ ഉമ്മ നൽകിയ ഹരജി കോടതി തള്ളിയത് ശരിതന്നെ. പക്ഷേ അതിന്റെ പിന്നിലുള്ള കളികളൊക്കെ ആർക്കാണ് അറിയാത്തത്. പാറക്കടവ് ദാറുൽ ഹുദാ ഇംഗ്‌ളീഷ് മീഡിയം സ്‌ക്കൂളിലെ പീഡനക്കേസിലും നിമിഷങ്ങൾക്കുള്ളിൽ അവർ പ്രതിയെ മാറ്റിയത് ഓർക്കുക. ഒരു നിരപരാധിയെ കസ്റ്റഡിയിലെടുത്ത് കുറ്റം അയാളുടെ പിരടിക്കിടാനുള്ള പൊലീസ് ശ്രമം നടക്കാതെ പോയത് മാദ്ധ്യമങ്ങളുടെ ജാഗ്രത ഒന്നുകൊണ്ടു മാത്രമാണ്. സമാനതകളില്ലാത്ത ആസൂത്രണവും ബുദ്ധിവൈഭവവും ചേകന്നൂർ കേസിലുണ്ടെന്ന് സിബിഐ തന്നെ സമ്മതിച്ചകാര്യവുമാണ്.
ബോഡി വേസ്റ്റിൽ അവസാനിക്കാത്ത ബിസിനസുകൾ
കേരളത്തിൽ കാന്തപുരം യുഗം തുടങ്ങിയതിന് ശേഷമാണ് മൗലവിമാർ എ.സി കാറുകളിൽ സഞ്ചരിക്കുന്ന കാലം വന്നതെന്ന് രാഷ്ട്രീയ നിരീക്ഷകൻ ഒ അബ്ദുല്ല ഒരിക്കൽ എഴുതിയത് ഓർത്തുപോവുന്നു. മദ്രസയിലും ദർസിലും കെട്ടിയിട്ട് ജീവിക്കാതെ അറബിവാക്കുകൾകൊണ്ട് പത്തുപുത്തൻ എങ്ങനെയുണ്ടാക്കാമെന്നതിന് സത്യത്തിൽ അദ്ദേഹം മാതൃകയാണ്. ഫണ്ട് പരിക്കാനുള്ള വൈദഗ്ധ്യത്തിൽ ഇ പി ജയരാജൻപോലും കാന്തപുരത്തിന് ശിഷ്യപ്പെട്ടുപോകും. ഇന്ത്യയിലെ ദാരിദ്രവും ന്യൂനപക്ഷ പ്രശ്‌നങ്ങളും പറഞ്ഞ് കോടീശ്വരന്മാരായ അറബികളെ ചാക്കിലാക്കുകയാണ് ആദ്യ കടമ്പ. ഉസ്താദിലുള്ള വിശ്വാസത്തിൽ ഹിസ്റ്റീരിയ ബാധിച്ച എന്തുംചെയ്യാൻ തയാറുള്ള അണികൾ വേറെയും. കുറ്റം മാത്രം പറയരുതല്ലോ. ചില ഓർഫനേജുകളും മറ്റും സ്ത്യുതർഹമായ വിധത്തിൽ കാന്തപുരം നടത്തുന്നുണ്ട്. ആൾദൈവങ്ങളൊക്കെ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾപോലെ. പക്ഷേ അത് ആസ്തിയുടെ എത്രയോ കുറഞ്ഞഭാഗം മാത്രമാണ്. (പക്ഷേ അവിടെയും ലൈംഗിക പീഡനമടക്കമുള്ള പരാതികൾ പലതവണ ഉണ്ടായിട്ടുണ്ട്) [BLURB#3-H] കോളജുകളിലും സ്വാശ്രയ സ്ഥാപനങ്ങളിലുമൊക്കെ കോഴയും വിദ്യാഭ്യാസകച്ചവടവും തകൃതിയായി നടക്കുന്നുണ്ട്. പക്ഷേ അതിപ്പോൾ നാട്ടുനടപ്പുപോലെയായതിനാൽ ആരും ഗൗനിക്കാറില്ല. പക്ഷേ ഇതിനെ അഡ്വ ജയശങ്കർ വിദ്യഭ്യാസം വിപ്ലവം എന്ന് പറഞ്ഞതുകൊണ്ടാണിത് എടുത്തു പറയുന്നത്. മതത്തിന്റെയും അനാഥക്കുട്ടികളുടെയും മേമ്പൊടിയുള്ളതിനാൽ വയൽനികത്തിയാലും നിയമംലംഘിച്ചാലും ആരും ചോദിക്കയില്ല. ഏറ്റവും ഒടുവിലായതാ പ്രവാചകന്റെ തിരുകേശമെന്നപേരിൽ വ്യാജ മുടിക്കഷ്ണം ഇറക്കി കോടികളുടെ ബിസിനസാണ് നടത്താൻ തുനിഞ്ഞത്. അത് ബോഡിവേസ്റ്റാണെന്ന് (ആ പ്രയോഗത്തിന് പിണറായിയുടെ ചങ്കൂറ്റം സമ്മതിക്കണം) കൈയോടെ പടികൂടിയതോടെ ഇപ്പോൾ അക്കാര്യം മിണ്ടുന്നില്ല. ഇപ്പോൾ മുടിപ്പള്ളിക്കുപകരം കോഴിക്കോട് താമരശ്ശേരിക്കടുത്തെ ഏക്കർകണക്കിന്ന് പറമ്പിൽ കോടികളടെ നോളജ് സിറ്റിയാണ് വരുന്നത്. ഇതിനൊക്കെ പിന്നിലുള്ള റിയൽഎസ്റ്റേറ്റ് ഇടപാടും താൽപ്പര്യവും അടക്കമുള്ളകാര്യങ്ങൾ ആര് അന്വേഷിക്കാൻ.
സ്ത്രീവിരുദ്ധതയിലും മാതൃക [BLURB#2-VR] ജീൻസുവിവാദത്തിൽ യേശുദാസിന് പിന്തുണ നൽകിയതുതൊട്ട് സ്ത്രീവിരുദ്ധത എവിടെയുണ്ടോ അവിടെ കാന്തപുരവുമുണ്ടാവും. സ്ത്രീ പുരുഷന്റെ ചൊൽപ്പടിക്ക് അടങ്ങിയൊതുങ്ങി വീട്ടിൽതന്നെ കഴിഞ്ഞുകൊള്ളണം. ഇക്കാര്യത്തിൽ തനി താലിബാൻകാരാണ് ജയശങ്കറിന്റെ മാതൃകാ മുസ്ലീങ്ങൾ.
ഇന്ത്യ ഒരു മതേതര ജനാധിപത്യ റിപ്പബ്‌ളിക്കായിപ്പോയതുകൊണ്ട് ദുർന്നടപ്പ് ആരോപണമുണ്ടായ സ്ത്രീകളെ പരസ്യമായി കല്ലെറിഞ്ഞ് കൊല്ലണമെന്നും പറയുന്നില്ലെന്ന് മാത്രം. കാന്തപുരം മുസ്ലിയാരുടെ നേതൃത്വത്തിലുള്ള 'സിറാജ്' പത്രത്തിൽ സത്രീകളുടെ പടംപോലും പ്രസിദ്ധീകരിക്കാറില്ല!
ഇതിനർഥം സമസ്ത ഇ കെ വിഭാഗം പുരോഗമനപരമാണെന്നല്ല. അവരും ഏതാണ്ട് ഇങ്ങനെയൊക്കെതന്നെയാണ്. മുസ്ലീലിഗിനെയും, സുഡാപ്പികളെയും പറയേണ്ട കാര്യമില്ല. കേരളമുസ്ലീങ്ങൾക്കിടയിൽ മാതൃകയായ സംഘടനകൾ ഒന്നുമില്ലെന്നും ഈ രാജ്യത്തെ പൗരന്മാരായി ജീവിക്കാൻ അതിന്റെ ആവശ്യമില്ലെന്നുമാണ് ഈ ലേഖകന്റെയും അഭിപ്രായം.
അരിവാൾ സുന്നിയിൽനിന്ന് മോദിയിസ്റ്റുകളിലേക്ക്?
പുറമെ പച്ച, മുറിച്ചാൽ ചുവപ്പ്. കാന്തപുരം സുന്നികൾക്ക് അരിവാൾ സുന്നികളെന്ന് ഒരുകാലത്ത് പേരുവരാൻ കാരണവും ഇതുതന്നെ. സമസ്ത ഇ.കെ വിഭാഗത്തോടും അവർ വോട്ടുചെയ്യുന്ന മുസ്ലീലീഗിനോടുമുള്ള എതിർപ്പല്ലാതെ സിപിഎമ്മിനോട് യാതൊരു ആശയപരമായ യോജിപ്പും അവർക്ക് ഉണ്ടായിരുന്നില്ല. പ്രശ്‌നം കുറച്ചൊക്കെ ആമാശയപരവുമായരുന്നു. ഇടതുമുന്നണി ഭരിച്ചപ്പോൾ ഒരുപാട് സ്‌ക്കൂളുകളും പ്‌ളസ്ടുകളും അവർ നേടിയെടുക്കയും ചെയ്തു. പക്ഷേ ഒരു തെരഞ്ഞെടുപ്പിലും ഇന്ന പാർട്ടിക്കാണ് തന്റെ പിന്തുണയെന്ന് കാന്തപുരം വ്യക്തമായും പരസ്യമായും പറയില്ല. ജയിച്ചു കഴിഞ്ഞാൽ അത് തങ്ങളുടെ വിജയമാണെന്ന് അണികളെക്കൊണ്ട് പ്രചരിപ്പിക്കയും ചെയ്യും. പക്ഷേ കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി അരിവാൾ സുന്നികളെയും ചാക്കിട്ടു. ഇടതുപക്ഷത്താണെന്ന് തോന്നിപ്പിച്ചുകൊണ്ടുതന്നെ എ.പിക്കാർ യു.ഡി.എഫിന് വോട്ടുചെയ്തു. അതിനുപിന്നിലും പ്രത്യയശാസ്ത്ര പ്രശ്‌നങ്ങളൊന്നുമല്ല. ഇപ്പറഞ്ഞപോലെ ഓഫറുകൾ തന്നെ. ഇപ്പോഴും കാന്തപുരം വിഭാഗത്തിന്റെ രാഷ്ട്രീയ നിലപാടെന്താണെന്ന് രഹസ്യമാണ്. ഇതാണ് യഥാർത്ഥ അടവുനയം![BLURB#1-VL]
കാര്യസാധ്യത്തിനായി ആരെയും കൂട്ടുപിടുക്കുന്ന രീതി പണ്ടേയുണ്ട്. ചേകന്നൂർ കേസ് ആനചേനയാക്കുമെന്നൊക്കെ ബിജെപിക്കാർ പറഞ്ഞുനടക്കുന്ന സമയത്താണ് ഒ രാജഗോപലിന് കാരന്തൂർ സുന്നി മർക്കസിലേക്ക് കൊണ്ടുവന്ന് കാന്തപുരം ഏവരെയും ഞെട്ടിച്ചത്. അതുപോലെതന്നെയുള്ള അടവുനയമാണോ ഇപ്പോൾ മോദിയോടുള്ള മൃദുസമീപനമെന്ന് കണ്ടറിയേണ്ടിയിരക്കുന്നു.
അല്ലെങ്കിലും നടനും എം പിയുമായ ഇന്നസെന്റും നമ്മുടെ ശശി തരൂരും ഉൾപ്പെടെയുള്ളവർ പറയുന്ന പ്രായോഗിക ബുദ്ധിയാണിത്. ഇനി മോദിയോട് മരിയാദക്ക് നിൽക്കുക. എന്നിട്ട് പരമാവധി പദ്ധതികൾ കേരളത്തിലേക്ക് കൊണ്ടുവരിക. ഇതുകേട്ടാൽ തോന്നും മോദി തന്റെ തറവാട്ടിൽനിന്ന് എടുത്താണ് നമുക്ക് പദ്ധതി തരുന്നതെന്നാണ്. നികുതിദായകരായ ഓരോ പൗരന്റെ അവകാശമല്ലേ അർഹമായ കേന്ദ്രവിഹിതം. ആത്മാഭിമാനത്തോടെ അത് ചോദിച്ചവാങ്ങുന്നതിന് പകരം മുട്ടുവളഞ്ഞ് നിൽക്കേണ്ട കാര്യമെന്താണ്. അതിന്റെപേരിൽ മാത്രം പൊറുക്കാനുള്ളതാണോ വർഗീയ കലാപങ്ങളുടെ പാപക്കറ. രാജ്യത്ത് കോൺഗ്രസ് നേതാക്കളും ജനതാദളുകാരുമൊക്കെ നേതൃത്വംകൊടുത്ത കലാപങ്ങൾ ഉണ്ടെന്നതും വർഗീയകലാപങ്ങളുടെ കുത്തക സംഘികൾക്ക് മാത്രമല്ലെന്നതും അഡ്വ ജയശങ്കർ പറയുന്നതുപോലെ വസ്തുതയാണ്. പക്ഷേ ഗുജറാത്ത് കലാപത്തെ ഞെട്ടിപ്പിക്കുന്നതും വ്യത്യസ്തമാക്കുന്നതും അതിലെ ഭരണകൂട ഇടപടലാണെന്നത് മറക്കരുത്.
വാൽക്ഷഷ്ണം:ഫേസ്‌ബുക്കിൽ പ്രചരിക്കുന്ന രണ്ടു ചിത്രങ്ങളും ഇതോടൊപ്പം ഓർക്കട്ടെ. അഡ്വ ജയശങ്കറിനെ, കാക്കി ട്രൗസറിട്ട കെ സുരേന്ദ്രൻ രക്ഷാബന്ധൻ കെട്ടുന്നതും, ബാലഗോകുലത്തിന്റെ ശോഭായാത്രയിൽ കൊടി പിടിച്ചുകൊണ്ട് നമ്മുടെ വക്കീൽ നടക്കുന്നതും!