ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധി വധക്കേസിൽ 26 വർഷത്തോളം ജയിലിൽ കിടന്ന പേരറിവാളൻ അയാളുടെ അമ്മ ചൂണ്ടിക്കാണിക്കുന്നതുപോലെ ശരിക്കും നിരപരാധിയാണോ? സോളിഡ് എവിഡൻസ് ഒന്നുമില്ലാതെ 19 വയസ്സുമാത്രമുള്ള വിദ്യാർത്ഥിയെ സിബിഐ കസ്റ്റഡിയിലെടുത്ത് പ്രതിയാക്കുകയായിരുന്നെന്നാണ് ഇപ്പോൾ തമിഴകത്ത് ഉയരുന്ന പൊതുവികാരം. ഇതിന് ഉപോൽബലകമായി അവർ പറയുന്നത് മുൻ സിബിഐ ഉദ്യോഗസ്ഥൻ ത്യാഗരാജന്റെ മൊഴികളും സാഹചര്യതെളിവുകളുമാണ്.

അമ്മ അർപ്പുതമ്മാൾ അറിവ് എന്ന് വിളിക്കുന്ന പേരറിവാളൻ രാജീവ്ഗാന്ധി വധക്കേസിൽ പ്രതിയാണോ എന്നതിന് വ്യക്തമായ ഉത്തരം ഇപ്പോഴുമില്ല. സുപ്രീം കോടതിയിൽ നൽകിയിരിക്കുന്ന സത്യവാങ്മൂലത്തിൽ പേരറിവാളൻ നിരപരാധിയാണെന്നാണ് മൂൻ സിബിഐ അന്വേഷണ ഉദ്യോഗസ്ഥൻ ത്യാഗരാജൻ പറഞ്ഞിരിക്കുന്നത്.

രാജിവ് ഗാന്ധിയെ വധിച്ച ബോംബ് നിർമ്മിക്കാൻ ബാറ്ററികൾ എത്തിച്ചു നൽകിയിരുന്നു എന്നാണ് പേരറിവാളനെതിരെ ആരോപിക്കുന്ന കുറ്റം. എന്നാൽ ബാറ്ററികൾ എന്താവശ്യത്തിനായിരുന്നു എന്ന് പോലും പേരറിവാളന് അറിയില്ലായിരുന്നു എന്നായിരുന്നു ത്യാഗരാജന്റെ സത്യവാങ്മൂലം. പേരറിവാളൻ നിരപരാധിയാണെന്ന് സിബിഐക്ക് ബോധ്യപ്പെട്ടിരുന്നതാണ്. 1991ൽ എൽടിടിഇ നേതാവ് ശിവരശനും പൊട്ടുഅമ്മനും തമ്മിലുള്ള വയർലെസ് സന്ദേശം തനിക്ക് ലഭിച്ചിരുന്നു.

പേരറിവാളന് ഗൂഢാലോചനയിൽ പങ്കില്ലെന്നും ബാറ്ററി എന്തിനാണ് വാങ്ങിയതെന്ന് അറിയില്ലെന്നും ആ സംഭാഷണങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. അന്വേഷണത്തിന്റെ തുടക്കത്തിൽ പേരറിവാളന്റെ പങ്കിനെക്കുറിച്ച് സിബിഐക്ക് യാതൊരു ധാരണയുമില്ലായിരുന്നെന്നും ത്യാഗരാജൻ സത്യവാങ്മൂലത്തിൽ പറയുന്നു.ഇതേ ത്യാഗരാജന്റെ നേതൃത്വത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ തന്നെ തല്ലി ചതച്ചാണ് കുറ്റം സമ്മതിച്ചതെന്ന് പരോളിൽ പുറത്തിറങ്ങിയ പേരറിവാളൻ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.

സംഭവത്തെക്കുറിച്ച് പേരറിവാളൻ പറഞ്ഞത് ഇങ്ങനെയാണ്.'പത്തൊമ്പതാം വയസ്സിൽ അന്വേഷണ ഏജൻസികൾ എന്നെ ഭീകരമായി പീഡിപ്പിക്കുകയും മാധ്യമങ്ങൾ എന്നെ ബോംബ് നിർമ്മാണ സ്പെഷലിസ്റ്റായി ചിത്രീകരിക്കുകയും ചെയ്തു. എനിക്ക് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ഡിപ്ളോമയുണ്ടെന്നതായിരുന്നു അതിന് കാരണം. രണ്ട് സാധാരണ ഒമ്പതു വോൾട്ട് ബാറ്ററി സെല്ലുകൾ കടയിൽ നിന്ന് മേടിച്ചു എന്നതിന് വധശിക്ഷ നൽകിയാൽ, അതിന് യുവത്വത്തിന്റെ ഇരുപതുവർഷങ്ങൾ കവർന്നാൽ, ലോകത്തിന്റെ നീതിയെപ്പറ്റി സത്യമായും ഞാൻ സംശയിക്കുന്നു. പെരിയാറിന്റെ അനുയായിയായ ദ്രാവിഡ കഴകം പ്രവർത്തകനായ എന്നെ അവർ തല്ലിച്ചതച്ചാണ് കുറ്റവാളിയാക്കിയത്'

പേരറിവാളന്റെ അമ്മ അർപ്പുതമ്മാളിന്റെ ഒറ്റയാൾ പോരാട്ടമാണ് രാജീവ് ഗാന്ധി വധക്കേസിലെ പ്രതികൾക്കെല്ലാം പുറം ലോകം കാണാൻ വഴിയൊരുക്കിയത്. രാജീവ് ഗാന്ധിയുടെ കുടുംബം ക്ഷമിച്ചിട്ടും മോചനം അനുവദിക്കാത്ത കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് അർപ്പുതമ്മാൾ നടത്തിയിരുന്നത്. ചോദ്യം ചെയ്യാനെന്ന പേരിലാണ് തന്റെ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

പിന്നീട് തെളിയാത്ത പല കുറ്റങ്ങളും അവന്റെ പേരിൽ കെട്ടിവെച്ചു. മകന്റെ നഷ്ടമായ ജീവിതം ഇനി ഒരിക്കലും തിരിച്ചുവരില്ല. ബാക്കിയുള്ള കാലമെങ്കിലും കുടുംബത്തോടൊപ്പം കഴിയാൻ അനുവദിക്കണം. തങ്ങളുടെ ഭാഗത്താണ് ന്യായമെന്ന് സാധാരണ ജനങ്ങൾക്കുപോലും അറിയാം. എന്നാൽ അധികാരികൾ മാത്രം അംഗീകരിക്കാൻ തയ്യാറാകുന്നില്ല. നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അർപുതമ്മാൾ പറഞ്ഞിരുന്നു. വാർദ്ധക്യത്തിന്റെ നൊമ്പരങ്ങൾക്കിടയിലും ഈ അമ്മ നടത്തിയ പോരാട്ടമാണ് ഇന്ന് വിജയം കണ്ടത്.