സായിബാബ യഥാർഥത്തിൽ ഹിന്ദുവാണോ മുസ്ലീമാണോ? ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ വിശ്വാസികൾക്ക് വലിയ അഭിപ്രായവ്യത്യാസമൊന്നും ഉണ്ടാകാനിടയില്ല. എന്നാൽ, അലഹബാദിലെ സന്യാസി സമൂഹത്തിൽ വലിയ തർക്കം നടന്നുകൊണ്ടിരിക്കുകയാണ്.

ദ്വാരകാപീഠത്തിലെ ശങ്കരാചാര്യർ സ്വാമി സ്വരൂപാനന്ദിന്റെ അഭിപ്രായത്തിൽ സായി ബാബ മുസ്ലീമാണ്. എന്നാൽ, ജ്യോതിഷ്പീഠത്തിലെ ശങ്കരാചാര്യർ വസുദേവാനന്ദ് സരസ്വതി ബാബ ഹിന്ദുവാണെന്ന വിശ്വാസത്തിൽ അടിയുറച്ചുനിൽക്കുന്നു. സായി ബാബ മുസ്ലീമാണെന്നും ക്ഷേത്രങ്ങളിൽനിന്ന് അദ്ദേഹത്തിന്റെ രൂപങ്ങൾ എടുത്തുമാറ്റണമെന്നുമാണ് സ്വാമി സ്വരൂപാനന്ദ് ആവശ്യപ്പെട്ടത്.

എന്നാൽ, താൻ ഇതിനെ അപ്പാടെ എതിർക്കുന്നതായി വസുദേവാനന്ദ സരസ്വതി പറഞ്ഞു. മാത്രമല്ല, അത്തരത്തിലുള്ള ശ്രമമുണ്ടായാൽ തന്റെ അനുയായികൾ എന്തുവില കൊടുത്തും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂഡൽഹിയിലെ കൊണാട്ട് പ്ലേസിലുള്ള അമ്പലത്തിൽനിന്ന് സായി ബാബയുടെ വിഗ്രഹം നാളെ നീക്കം ചെയ്യാനൊരുങ്ങുകയാണ് സ്വരൂപാനന്ദയും ശിഷ്യന്മാരും.

ശങ്കരാചാര്യന്മാരുടെ തർക്കം അലഹബാദിലെ ത്രിവേണി സംഗമത്തിൽ നടക്കുന്ന മാഘമേളയിലും ചർച്ചാ വിഷയമായിട്ടുണ്ട്. സായി ബാബ മുസ്ലീമാണെന്നും മാംസഭുക്കാണെന്നുമാണ് സ്വരൂപാനന്ദയുടെ വാദം. എന്നാൽ, രാജസ്ഥാനിലെ പുഷ്‌കർണ ബ്രാഹ്മണ കുടുംബത്തിലാണ് ബാബ ജനിച്ചതെന്ന് വസുദേവാനന്ദ പറയുന്നു. ബാബയുടെ അച്ഛന്റെ പേര് ഹരിറാം എന്നാണെന്നും അമ്മയുടെ പേര് അംബയെന്നാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഏതാനും മാസമായി സായി ബാബയ്‌ക്കെതിരായ പ്രചാരണത്തിലാണ് സ്വരൂപാനന്ദ. കഴിഞ്ഞയാഴ്ച ത്രിവേണി സംഗമത്തിൽ സന്യാസിമാരുടെ യോഗം വിളിച്ചുകൂട്ടിയ അദ്ദേഹം, സായിബാബയ്‌ക്കെതിരെ പ്രമേയവും അവതരിപ്പിച്ചു. സായിബാബ ദൈവമോ സന്യാസിയോ അല്ല. ഹിന്ദുക്കൾ ബാബയെ പൂജിക്കുന്നത് അവസാനിപ്പിക്കണം. ക്ഷേത്രങ്ങളിൽനിന്ന് ബാബയുടെ വിഹ്രഹങ്ങൾ നീക്കം ചെയ്യണം-സ്വരൂപാനന്ദ ആവശ്യപ്പെട്ടു.