തിരുവനന്തപുരം: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചു ഇന്നേവരെ നല്ല ഒരു വാക്ക് ഉച്ചരിച്ചിട്ടില്ലാത്ത {{മാധ്യമം}}  ദിനപത്രം ഇന്നത്തെ പ്രധാന വാർത്ത മോദിയുടെ യുഎഇ പര്യടനമാണ്. അബുദാബി കിരീടാവകാശിയും ഇന്ത്യൻ പ്രധാനമന്ത്രിയും കെട്ടിപ്പിടിച്ചു നിൽക്കുന്ന ചിത്രം അടക്കം ഒട്ടേറെ വാർത്തകൾ പ്രസിദ്ധീകരിച്ചാണ്‌ {{മാധ്യമം}}  മോദിയുടെ സന്ദർശനം ആഘോഷമാക്കിയത്. യാക്കൂബ് മേമനെ രക്തസാക്ഷിയായി കരുതുന്ന തേജസ് ദിനപത്രം പോലും ഒന്നാം പേജിൽ എട്ടു കോളം വാർത്തയുമായാണ് മോദിയുടെ സന്ദർശന വാർത്ത നൽകിയത്. എന്നിട്ടും ഇന്നത്തെ മലയാള മനോരമ ഒന്നാം പേജിൽ മോദിയെ കുറിച്ച് ഒരു കോളം പോലും വാർത്തയില്ല. ചില എഡിഷനുകളിൽ മോദിയുടെ യുഎഇ സന്ദർശനത്തിന്റെ ചിത്രങ്ങൾ ഉണ്ടെങ്കിലും തിരുവനന്തപുരം പോലെയുള്ള എഡിഷനുകളിൽ അകത്തെ പേജിൽ ഒരു ചെറിയ വാർത്തയിൽ ഒതുക്കി മോദിയുടെ സന്ദർശനം.

ഓണക്കാലം ആയതുകൊണ്ട് പത്രത്തിന്റെ ഒന്നാം പേജിൽ പകുതിയോളം പരസ്യത്തിനുള്ള ഇടയായിരുന്നു. മനോരമയുടെ പതിവു സ്വഭാവം അനുസരിച്ച് ഓരോ മേഖലയുടെയും പ്രാധാന്യം അനുസരിച്ചാണ് വാർത്തകൾ പ്രസിദ്ധീകരിച്ചത്. എങ്കിൽ കൂടി 34 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ആദ്യമായി യുഎഇയിൽ എത്തിയ വാർത്തയായിരുന്നു പ്രാധാന്യമാകേണ്ടിയിരുന്നത്. എന്നാൽ, മനോരമയിൽ ലീഡ് വാർത്ത ആയത് ഇന്തോനേഷ്യയിലെ വിമാന അപകടത്തിന്റെ വാർത്ത ആയിരുന്നു. തിരുവനന്തപുരത്ത് ഉമ്മൻ ചാണ്ടിയുടെ സ്പന് പദ്ധതി ആയതിനാൽ വിഴിഞ്ഞം പദ്ധതി സൂപ്പർലീഡ് വാർത്തയായി. ഇതേസമയം തലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശന വാർത്ത ഒരു കോളം പോലുമായില്ല. ഏഴാം പേജിലാണ് പ്രസിദ്ധീകരിച്ചത്.

ചില എഡിഷനുകളിൽ വാർത്തയും ഫോട്ടോയും നൽകി. അതേസമയം പ്രവാസികൾ ഏറെയുള്ള കാസർകോഡ് ജില്ലയിൽ ഒന്നാം പേജിൽ ചെറിയ രണ്ട് കോളം പടം നൽകി. വാർത്ത നൽകിയില്ല. കോഴിക്കോടും മലപ്പുറത്തും മൂന്ന് കോളം വാർത്തയും മൂന്ന് കോളം പടവും പ്രസിദ്ധീകരിച്ചു. അതേസമയം തെക്കൻ ജില്ലകളിൽ ആദ്യ പേജിൽ പതിവു പോലെ പത്രത്തിന്റെ സിപിഐ(എം) വിരുദ്ധ സ്‌റ്റോറി പ്രസിദ്ധീകരിച്ചിരുന്നു. സിപിഐ(എം) ജനകീയ പ്രതിരോധത്തിൽ പങ്കെടുത്തത് 12.5 ലക്ഷം പേരെന്ന റിപ്പോർട്ടായിരുന്നു പത്രത്തിൽ.

അതേസമയം മലയാളത്തിലെ മറ്റ് പത്രങ്ങളിലെല്ലാം ലീഡ് വാർത്ത മോദിക്ക് യുഎഇയിൽ ലഭിച്ച സ്വീകരണത്തെ കുറിച്ചായിരുന്നു. മാതൃഭൂമിയും കേരളാ കൗമുദിയും ലീഡ് വാർത്തയാക്കി. മിക്ക ഇംഗ്ലീഷ് പത്രങ്ങളുടെയും മുഖ്യവാർത്തയും ഈ ചരിത്ര സന്ദർശനം തന്നെയായിരുന്നു. ദേശാഭിമാനി പോലും പ്രധാനമന്ത്രി യുഎഇയിൽ എത്തിയ വാർത്ത ഒന്നാം പേജിൽ പ്രസിദ്ധീകരിച്ചു. അതേസമയം മോദിയുടെ സന്ദർശനം ഒന്നാം പേജിൽ പ്രസിദ്ധീകരിക്കാത്തതിനാൽ സോഷ്യൽ മീഡിയയിലൂടെ പത്രത്തിനെതിരെ വിമർശനവും ഉയരുന്നുണ്ട്.

ലക്ഷക്കണക്കിന് മലയാളികൾ ജോലി ചെയ്യുന്നിടത്ത് ഇന്ത്യൻ പ്രധാനമന്ത്രി 34 വർഷങ്ങൾക്ക് ശേഷം എത്തിയപ്പോൾ എന്തുകൊണ്ടാണ് പത്രം അവഗണിച്ചത് എന്ന ചോദ്യമാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ ഉയർത്തുന്നത്. ഇതിന് പിന്നിൽ പ്രത്യേകം അജണ്ട വല്ലതുമുണ്ടോയെന്നാണ് ഇക്കൂട്ടരുടെ സംശയം. എന്നാൽ, പ്രധാനമന്ത്രിയെന്ന നിലയിൽ മോദിയുടെ യുഎഇ സന്ദർശനം പത്രത്തിന്റെ ഓൺലൈനിൽ മികച്ച രീതിയിൽ വാർത്തനൽകിയിരുന്നു. എന്നാൽ, പ്രിന്റഡ് പത്രത്തിലേക്ക് എത്തിയപ്പോൾ കാര്യം മാറി.

എന്നാൽ, വിമാനദുരന്ത വാർത്തയും മോദി വാർത്തയും ഒരുപോലെ വന്നപ്പോൾ ഉണ്ടായ കൺഫ്യൂഷനാണ് ഇക്കാര്യത്തിൽ സംഭവിച്ചതെന്ന സംശയവുമുണ്ട്. 54 പേർ മരിച്ച വിമാന ദുരന്തം മലേഷ്യൻ വിമാനദുരന്തം പോലെ പ്രാധാന്യം പത്രം നൽകിയപ്പോൾ പ്രവാസികളെ പത്രം അവഗണിച്ചെന്ന ആക്ഷേപമാണ് ഉയരുന്നത്.