- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജാതിഭ്രാന്തും ലിംഗ അനീതിയും: പൃഥ്വിരാജും മഞ്ജു വാര്യരും നൽകുന്ന വിപൽ സൂചനകൾ; നമ്മുടെ നാടും ദുരഭിമാനഹത്യയിലേക്കോ?
നാലാം ക്ലാസിൽ ഒരേ ബഞ്ചിലിരുന്ന് പഠിച്ച വിമലിനെ വിമൽ ആർ നായരായും, സൗമ്യയെ സൗമ്യാ മേനോനായും, റഫീഖിനെ റഫീഖ് റാവുത്തരായുമൊക്കെ വർഷങ്ങൾക്ക്‌ശേഷം നാം ഫേസ്‌ബുക്കിൽ കണ്ടുമുട്ടുന്ന കാലമാണല്ലോ ഇത്. അന്നൊന്നും പേരിനൊപ്പം വാലായി കൊണ്ടുനടക്കാത്ത, അറ്റൻഡൻസ് രജിസ്റ്ററിൽ ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത, എമ്പ്രാതിരിയും ഏറാടിയും നമ്പ്യാരും നമ
നാലാം ക്ലാസിൽ ഒരേ ബഞ്ചിലിരുന്ന് പഠിച്ച വിമലിനെ വിമൽ ആർ നായരായും, സൗമ്യയെ സൗമ്യാ മേനോനായും, റഫീഖിനെ റഫീഖ് റാവുത്തരായുമൊക്കെ വർഷങ്ങൾക്ക്‌ശേഷം നാം ഫേസ്‌ബുക്കിൽ കണ്ടുമുട്ടുന്ന കാലമാണല്ലോ ഇത്. അന്നൊന്നും പേരിനൊപ്പം വാലായി കൊണ്ടുനടക്കാത്ത, അറ്റൻഡൻസ് രജിസ്റ്ററിൽ ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത, എമ്പ്രാതിരിയും ഏറാടിയും നമ്പ്യാരും നമ്പീശനും വർമ്മയും ഭട്ടതിരിപ്പാടുമൊക്കെ പിന്നീടെങ്ങനെയാണ് യാതൊരു ലജ്ജയുമില്ലാതെ നമ്മുടെ കുടെ കയറിപ്പറ്റുന്നതെന്ന് ഓർക്കുമ്പോൾ, കേരളം സാംസ്‌കാരികമായി എത്ര പിറകോട്ടുപോയി എന്ന് ചിന്തിക്കേണ്ടിവരും. ഈ ലേഖകനൊക്കെ കോേളജിൽ പഠിച്ചിരുന്ന തൊണ്ണൂറുകളൂടെ മധ്യത്തിൽപോലും കാമ്പസിൽ ജാതിപ്പേരിൽ അറിയപ്പെടാൻ ആരും ധൈര്യപ്പെട്ടിരുന്നില്ലെന്ന് മാത്രമല്ല, വലിയ നാണക്കേടായുംകൂടിയാണ് യുവാക്കൾ അതിനെയൊക്കെ കണ്ടിരുന്നത്. എന്നാൽ ഇന്ന് സർക്കാർ ഓഫീസുകളിൽമാത്രമല്ല, യുവത്വം പ്രസരിക്കുന്ന ഐടി പാർക്കുകളിൽപോലും ജാതിപ്പേരുകൾ നമ്മെ തിരിഞ്ഞുകൊത്തുന്നു.
ഷേക്‌സ്പിയർ ചോദിച്ചതുപോലെ ഒരു പേരിലെന്തിരിക്കുന്നു എന്ന് ചോദിച്ച് ഇവർക്കും തടിയൂരാം. പക്ഷേ ജാതിപ്പേരിടൽ വൈറലായാലോ? കേരളത്തിൽ അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് ഉപരിമധ്യ (അപ്പർ മിഡിൽ ക്ലാസ്) കുടുംബങ്ങളിൽ. സംശയമുണ്ടെങ്കിൽ ഒരു സിബിഎസ്ഇ സ്‌കൂളിലെ അറ്റൻഡസ് രജിസ്റ്റർ പരിശോധിച്ചുനോക്കുക. സാമൂഹിക ശാസ്ത്രജ്ഞരും പുരോഗമന സംഘടനകളുമൊക്കെ പഠിക്കേണ്ട ഒരു വിഷയമാണിത്.
എം ടി മുമ്പ് എഴുതിയതുപോലെ, എം ടി വാസുദേവൻ എന്ന പേരിന് ഒരു ബലമില്ലാത്തതിനാലും, പക്വത തോന്നാൻ വേണ്ടിയും നായർ ചേർക്കുകയും പിന്നീടാപ്പേരിൽ അറിയപ്പെടുകയും ചെയ്തുപോയതുപോലുള്ള അനുഭവങ്ങൾ കുറച്ചുപേർക്കുണ്ടാവും. വെറുതെയൊരു സ്റ്റൈലിന് എന്തെങ്കിലും ഇട്ടവരും കുറച്ചുണ്ടാവും. പക്ഷേ, ആധുനിക ജാതിവാൽ വീരന്മാരിൽ ഭൂരിഭാഗവും രഹസ്യമായി തങ്ങളുടെ ജാതിയിൽ അഭിമാനിക്കുന്നവരാണെന്നതാണ് ഞെട്ടിക്കുന്നത്. പക്ഷേ കേരളത്തിന്റെ ഒരു പൊതുമതേതര ബോധംവച്ച് പരസ്യമായി മത ജാതി മൂരാച്ചിത്തരത്തെ പിന്താങ്ങാനും വയ്യ. അതുകൊണ്ട് മ്ലേഛമായ ജാതിമനസ്സിനെ അവർ അടക്കിപ്പിടിക്കുന്നു. എന്നിട്ട് രഹസ്യമായി സഹപ്രവർത്തകന്റെ ജാതി അന്വേഷിക്കുന്നു.
മേലധികാരി ദലിതനായാൽ അപവാദം പ്രചരിപ്പിക്കുക. അയാളിരുന്ന കസേരയിൽ ചാണകം തളിക്കുക! സംവരണം വഴി ജോലികിട്ടിയവനെ അംബേദ്കറെന്ന് വിളിച്ച് ആക്ഷേപിക്കുക. പ്രബുദ്ധകേരളത്തിലെ സെക്രട്ടറിയേറ്റിൽവരെ നടക്കുന്ന കാര്യങ്ങളാണിവ. ഇതിനെ നിസ്സാരമായിക്കണ്ട് അങ്ങനെയങ്ങ് കൈയും കെട്ടി വളരാൻവിട്ടാൽ നമ്മുടെ നാട്ടിലും ഉത്തരേന്ത്യയിലെപ്പോലെ 'ദുരഭിമാനഹത്യകൾ' (ഹോണർ കില്ലിങ്ങിന് ഇതാണ് നല്ല തർജ്ജമ) നമ്മുടെ നാട്ടിലുമുണ്ടായേക്കാം!
[BLURB#1-H]ഇത്രയൊക്കെ ഓർമ്മിപ്പിച്ചതിന് നാം പൃഥ്വിരാജ് സുകുമാരൻ എന്ന യുവ നടന് നന്ദിപറയണം. അലംകൃത എന്ന അദ്ദേഹത്തെിന്റെ മകളുടെ പേരിന്റെ കൂടെ വന്ന 'മേനോൻ' സോഷ്യൽ മീഡിയകളിൽ സജീവ ചർച്ചയാകുകയും, വളരെ ക്രിയാത്മകമായി പൃഥ്വിരാജ് ഈ വിഷയത്തിൽ പ്രതികരിക്കുകയും ചെയ്തു. സിനിമാതാരങ്ങളടക്കമുള്ള സെലിബ്രിറ്റികൾ മനസ്സിലാക്കാതെ പോവുന്ന ഒന്നാണത്. മുമ്പേ ഗമിക്കുന്ന ഗോവിന്റെ പിമ്പേയെന്നോണം സെലിബ്രിറ്റികൾക്ക് ഇന്നു പറ്റുന്ന അബദ്ധം നാളത്തെ ആചാരമാവും. അത് ലോക നിയമമാണ്.
പൃഥ്വിരാജ്: വേറിട്ട നടൻ, വേറിട്ട വ്യക്തിത്വം
ഇത്തരമൊരു ചർച്ചയെപ്പോലും പോസിറ്റീവായി എടുക്കാൻ നമ്മുടെ മുഖ്യധാരാപത്രങ്ങൾ എന്ന ടിഷ്യൂപേപ്പറുകൾക്ക് കഴിയുന്നില്ല. ആഷിക്ക് അബുവും റിമാ കല്ലിങ്കലും അടക്കമുള്ള സിനിമാ പ്രവർത്തകർ ആദിവാസികളുടെ സമരത്തിന് ഐക്യദാർഢ്യം അർപ്പിക്കാൻപോയതിനെ പരിഹസിച്ച മാതൃഭൂമി പത്രം, പൃഥ്വിരാജിനോട് ഫേസ്‌ബുക്കിൽ പ്രതികരിച്ചവരെ പരിഹസിച്ചുകൊണ്ട് എഴുതി ഒരിക്കൽക്കൂടി തങ്ങളുടെ ഫ്യൂഡൽ ഗൃഹാതുരത്വം തെളിയിച്ചു. കുട്ടിക്ക് എന്തുപേരിടണമെന്നത് രക്ഷിതാക്കളുടെ വിവേചന അധികാരമാണ്. അതിൽ സമൂഹത്തിന് കാര്യമൊന്നുമില്ലെന്നാണ് 'ഫേസ്‌ബുക്ക് വെളിച്ചപ്പാടുകളോട്' പത്രത്തിന് പറയാനുള്ളത്.
കാര്യം ശരിയാണ്. 'സൈബർ ഗുണ്ടകൾ' പ്രതികരിച്ചത്, ഇത് പൃഥ്വിരാജിന്റെ കാര്യമായതിനാലാണ്. നമ്മുടെ രാഹുൽ ഈശ്വറൊക്കെ തന്റെ കുട്ടിക്ക് ബ്രഹ്മശ്രീ കണ്ഠരര് ............ തമ്പുരാൻ എന്നൊക്കെയിട്ടാലും പ്രതികരിക്കേണ്ട കാര്യമെന്താണ്. പുരോഗമനപരമായ അഭിപ്രായങ്ങൾ പറയുകയും, ജാതിനീതിക്കും ലിംഗനീതിക്കുംവേണ്ടി നിലപാടെടുക്കുകയും ചെയ്യുന്ന ഒരു യുവ നടൻ ഈ രീതിയിൽ മാറുകയാണോ എന്ന ആശങ്കയാണ്, സൈബർലോകത്ത് പതിവുള്ളതുപോലെ രൂക്ഷമായ ഭാഷയിൽ വിമർശിക്കപ്പെട്ടത്. വാക്കും പ്രവൃത്തിയും എന്ന അടിസ്ഥാന മനുഷ്യഗുണത്തെയാണ് പലരും കൃത്യമായി ചുണ്ടിക്കാട്ടിയത്.
സിനിമയെക്കുറിച്ചല്ലാതെ ഒന്നും പ്രതികരിക്കില്ലെന്ന് പറഞ്ഞ് അഭിമുഖങ്ങളിൽ 'ഡിപ്ലോമാറ്റിക്കാവുന്ന' നടനല്ല രാജു. അത്തരം നടന്മാരോട് തനിക്ക് സഹതാപമാണെന്ന് അദ്ദേഹം വെട്ടിത്തുറന്ന് പറഞ്ഞിട്ടുണ്ട്. ഒരു വർഷംമുമ്പ് ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇന്ത്യയിലെ ജാതിരാഷ്ട്രീയം തൊട്ട് കേരളത്തിലെ മാലിന്യ നിർമ്മാർജനത്തെക്കുറിച്ചുവരെ രാജു കൃത്യമായി അഭിപ്രായം പറയുന്നുണ്ട്.
[BLURB#2-VL]താരാധിപത്യത്തെപ്പോലും നിരന്തരം ചോദ്യം ചെയ്യുന്ന നടനാണ് അദ്ദേഹം. സൂപ്പർ താരങ്ങൾ എന്ന് പറയുന്നത്, മലയാളത്തിൽ ഇല്ലാതാവുമെന്ന് രാജു, അഞ്ചുകൊല്ലംമുമ്പ് ഒരു അഭിമുഖത്തിൽ പറയുന്നു. അന്ന് അദ്ദേഹം സിനിമയിൽ ഇത്രയൊന്നും വളർന്നിട്ടില്ലായിരുന്നെന്ന് ഓർക്കണം. (ഇങ്ങനെയുള്ള വെട്ടൊന്ന് മുറി രണ്ട് സ്വഭാവം പലപ്പോഴും അദ്ദേഹത്തിന് ദോഷംചെയ്തിട്ടുമുണ്ട്. 'ദക്ഷിണ്യേന്ത്യയിൽ ഇംഗ്ലീഷ് സംസാരിക്കാനറിയാവുന്ന ഏക നടൻ' എന്ന രീതിയിൽ ഭാര്യ നടത്തിയ പരാമർശം പൃഥ്വിക്ക് ചില്ലറ ചീത്തപ്പേരൊന്നുമല്ല ഉണ്ടാക്കിയത്. പുറത്തുപോയി പഠിച്ച ഒരാൾ എന്ന രീതിയിൽ ക്ലാസിക്കൽ ഉച്ചാരണത്തോടെ ഇംഗ്ലീഷ് സംസാരിക്കാൻ കഴിയുന്ന ദക്ഷിണേന്ത്യയിലെ ഏക നടൻ എന്ന് സുപ്രിയ ഉദ്ദേശിച്ചിടത്താണ് നാക്കുപിഴ വന്നത്!) തന്റെ കഥാപാത്രത്തെ എങ്ങനെ ബൂസ്റ്റുചെയ്യാമെന്ന് ഗവേഷണം മാത്രം നടത്തി ജീവിക്കുന്നവരുള്ള മലയാള സിനിമയിൽ, സിനിമയാണ് എനിക്ക് വലത്, അല്ലാതെ എന്റെ കഥാപാത്രമല്ല എന്ന് നെഞ്ചത്ത് കൈവച്ച് പറയാൻ എത്രപേർക്ക് കഴിയും. അടുത്തകാലത്ത് പൃഥ്വിരാജ് നിർമ്മാണ പങ്കാളിയായ 'സപ്തമശ്രീ തസ്‌കര' എന്ന സിനിമ കണ്ടുനോക്കൂ. സ്വന്തം വേഷത്തെ കൊടുമുടിയോളം ഉയർത്താനുള്ള ശ്രമങ്ങളൊന്നും അതിലില്ല. പല സീനുകളിലും പൃഥ്വിയേക്കാൾ കൈയടി കിട്ടുന്നത് സഹ നടന്മാർക്കാണ്.
അതായത് വ്യക്തി ജീവിതത്തിലും തൊഴിലിലും പൊതുരംഗത്തും മറ്റുള്ളവരിൽനിന്ന് തീർത്തും വ്യത്യസ്തനാണ് പൃഥ്വിരാജ് സുകുമാരൻ. അദ്ദേഹത്തിന് കൃത്യമായ രാഷ്ട്രീയമുണ്ട്, സാമൂഹിക ബോധമുണ്ട്. അങ്ങനെയൊരാളിൽനിന്ന് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു നടപടിയുണ്ടാവുമ്പോൾ പ്രതികരണം സ്വാഭാവികമല്ലേ. ആൺകോയ്മയുടെ ഇക്കാലത്ത്, അമ്മയുടെ പേര് കുട്ടിക്ക് താവഴിയായി കൊടുക്കാനുള്ള ശ്രമമാണ് താൻ നടത്തിയതെന്ന് പൃഥ്വി വിശദീകരിക്കുന്നു. അല്ലാതെ 'മേനോൻ' എന്ന് പേരിട്ടാൽ എന്താണ് കുഴപ്പമെന്ന് ഈ പ്രകോപനങ്ങൾക്കൊടുവിലും അദ്ദേഹം ചോദിക്കുന്നില്ല. അതാണ് രാജുവിന്റെ മഹത്വവും. (പക്ഷേ രാജുവിനെപ്പോലൊരാൾക്കുപോലും ഈ രീതിയിൽ പരുവപ്പെടേണ്ടിവന്നുവെന്ന അപകട സാധ്യത ഇപ്പോഴും ഇവിടെയുണ്ട്).
മലയാളി തീരെ പരിഗണിച്ചിട്ടില്ലാത്ത ലിംഗ നീതിയെന്ന വിഷയത്തിലേക്കും അദ്ദേഹം നമ്മുടെ ശ്രദ്ധക്ഷണിക്കുന്നു. എന്തുകൊണ്ടാണ് നമ്മുടെ നാട്ടിൽ ഒരു കുട്ടിക്കും അമ്മയുടെപേര് വാൽക്കഷണമായി കിട്ടാത്തത്. ഒരു സിനിമയിൽ മോഹൻലാൽ 'ബാബാകല്യാണി'യെന്ന ടൈറ്റിൽപേര് സ്വീകരിച്ചതൊഴിച്ചാൽ, വെള്ളിത്തിരയിൽപോലും ഇത് അപൂർവമാണ്. ഭർത്താവിനേക്കാൾ ഭാര്യ എത്ര സമ്പന്നയായലും പ്രശസ്തയായാലും കുഞ്ഞിന്റെ 'സർനെയിമിൽ' പുരുഷന്മാത്രം. ഇത് ധൈര്യപൂർവം പറയാൻ നട്ടെല്ലുള്ള എത്ര സ്ത്രീകൾ നമുക്കിടയിലുണ്ട്. മാത്രമല്ല, മട്ടുപ്പാവ് കൃഷിയുടെയും, ഷീ ടാക്‌സിയുടെയുമൊക്കെ ബ്രാൻഡ് അംബാസിഡറായ മഞ്ജു വാര്യർപോലും പലപ്പോഴും സ്ത്രീവിരുദ്ധമായ നിലപാടുകളാണ് അറിഞ്ഞോ അറിയാതെയോ എടുക്കാറും.
പുരുഷ കോയ്മയുടെ ശാക്തീകരണം അഥവാ മഞ്ജു മോഡൽ
ഒരാൾ തന്റെ കുട്ടിക്ക് എന്തുപേരിടണമെന്ന് തീരുമാനിക്കുന്നതുപോലെ തീർത്തും വ്യക്തിപരമായ വിഷയം തന്നെയാണ് ആരുടെ കൂടെ ജീവിക്കണമെന്ന് തീരുമാനിക്കുന്നതും, ജീവിക്കേണ്ടെന്ന് തീരുമാനിക്കുന്നതും. അതുകൊണ്ടുതന്നെ നടൻ ദിലീപും, നടി മഞ്ജു വാര്യരും വേർപിരിയാൻ തീരുമാനിച്ചതിൽ പൊതുസമൂഹത്തിന് കാര്യമൊന്നുമില്ല. പക്ഷേ അതിൽ തനിക്ക് ജീവനാംശമൊന്നും വേണ്ടെന്ന് മഞ്ജുവിന്റെ നിലപാടാണ് ഫലത്തിൽ സ്ത്രീവിരുദ്ധമാകുന്നത്.
ദിലീപിന്റെ സ്വത്തുക്കളിൽ തനിക്ക് നിയമപരമായും ന്യായമായും അവകാശപ്പെട്ട ഒരു ഭാഗംമാത്രമല്ല, താൻ അധ്വാനിച്ചുണ്ടാക്കിയ കാശുകൊണ്ടുണ്ടാക്കിയ സ്വത്തുക്കൾപോലും വേണ്ടെന്ന മഞ്ജുവിന്റെ നിലപാട് പൊതുസമൂഹത്തിൽ ഉണ്ടാക്കുന്ന പ്രതിഫലനം എന്താണ്. ഇനി എല്ലാം ഒന്നിൽനിന്ന് തുടങ്ങണമെന്നാണ് മഞ്ജു പറയുന്നത്. ഈ മോഡൽ വിവാഹമോചനങ്ങൾ കേരളത്തിലെ സ്ത്രീകൾക്ക് എന്തു സന്ദേശമാണ് നൽകുന്നത്. മുൻ മന്ത്രി ഗണേശ്‌കുമാറിന്റെ മുൻ ഭാര്യ ഡോ. യാമിനി തങ്കച്ചി കാണിച്ചതുപോലെ, ഭർത്താവ് എത്ര ഉന്നതനായാലും അയാളിൽനിന്ന് അർഹതപ്പെട്ട സ്വത്തുവകകൾ വാങ്ങിക്കൊണ്ടായിരുന്നില്ലേ, സ്ത്രീയുടെ ആത്മാഭിമാനം ഉയർത്തേണ്ടിയിരുന്നത്. അപ്പോൾ മാത്രമല്ലേ, നിയമത്തിനുമുന്നിൽ സ്ത്രീക്ക് നീതി കിട്ടും എന്നതോന്നലുണ്ടാവുക. ഭർത്താവിൽനിന്ന് ചെലവിന് കിട്ടാൻവേണ്ടി, കുടുംബക്കോടതിയിൽ കയറിയിറങ്ങി ചെരുപ്പുതേയുന്ന കേരളത്തിലെ നിരവധി വീട്ടമ്മമാരുടെ മുന്നിലെങ്കിലും മഞ്ജു സ്ത്രീശക്തിയുടെ റോൾ മോഡലാകില്ല. നിയമ നടപടികൾ അനന്തമായി നീളുന്നതുകൊണ്ടാവാണം ഇവരൊക്കെ ഒന്നും വാങ്ങാതെ തടിയെടുക്കുന്നതെന്ന് ആരെങ്കിലും ശങ്കിച്ചാൽ അതിൽ കുറ്റം പറയാനാവില്ല. ഒരു വളരുന്ന പെൺകുട്ടിക്ക് പിതാവിനേക്കാളും ആവശ്യം മാതാവാണെന്നത് കോടതിക്കെന്നല്ല, ഏത് പൊലീസുകാരനും അറിയാമെന്നിരിക്കെ, മകളെ അച്ഛനുവിട്ടുകൊടുത്ത് 'വിളിപ്പുറത്തേക്ക്' മാറി നിന്നതും ന്യായീകരിക്കാനാകുന്നതാണോ? അതെല്ലാം കുറെയൊക്കെ മഞ്ജുവിന്റെ വ്യക്തിപരമായകാര്യമെന്ന് പറഞ്ഞ് തടിതപ്പാം.
[BLURB#3-VR]പക്ഷേ സ്ത്രീ ശാക്തീകരണത്തിനുകൂടി ലക്ഷ്യമിട്ടുള്ള പദ്ധതികൾക്ക് അവർ ബ്രാൻഡ് അംബാസിഡർ ആകുന്നതാണ് പ്രശ്‌നം. ഒരു അഭിനേതാവിന്റെ വ്യക്തിജീവിതവും പൊതുജീവിതവും ചേർന്നതാണ് പൊതുസമൂഹത്തിലെ ബിംബ സ്വഭാവം. മമ്മൂട്ടിയെന്നു കേൾക്കുമ്പോഴും മോഹൻലാലെന്ന് കേൾക്കുമ്പോഴും രണ്ട് വ്യത്യസ്ത ഭാവങ്ങളാണല്ലോ നമ്മുടെ മനസ്സിൽ ഓടിയത്തെുക. അത് മഞ്ജുവിന്റെ കാര്യത്തിലും വർക്കൗട്ടാകില്ലേ. അങ്ങനെ നോക്കുമ്പോൾ, സർവംസഹയായി നിന്ന് ഒടുവിൽ ഭർത്താവിൽനിന്ന് നയാപ്പൈസേപാലും വാങ്ങാതെ കണ്ണീരുതുടച്ച് പടിയിറങ്ങിപ്പോവുന്ന മലയാളമങ്ക ആരുടെ പ്രതിനിധിയാണ്. മഞ്ജു മോഡൽ ശാക്തീകരണമെന്നത് കേരളത്തിലെ പുരുഷാധിപത്യത്തിന്റെ സ്വപ്‌നമാണെന്ന് ചുരുക്കം. (കൃഷിയെക്കുറിച്ച് ഒരു ചുക്കുമറിയാത്ത മഞ്ജുവിനെപിടിച്ച് ജൈവകൃഷിയുടെ ബ്രാൻഡ് അംബാസിഡറാക്കിയത് ശരിയായില്ലെന്ന് തുറന്നു പറയാനുള്ള ധൈര്യം കാട്ടിയത് നടൻ സലിംകുമാർ മാത്രമാണ്).
സത്യത്തിൽ, മഞ്ജുവിനെപ്പോലൊരു പെൺകുട്ടി നേരിട്ട അതേ പ്രശ്‌നമാണ് കടുത്ത പുരുഷാധിപത്യം നിലനിൽക്കുന്ന കേരളത്തിൽ ഒട്ടുമിക്ക സ്ത്രീകളും അനുഭവിക്കുന്നത്. വിവാഹാനന്തരം അഭിനയവുമില്ല, ഭരതനാട്യവുമില്ല, കുച്ചുപ്പുടിയുമില്ല. നീ എന്റെ കുട്ടികളെ പെറ്റുവളർത്തി നല്ല വീട്ടമ്മയായി ഇരുന്നാൽമതിയെന്ന മുരടൻ പുരുഷ മനസ്സിൽനിന്ന് നമ്മുടെ മധ്യവർഗം ഇനിയും മോചിതരായിട്ടില്ല. കർണാടകയും മഹാരാഷ്ട്രയും പോലും ഇക്കാര്യത്തിൽ കേരളത്തേക്കാൾ മുന്നിലാണ്. അവിടെയൊന്നും ഒരു സ്ത്രീയുടെ തൊഴിലെടുക്കാനുള്ള സ്വാതന്ത്ര്യം വിവാഹത്തോടെ അവസാനിക്കുന്നില്ല.
എന്നാൽ കേരളത്തിൽ മോഡലുകളും നടിമാരുമൊക്കെ പോട്ടെ, പത്രപ്രവർത്തകരും, ഡോക്ടർമാരുംവരെ ജോലിയെടുക്കാനുള്ള സ്വാതന്ത്ര്യത്തിനായി തങ്ങളുടെ വീട്ടകങ്ങളിൽ പോരാടിക്കൊണ്ടിരിക്കയാണ്. നീ കെട്ടിയൊരുങ്ങി സുന്ദരിയായി ഈ വീട്ടിനകത്ത് ഇരുന്നാൽമതിയെന്നും, ഞാൻ എനിക്കുതോന്നിയപോലെ ജീവിക്കുമെന്ന, തലമുറകളായി പൊതുജീവിത രക്തത്തിൽ അലിഞ്ഞുപോയ ഫ്യൂഡൽ ആൺകോയ്മയെ തകർക്കുന്നതിനുപകരം മഞ്ജു അതിനോട് സമരസപ്പെടുകയാണ്. ന്യൂ ജനറേഷൻ സിനിമകളിലെ ട്വിസ്റ്റ്‌പോലെ, ഒന്നാന്തരം സ്ത്രീ ശാക്തീകരണം!
വാൽക്കഷ്ണം: മലബാറിൽ പണ്ടൊരു, മുസ്ലിം സമുദായത്തിൽ ജനിച്ച ഒരു യുക്തിവാദി തന്റെ മകന് 'ഇബിലീസ്' എന്ന് പേരിട്ട് മതാധിപത്യത്തെ വെല്ലുവിളിച്ചതോർക്കുന്നു! അതുപോലെ കൊല്ലത്തൊരു ദലിത് നേതാവ് തന്റെ മകന് 'തമ്പുരാൻ' എന്ന് പേരിട്ടതുമോർക്കുന്നു. സമുദായങ്ങൾതമ്മിൽ പകരത്തിന് പകരമെന്നോണം പേരുകളിടാൻ തുടങ്ങിയാൽ എന്താവും അവസ്ഥ.