തിരുവനന്തപുരം: മന്ത്രിമാർക്ക് വീണ്ടും മാർക്കിടാനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാർ ഉടൻ തന്നെ പ്രോഗ്രസ് റിപ്പോർട്ട് നൽകണമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും മന്ത്രിമാർക്ക് കിട്ടിയ നിർദ്ദേശം. മന്ത്രിമാരുടെയും സർക്കാരിന്റെയും പ്രവർത്തനങ്ങൾ വിലയിരുത്താനാണ് പുതിയ നീക്കം. എന്നാൽ ഗ്രേഡിങ്ങിന്റെ പേരിൽ ധനമന്ത്രി തോമസ് ഐസക്കിനെ പുറത്താക്കാനുള്ള ശ്രമമാണെന്നാണ് രഹസ്യ വിവരം. വരുന്ന പാർട്ടി കോൺഗ്രസിന് ശേഷം മന്ത്രിസഭ പുനഃസംഘടനയിലൂടെ മാറ്റങ്ങൾ വരുത്തി പ്രതിച്ഛായ നന്നാക്കാനുള്ള ശ്രമത്തിലാണ് പിണറായി സർക്കാർ.

ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ, തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർക്ക് മാർക്കിടൽ പ്രശ്നമാകില്ല. എന്നാൽ ജനതാദൾ പ്രതിനിധിയായ മാത്യു ടി തോമസിനെതിരെ പോലും പാർട്ടിക്കുള്ള വിരുദ്ധാഭിപ്രായമുണ്ട്. കൃഷ്ണൻകുട്ടി മന്ത്രിപദ മോഹിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ മാർക്കിടലിന് മാനങ്ങൾ ഏറെയാണ്. സിപിഐയുടെ മന്ത്രിമാരിൽ തിലോത്തമൻ, കെ രാജു എന്നിവരുടെ പ്രതികരണം അത്ര തൃപ്തികരമല്ല. ഇവരെ മാറ്റാൻ സിപിഐയിലെ ഒരു വിഭാഗം ചരട് വലികളുമായി രംഗത്തുണ്ട്. മാർക്കിടൽ അതുകൊണ്ട് തന്നെ സിപിഐയിലും ആഭ്യന്തര കലഹമുണ്ടാക്കും. പക്ഷേ സിപിഎം പറഞ്ഞാലും കാനം രാജേന്ദ്രൻ മന്ത്രിമാരെ മാറ്റാൻ തയ്യാറാകില്ലെന്നും സൂചനയുണ്ട്.

സിപിഎം മന്ത്രിമാരിൽ ധനമന്ത്രിയെ മാറ്റണമെന്ന് മുഖ്യമന്ത്രി ആഗ്രഹിക്കുന്നുണ്ട്. തോമസ് ഐസക്കിനെ ദേശീയ നേതാവാക്കി മാറ്റി കേരളത്തിൽ നിന്ന് മാറ്റാനാണ് നീക്കം. ധനമന്ത്രിയെന്ന നിലയിൽ ജി എസ് ടിയിലും മറ്റും തോമസ് ഐസക് എടുത്ത മോദി അനുകൂല നിലപാട് ദോഷം ചെയ്തുവെന്നതാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ഗ്രേഡിങിലൂടെ തോമസ് ഐസക്കിനെ മോശക്കാരനാക്കാനാണ് നീക്കം. മന്ത്രിമാരിൽ സുധാകരൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവരുടെ പ്രവർത്തനത്തിൽ പിണറായി പൂർണ്ണ തൃപ്തനാണ്. എംഎം മണി, ടിപി രാമകൃഷ്ണൻ, ഷൈലജ ടീച്ചർ, എസി മൊയ്ദീൻ എന്നിവരുടെ പ്രവർത്തനമാകും മുഖ്യമന്ത്രി പ്രധാനമായും വിലയിരുത്തുക. ഇതിൽ പലർക്കും സ്ഥാനം പോകാൻ സാധ്യതയുണ്ട്.

മന്ത്രിമാർക്കും വകുപ്പുകൾക്കും മാർക്കിടുന്നതിന് വിശദമായ പ്രവർത്തന റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. ഇതിനായുള്ള പ്രത്യേക ഫോം മുഖ്യമന്ത്രിയുടെ ഓഫീസ് മന്ത്രിമാർക്ക് നൽകി. ഏതെല്ലാം പദ്ധതികളാണ് നടപ്പാക്കുന്നത്, അവയുടെ പുരോഗതി എവിടെ വരെയായി ഇതാണ് മന്ത്രിമാർ പ്രധാനമായും ഉത്തരം നൽകേണ്ട ചോദ്യങ്ങൾ. ഫണ്ട് എത്ര വിനിയോഗിച്ചു എന്നതും വ്യക്തമാക്കണം. കൂടാതെ ഏതെങ്കിലും പദ്ധതികൾക്ക് തടസ്സം ഉണ്ടായിട്ടുണ്ടോ, എങ്കിൽ അതിന്റെ കാരണങ്ങൾ ഇവയും വ്യക്തമാക്കണം. ഇതിനായി പ്രത്യേക ഫോം തന്നെ മന്ത്രിമാർക്ക് നൽകിക്കഴിഞ്ഞു. നിരന്തരമായ പ്രവർത്തന വിലയിരുത്തൽ, മന്ത്രിമാരെ നേരിൽ കണ്ട് മുഖ്യമന്ത്രി നടത്തുന്ന അവലോകനം എന്നിവക്ക് പുറമെയാണ് പ്രവർത്തന പുരോഗതി റിപ്പോർട്ട് കൂടി നൽകേണ്ടത്.

വരും മാസങ്ങളിൽ ഉദ്ദേശിക്കുന്ന പദ്ധതികളുടെ വിശദാംശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തണം. ഇതിന്റെ കാലാവധിയും പ്രത്യേകം രേഖപ്പെടുത്തണം. സർക്കാരിന്റെ രണ്ടാം വർഷത്തിന്റെ ഭാഗമായാണ് പ്രവർത്തന റിപ്പോർട്ട് തയ്യാറാക്കുന്നത്. വകുപ്പുകൾകും മന്ത്രിമാർക്കും സ്വയം വിലയിരുത്താനുള്ള അവസരമാണിതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിലപാട്. പ്രകടനപത്രികയിൽ നൽകിയ എത്ര വാഗ്ദാനങ്ങൾ നിറവേറ്റി എന്നും ഇതോടെ വ്യക്തമാകും. ഏറെ പരാതികളുയർന്ന ആഭ്യന്തര വകുപ്പു മുതൽ പരിസ്ഥിതിയും ഐടിയും വരെ മുഖ്യമന്ത്രി കൈവശം വെച്ചിരിക്കുന്ന വകുപ്പുകളെ സംബന്ധിച്ച അവലോകനം എപ്രകാരമാണെന്ന് വ്യക്തമല്ല. ചില മന്ത്രിമാർ പെട്ടെന്ന് തന്നെ ചോദ്യാവലി പൂരിപ്പിച്ച് നൽകിയിട്ടുണ്ട്. ഇനിയും നൽകാനുള്ളവർ വകുപ്പ് സെക്രട്ടറിമാരുടെ സഹായത്തോടെ ഫോം പൂരിപ്പിക്കൽ തുടരുകയാണ്.